കോട്ടയം: സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ വിവാദ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ചോര്‍ന്നതു ഡി.സിയില്‍ നിന്നാണെന്നു പോലീസ് കണ്ടെത്തുമ്പോഴും ഈ കഥാഭാഗങ്ങള്‍ എങ്ങനെ ഡി.സിയിലെത്തി എന്നതില്‍ ഇപ്പോഴും സംശയങ്ങള്‍ ബാക്കി.
കോട്ടയം സി.ജെ.എം കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഡിസി ബുക്‌സ് മുന്‍ പബ്ലിക്കേഷന്‍ മേധാവി എ.വി ശ്രീകുമാര്‍ മാത്രമാണു പ്രതി.
വ്യാജ രേഖ ചമയ്ക്കല്‍, ഐടി ആക്ട് അടക്കമുള്ളവ ചുമത്തിയാണു കുറ്റപത്രം. കോട്ടയം ഈസ്റ്റ് പോലീസാണു കേസ് അന്വേഷിച്ചത്.
തന്റെ ആത്മകഥ എന്ന പേരില്‍ പുറത്തുവന്ന പുസ്തകത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇ.പി ജയരാജന്റെ പരാതി.
'കട്ടന്‍ചായയും പരിപ്പുവടയും' എന്ന പേരില്‍ പേരില്‍ ഡിസി ബുക്സ് ഇ.പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ പുറത്തുവിട്ട കവര്‍ ചിത്രവും പേജുകളുമാണു വിവാദങ്ങള്‍ക്കു തുടക്കമിട്ടത്.
വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു രാഷ്ട്രീയ ബോംബായി ഇ.പി ജയരാജന്റെ ആത്മകഥാ ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
പിഡിഎഫ് ചോര്‍ന്നത് ഡി.സി ബുക്‌സില്‍ നിന്നാണെന്നു തിരിച്ചറിഞ്ഞതിനു പിന്നാലെയാണു പബ്ലിക്കേഷന്‍ മേധാവിയ്ക്ക് എതിരെ നടപടി എടുത്തത്.
എന്നാല്‍, പുസ്തകത്തിന്റെ ഭാഗങ്ങള്‍ എങ്ങനെ ഡി.സിയിലെത്തി എന്നതില്‍ ഇപ്പോഴും സംശയങ്ങള്‍ ബാക്കിയാണ്.
അറസ്റ്റു ചെയ്തപ്പോള്‍ ഏല്‍പ്പിച്ച ജോലി ഉത്തരവാദിത്വത്തോടെ ചെയ്യുക മാത്രമാണു താന്‍ ചെയ്തതെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ ബലിയാടാക്കുകയായിരുന്നുവെന്നുമാണു ശ്രീകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.