കോട്ടയം: സോളാര്‍ ഉപഭോക്താക്കളെ സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടുന്ന കെ.എസ്.ഇ.ബിയുടെ പുതിയ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
പുരപ്പുറ സോളാര്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ കേരളം ഒന്നാമതാണ്. എന്നാല്‍, കെ.എസ്.ഇ.ബിയുടെ പുത്തന്‍ പരിഷ്‌കാരങ്ങള്‍ കാരണം സോളാറിന് അപേക്ഷ നല്‍കിയവര്‍ പോലും അപേക്ഷ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ്.
മൂന്ന് കിലോവാട്ടില്‍ കൂടുതല്‍ പുരപുറ സോളാറുള്ളവര്‍ക്ക് നെറ്റ് മീറ്റര്‍ വയ്ക്കാനാവില്ല. പകരം ഗ്രോസ് മീറ്ററിംഗ് രീതിയിലേക്ക് മാറും.
കൂടുതല്‍ സോളാര്‍ ഉത്പാദിപ്പിക്കുന്നവര്‍ക്ക് ബാറ്ററി സ്റ്റോറേജ് വേണം. ഇതിനു കൂടുതല്‍ പണച്ചെലവും ഉണ്ട്. എന്നാല്‍, ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കാന്‍ കെ.എസ്.ഇ.ബി തയാറല്ല.
ഇതോടെ പ്രത്യക്ഷ സമര പരിപാടികള്‍ക്കു തയാറെടുക്കുകയാണ് സോളാര്‍ ഉപഭോക്താക്കള്‍. ജൂലൈ മൂന്നിന് തിരുവനന്തപുരത്താണ് പ്രതിഷേധം സംഘടിപ്പിക്കുക.
ഇതിനിടെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന്റെ (കെ.എസ്.ഇ.ആര്‍.സി) കരട് പുനരുപയോഗ ഊര്‍ജ റെഗുലേഷന്‍-2025ന്റെ തെളിവെടുപ്പ് ഓണ്‍ലൈനാക്കിയതോടെ അപേക്ഷകരില്‍ കുറവുണ്ടായെന്നും ആക്ഷേപം ഉണ്ട്.
ആധാര്‍ ഉള്‍പ്പെടെ രേഖകള്‍ സൈറ്റില്‍ അപ് ലോഡ് ചെയ്തുള്ള നടപടി ക്രമമാണ് പലര്‍ക്കും കീറാമുട്ടിയായത്.
ഉപഭോക്താക്കളുടെ സത്യസന്ധമായ അഭിപ്രായങ്ങള്‍ കേള്‍ക്കണമെന്ന ആഗ്രഹം കമീഷന് ഇല്ലെന്നതിന്റെ തെളിവാണ് ഓണ്‍ലൈനില്‍ മാത്രമായി പൊതുതെളിവെടുപ്പ് നടത്തുന്നതെന്ന് സോളാര്‍ ഉപഭോക്താക്കളുടെ കൂട്ടായ്മയായ കേരള ഡൊമെസ്റ്റിക് സോളാര്‍ പ്രോസ്യൂമേഴ്‌സ് കമ്യൂണിറ്റി ആരോപിക്കുന്നു.
ജൂലൈ നാലിന് അവസാനി ക്കുന്ന രജിസ്‌ട്രേഷനില്‍ കാര്യമായി പങ്കാളിത്തമില്ലെന്നാണറിയുന്നത്. നേരിട്ടും ഓണ്‍ലൈന്‍ മുഖേനയും മേഖലകള്‍ തിരിച്ച് നടത്താറുള്ള തെളിവെടുപ്പ് പലപ്പോഴും ഉപഭോക്താക്കളുടെ പ്രതിഷേധം കാരണം തടസം നേരിട്ടിരുന്നു.
ഈ പ്രതിഷേധം മറികടക്കാനാണ് തെളിവെടുപ്പ് റെഗുലേറ്ററി കമീഷന്‍ ഓണ്‍ലൈ നാക്കിയത്. അതേസമയം, കരട് രേഖക്കെ തിരെ പുരപ്പുറ സോളാര്‍ ഉപയോക്താക്കളുടെ കൂട്ടായ്മകളുടെ പ്രതിഷേധം ശക്തമായിരിക്കെ, 500 പേരുടെ ഓണ്‍ലൈന്‍ തെളിവെടുപ്പ് അത്ര എളുപ്പമാകില്ല.
ജൂലൈ എട്ടു മുതല്‍ 11 വരെ മൂന്നു സെഷനുകള്‍ വീതം, 12 സെഷനായാണ് പൊതുതെളി വെടുപ്പ്. ആധാര്‍ കാര്‍ഡിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അപ്ലോഡ് ചെയ്താലേ ഹിയറിങ്ങിലേക്കുള്ള അനുമതി ലഭിക്കൂ.
അത് ഒരു എം.ബി സൈസില്‍ കവിയാന്‍ പാടില്ല. രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തെ/സംഘടനയെ പ്രതിനിധാനം ചെയ്യുകയാണെങ്കില്‍ അനുമതിപത്രത്തിന്റെ പകര്‍പ്പ് വേണമെന്നും നിര്‍ദേശം ഉണ്ട്. https://kserc.sbs/re2025/വഴിയാണ് തെളിവെടുപ്പില്‍ പങ്കെടുക്കേണ്ടത്.