കോട്ടയം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണക്ഷാമം ചൂണ്ടിക്കാട്ടിയുള്ള യൂറോളജി വിഭാഗം തലവന്‍ ഡോ. ഹാരിസ് ഹസന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇന്നു കേരളം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളില്‍ ഒന്ന്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാത്രമല്ല സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജിലും ഇതേ സാഹചര്യം തന്നെയാണു നിലനില്‍ക്കുന്നത്.
ആരോഗ്യമേഖലയുടെ നട്ടെല്ലായ മെഡിക്കല്‍ കോളജിലെ പ്രതിസന്ധി സാധാരണക്കാരൊയ രോഗികളെയാണു ബാധിക്കുന്നത്. മധ്യ കേരളത്തിലെ പ്രധാനപ്പെട്ട മെഡിക്കല്‍ കോളജുകളില്‍ ഒന്നാണു കോട്ടയത്തേത്.
പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നടക്കം ആയിരക്കണക്കിന് ആളുകളാണു ചികിത്സ തേടി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തുന്നത്.
എന്നാല്‍, കോട്ടയം മെഡിക്കല്‍ കോളജില്‍ കേടായ ഉപകരണങ്ങള്‍ കൃത്യ സമയത്തു മാറിവെക്കുന്നില്ലെന്ന ആരോപണമാണ് ഉയരുന്നത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപ്രതി നേത്ര വിഭാഗത്തിലെ ലേസര്‍ മെഷീന്‍ തകരാറിലായി കിടന്നത് ഒരു വര്‍ഷത്തോളാണ്.
രോഗികള്‍ ചികിത്സ കിട്ടാതെ പ്രതിസന്ധിയിലായിട്ടും നടപടി എടുത്തിരുന്നില്ല. ഇവിടത്തെ ഒ.സി.ടി മെഷീന്റെ പ്രവര്‍ത്തനവും കാര്യക്ഷമമല്ലെന്നും ആരോപണം ഉണ്ട്. റെറ്റിനയിലെ ഞരമ്പിന്റെ ആരോഗ്യം നിര്‍ണയിക്കുന്നതു ഒസിടി മെഷീന്‍ വഴിയാണ്.
നേത്രസംബന്ധമായ രോഗം ബാധിച്ചവര്‍ക്കു ലേസര്‍ ചികിത്സയിലുടെ പരിഹാരം കണ്ടെത്താം. രോഗത്തിനനുസരിച്ചു വ്യത്യസ്ത തരത്തിലുള്ള ലേസര്‍ ചികിത്സകളുണ്ട്.
കണ്ണിലെ പ്രഷര്‍, ഡയബറ്റിക് റെറ്റിനോപ്പതി തുടങ്ങിയ വിവിധങ്ങളായ നേത്ര രോഗങ്ങള്‍ക്കു ലേസര്‍ ചികിത്സ ആവശ്യമാണ്. എന്നാല്‍, മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലേസര്‍ മെഷീന്‍ പ്രവര്‍ത്തനരഹിതമായത് ഒരു വര്‍ഷത്തോളമാണ്.
വാര്‍ത്തകളും ജനങ്ങളുടെ പ്രതിഷേധവും ശക്തമായതോടെയാണ് അധികൃതര്‍ ചെറുവിരലെങ്കിലും അനക്കിയത്. കഴിഞ്ഞ ഒരു വര്‍ഷക്കാലം സ്വകാര്യ കണ്ണാശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു രോഗികള്‍.
സ്വകാര്യ കണ്ണാശുപത്രിയില്‍ ഒരു തവണ ലേസര്‍ ചെയ്യണമെങ്കില്‍ 3000 മുതല്‍ 4000 രൂപ വരെ നല്‍കണം. മറ്റു ഡിപ്പാര്‍ട്ടുമെന്റുകളിലേയും അവസ്ഥയും വ്യത്യസ്ഥമല്ല.
മതിയായ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ന്യൂറോ വിഭാഗത്തില്‍ ഉള്‍പ്പെടെ ശസ്ത്രക്രിയ മുടങ്ങുകയാണെന്നും പരാതിയുണ്ട്. ന്യൂറോ, കാര്‍ഡിയോളജി, മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ മതിയായ ഡോക്ടര്‍മാര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ഇല്ല.
ശസ്ത്രക്രിയകള്‍ക്കു കാലതാമസം വരുന്ന അവസ്ഥയും ഇവിടെയുണ്ട്. കിടത്തി ചികിത്സയ്ക്ക് ആവശ്യമായ കിടക്കകള്‍ പോലും ഇവിടെ പലപ്പോഴായും ഉണ്ടാകാറില്ല.
അതോടൊപ്പം തന്നെ മരുന്നുകളുടെ ക്ഷാമം മൂലം പലപ്പോഴും രോഗികളില്‍ പലരും പുറത്തു നിന്നാണു മരുന്നുകള്‍ അമിതമായ വിലകൊടുത്തു വാങ്ങുന്നത്.
പരിമിതികള്‍ ഏറെയാണു കോട്ടയം മെഡിക്കല്‍ കോളജിനുള്ളത്. ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തല്‍ ഗൗരവമായി എടുക്കുമെന്നാണ് ആരോഗ്യവകുപ്പ് പറഞ്ഞിട്ടുള്ളത്.
എന്നാല്‍, എന്തെങ്കിലും തട്ടിക്കൂട്ടു നടപടികള്‍ മാത്രം സ്വീകരിക്കാതെ ആരോഗ്യ മേഖലയുടെ പുരോഗതിക്ക് ഉതകുന്ന നടപടി വേണമെന്നാണു രോഗികളുടെ ആവശ്യം.