പുത്തൻ കടുപ്പിൽ ഇട്ടിരാച്ചന് കാഞ്ഞിരപള്ളിയുടെ കണ്ണീർ പൂക്കൾ

സമ്പത്ത് ദൈവത്തിന്റെ ദാനമാണെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം വിട പറയും മുൻപേ വളരെ സുകൃതങ്ങൾ ചെയ്ത ഒരു വ്യക്തിത്വമായിരുന്നു.

author-image
രാജു കുന്നക്കാട്ട്
Updated On
New Update
images(674)

കേട്ടയം: മൂന്ന് പതിറ്റാണ്ട് മുൻപ് വരെ കാഞ്ഞിരപള്ളിയിലെ ബിസിനസ്സ് ലോകത്തെ സാമ്രാട്ട് ആയിരുന്ന പുത്തൻകടുപ്പിൽ ഇട്ടിയവിര കോര (ഇട്ടിരാച്ചൻ-65) അമേരിക്കയിൽ ഓർമ്മയായി.

Advertisment

അബീസ് വീഡിയോസ് ഉടമയായിരുന്ന അദ്ദേഹം പിന്നീട് കോട്ടയത്തേക്ക് മാറിയപ്പോഴും റിയൽ എസ്റ്റേറ്റ്, കേബിൾ റ്റി വി നെറ്റ് വർക്ക്‌ ഏജൻസി തുടങ്ങിയവയും നടത്തിയിരുന്നു.


സമ്പത്ത് ദൈവത്തിന്റെ ദാനമാണെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം വിട പറയും മുൻപേ വളരെ സുകൃതങ്ങൾ ചെയ്ത ഒരു വ്യക്തിത്വമായിരുന്നു.


സ്നേഹത്തിലും കാരുണ്യത്തിലും കെട്ടിപ്പടുത്ത തന്റെ മഹാ സാമ്രാജ്യത്തിന് ഇടക്ക് തകർച്ചകൾ ഉണ്ടായപ്പോഴും, ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിൽ നല്ലൊരു ദൈവ വിശ്വാസിയായിരുന്നു അദ്ദേഹം.

2001ൽ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം തുടർന്ന് കുടുംബത്തെയും കൊണ്ടുപോയി. അമേരിക്കൻ മലയാളികളുടെ ഇടയിലും, സ്വദേശികളുടെ ഇടയിലും ഏറെ പ്രശസ്തമായ 'കേരള കിച്ചൻ' എന്ന സ്ഥാപനം കാൽ നൂറ്റാണ്ടായി അദ്ദേഹം നടത്തി വരികയായിരുന്നു.


കേരളത്തിൽ നിന്നും സന്ദർശനത്തിന് പോകുന്നവരും കേരള കിച്ചന്റെ  തനതു രുചി അറിഞ്ഞവരാണ്.


മുൻ ധനകാര്യമന്ത്രിയായിരുന്ന മാണിസാർ ചികിത്സാർദ്ധം അമേരിക്കയിൽ ആയിരുന്നപ്പോളും, മാണിസാറിന് ഏറ്റവും ഇഷ്ടപ്പെട്ട  വിഭവങ്ങൾ പ്രത്യേകം തയ്യാറാക്കി അദ്ദേഹം ആശുപത്രിയിൽ എത്തിച്ചിരുന്നു.

മൂവാറ്റുപുഴ നിർമ്മല കോളേജിലെ പഠന സമയത്ത് ബോർഡിങ്ങിൽ ഉണ്ടായിരുന്ന ഇപ്പോൾ അയർലണ്ടിൽ താമസിക്കുന്ന റ്റോം കോട്ടയത്തിനും അദ്ദേഹത്തെക്കുറിച്ച് പറയാൻ വാക്കുകൾ ഏറെ. 


ഇട്ടിരാച്ചന്റെ മരണവാർത്ത ഏറെ വേദനയോടെ  താരാ തോമസ് എന്നെ അറിയിച്ചപ്പോൾ,എന്റെ ഫേസ്ബുക് പോസ്റ്റിൽ മരണവാർത്ത പങ്കുവച്ചത് വിശ്വസിക്കാനാവാതെ നിറമിഴികളോടെയാണ് അദ്ദേഹം എന്നെ വിളിച്ചത്. 


കോളേജ് പഠനത്തിനു ശേഷവും മൂന്നാറിലേക്കുമൊക്കെ നിരവധി യാത്രകൾ നടത്തിയ കഥകൾ റ്റോം ചേട്ടൻ പറഞ്ഞു.

1987 ഏപ്രിലിൽ ഞങ്ങളുടെയൊക്കെ പ്രിയ നേതാവ് പുല്ലാട്ട് വലിയവീട്ടിൽ വി റ്റി തോമസിന്റെ മകൾ ജെസ്സിയുമായുള്ള ഇട്ടി രാച്ചന്റെ വിവാഹം മുതലാണ് എനിക്ക് അദ്ദേഹത്തെ കൂടുതൽ അറിയാൻ സാധിച്ചത്. 


ആർക്കും ഏത് കാര്യവും ചെയ്ത് കൊടുക്കുന്നതിന് അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. ആവശ്യക്കാർക്ക് സാമ്പത്തിക സഹായവും ചെയ്തിരുന്നു. കറ പുരളാത്ത ഒരു ഹൃദയത്തിനുടമയായിരുന്നു അദ്ദേഹം.നേതാവിനും അദ്ദേഹം വലിയ സഹായി ആയിരുന്നു. 


എന്റെ വിവാഹദിവസം അദ്ദേഹത്തിന്റെ വെള്ള മാരുതികാർ പൂക്കളാൽ അലങ്കരിച്ച്‌  കൊണ്ടുവന്ന് എന്നെ പള്ളിയിലേക്ക്  ഡ്രൈവ് ചെയ്തതും അദ്ദേഹമായിരുന്നു.

അമേരിക്കൻ വിസയുടെ ചില നൂലാമാലകളിൽ കുടുങ്ങി നാട്ടിലേക്കുള്ള യാത്ര പലപ്പോഴും മുടങ്ങിയപ്പോഴും അതിലൊന്നും പരിഭവിക്കാതെ വീണ്ടും അപേക്ഷകൾ സമർച്ചിച്ച് അമേരിക്കൻ ഗ്രീൻ കാർഡ് ലഭിച്ച് ഡിസംബറിൽ നാട്ടിൽ വരാൻ ടിക്കറ്റ് ബുക്ക് ചെയ്യും മുൻപേ സ്വർഗ്ഗനാട്ടിലേക്കുള്ള വിസയാണ് അദ്ദേഹത്തെ തേടിയെത്തിയത്. 


എങ്കിലും അദ്ദേഹത്തിന്റെ  ആഗ്രഹപ്രകാരം ഭാര്യയും മക്കളും അദ്ദേഹത്തിന്റെ ജന്മസ്ഥലത്തുതന്നെ അദ്ദേഹത്തെ അടക്കം ചെയ്യുവാൻ തീരുമാനിച്ചതും വളരെ ഉചിതമായി.


അദ്ദേഹത്തിന്റെ വേർപാടിൽ കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി എം പി, ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്‌ എം എൽ എ, അഡ്വ. സെബാസ്റ്റ്യൻ കുള ത്തുങ്കൽ എം എൽ എ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

വിശുദ്ധ പൗലോസ് സ്ലീഹാ  യുടെ വാക്കുകൾ പോലെ കണ്ണുകൾ കാണാത്ത തും, കാതുകൾ  കേൾക്കാത്തതും മനുഷ്യഹൃദയം ആസ്വദിച്ചിട്ടില്ലാത്തതുമായ നീതിയുടെ രാജ്യത്തിലേക്ക്  ദൈവം അദ്ദേഹത്തെ പ്രവേശിക്കുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം.

അദ്ദേഹത്തിന്റെ വേർപാടിൽ ദുഖിതരായ ഭാര്യ ജെസ്സിയുടെയും മക്കളായ അമ്മു, അന്ന, അമല, മരുമകൻ നിധിൻ എന്നിവരുടേയും, പുല്ലാട്ടു വലിയവീട്ടിൽ കുടുംബാംഗങ്ങളുടെയും പുത്തൻ കടുപ്പിൽ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്ക് ചേർന്ന് പ്രിയപ്പെട്ട ഇട്ടിരച്ചന് യാത്രാമൊഴിയേകുന്നു.

 

Advertisment