കോട്ടയം: ശരീരസൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ജിമ്മുകള്‍ കേന്ദ്രീകരിച്ച് ഉത്തേജകമരുന്നുകള്‍ നല്‍കിവരുന്നെങ്കിലും പരിശോധനകള്‍ ഇല്ല. ഡോക്ടറുടെ കുറിപ്പടി പ്രകാരം കഴിക്കേണ്ടതും അംഗീകൃത ഫാര്‍മസികള്‍ക്കു മാത്രം വില്‍ക്കാന്‍ അധികാരവുമുള്ള മരുന്നുകളാണു മസില്‍ പെരുപ്പിക്കാനും മറ്റും ഉപയോഗിക്കുന്നത്.
ഇഞ്ചക്ഷന്‍ രൂപത്തിലുള്ളതാണു കൂടുതല്‍ മരുന്നുകളും. മസില്‍ വലുപ്പവും ബലവും കൂട്ടാന്‍ ജിമ്മുകളില്‍ അനബോളിക് സ്റ്റിറോയ്ഡ് മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതായി പലപ്പോഴായി കണ്ടെത്തിയിട്ടും കാര്യമായ നടപടികള്‍ ഉണ്ടാകുന്നില്ല.
ഭാവിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിയൊരുക്കുമെന്ന് അറിയാതെയാണു താത്കാലിക നേട്ടത്തിനായി ഇത് ഉപയോഗിക്കുന്നത്. ചിലര്‍ ലഹരിക്കായി ഇവ ഉപയോഗിച്ചു വരുന്നുണ്ട്.
ഇത്തരം മരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും വിതരണം ചെയ്യുന്നതുമായ ജിമ്മുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മാസങ്ങള്‍ക്കു മുന്‍പു സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ പരിശോധകളില്‍ ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുത്തിട്ടും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കാര്യമായ തുടര്‍ പരിശോധനകള്‍ ഉണ്ടായിട്ടില്ല. 'ഓപറേഷന്‍ ശരീര സൗന്ദര്യ' എന്ന പേരിലായിരുന്നു അന്നു പരിശോധന നടത്തിയത്.
ഓണ്‍ലൈന്‍ ഫാര്‍മസികളിലൂടെയാണ് മരുന്നുകള്‍ വാങ്ങുന്നത് എന്നത് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് നടപടിയെടുക്കുന്നതിന് തടസ്സമാകുകയാണു ലഭിക്കുന്ന വിവരം.
പേശികളുടെ വലുപ്പം കൂട്ടാന്‍ സഹായിക്കുന്ന മരുന്നുകളാണ് അനബോളിക് സ്റ്റിറോയിഡുകള്‍. പുരുഷ ലൈംഗിക ഹോര്‍മോണ്‍ ടെസ്റ്റോസ്റ്റിറോണിനെ അനുകരിക്കുന്ന സിന്തറ്റിക് ഹോര്‍മോണുകളാണ് ഇവ.
പേശികള്‍ വലുതാക്കി ശരീരസൗന്ദര്യം കൂട്ടാന്‍ ചെറുപ്പക്കാരാണ് ഇതിനോട് ആകൃഷ്ടരാകുന്നത്. എന്നാല്‍, പേശികള്‍ വലുതാക്കാന്‍ എളുപ്പവഴി തേടുന്നവര്‍ അതുണ്ടാക്കുന്ന ഭവിഷ്യത്തിനെക്കുറിച്ച് ആലോചിക്കാറില്ല. ഇതിന്റെ ദീര്‍ഘകാല ഉപയോഗം പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കും.
പേശികള്‍ക്കും അസ്ഥികള്‍ക്കും കാലക്രമേണ ബലക്ഷയം വന്നുചേരും. ഹോര്‍മോണല്‍ തകരാറുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നിവയ്ക്ക് വഴിവെക്കും. ഹൃദയം, കരള്‍ തുടങ്ങിയ അവയവങ്ങളെ തകരാറിലാക്കും.
അനബോളിക് സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നവരില്‍ ഉത്കണ്ഠപോലുള്ള മാനസികപ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്.