കോട്ടയം: ഇങ്ങനെ പോയാല്‍ വെളിച്ചെണ്ണ അധികം വേണ്ട വിഭവങ്ങള്‍ ഒഴിവാക്കേണ്ടി വരും.
സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിലെ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ 30 മുതല്‍ 50 രൂപയുടെ വര്‍ധനാവണ് ഉണ്ടായിരിക്കുന്നത്.
400 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് ഇപ്പോള്‍ 430 മുതല്‍ 450 രൂപവരെയാണ് വില. ചില മില്ലുകളില്‍ 470 രൂപ വരെ വെളിച്ചെണ്ണയ്ക്കു ഈടാക്കുന്നുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ഓണത്തിന് മുന്‍പു തന്നെ വില 500 രൂപയ്ക്കു മുകളില്‍ എത്തിയേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഓണത്തിന് 600 രൂപയില്‍ വില എത്തിയാലും അത്ഭുതപ്പെടാനില്ലെന്നും വ്യാപാരികള്‍ പറയുന്നു. അതേ സമയമം വിപണിയില്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കാന്‍ ചില ലോബികളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്.
കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നാളികേര ഉല്‍പ്പാദനത്തില്‍ ഉണ്ടായ കുറവും തേങ്ങ മറ്റു അംസ്‌കൃത വസ്തുക്കള്‍ ഉണ്ടാക്കാനായുമായി കൊണ്ടുപോകാനും തുടങ്ങിയതോടെയാണ് വിലയില്‍ വര്‍ധന ഉണ്ടായത്.
മൊത്ത വിപണിയിലും ഓരോ ദിവസം കഴിയുന്തോറും തേങ്ങാ വില കൂടുകയാണ്. കിലോയ്ക്ക് 71 മുതല്‍ 80 വരെയാണ് നാളികേരത്തിന്റെ മൊത്തവില.
ചില്ലറ വില്‍പന ഇതിലും കൂടുതലാണ്. എന്നാല്‍, വില കൂട്ടാനായി കൃത്രിമ ക്ഷാമം തമിഴ്‌നാട് ലോബികള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് ആരോപണം.
ഇതോടൊപ്പം കൊപ്രാ പിണ്ണാക്കില്‍ നിന്നും വ്യാവസായിക ആവശ്യത്തിന് ഉല്‍പ്പാദിപ്പിക്കുന്ന എണ്ണ നല്ല വെളിച്ചെണ്ണയില്‍ കലര്‍ത്തില്‍ വില്‍ക്കുന്നു എന്ന ആരോപണവും ഉണ്ട്.
എന്നാല്‍, വിപണിയില്‍ എല്ലാ മാസവും പരിശോധന നടക്കുന്നുണ്ടെന്നും ഇത്തരത്തില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നത്.