കോട്ടയം: സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു രാഷ്ട്രീയ ബോംബായാണു പ്രത്യക്ഷപ്പെട്ടത്.
ആത്മകഥാ ഭാഗം എന്ന പേരില്‍ വിവാദ വിഷയം ചോര്‍ത്തി നല്‍കിയത് ഏതു സാഹചര്യത്തില്‍, ഇതിനു പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടോ തുടങ്ങിയവ പോലീസ് അന്വേഷിച്ചെങ്കിലും ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, പാലക്കാട്ടെ ഇടതു സ്ഥാനാര്‍ഥി പി. സരിന്‍ തുടങ്ങിയവരെ വിമര്‍ശിക്കുന്നതായുള്ള ഭാഗം എന്ന നിലയിലാണു ചില ഭാഗങ്ങള്‍ തെരഞ്ഞെടുപ്പു ദിവസം പുറത്തുവിട്ടത്. ആത്മകഥ സി.പി.എമ്മില്‍ പ്രതിസന്ധി സൃഷ്ടിച്ചു.
ഇ.പിയുടെ വിവാദ പുസ്തക വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റും വിളിച്ചു ചേര്‍ത്തിരുന്നു. ആത്മകഥയില്‍ പുറത്തുവന്ന ഭാഗങ്ങള്‍ ഇ.പി. കൈയൊഴിഞ്ഞെങ്കിലും സി.പി.എം. നേതൃത്വം ഈ വിഷയത്തെ വളരെ ഗൗരവമായാണു വിലയിരുത്തിയത്.
തുടക്കത്തില്‍ കേസുമായി മുന്നോട്ടു പോകന്‍ ഇ.പി ജയരാജനോ സി.പി.എം. നേതൃത്വമോ വലിയ താല്‍പര്യം കാണിച്ചിരുന്നില്ല.
പിന്നീട് ഇ.പി ജയരാജന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പുസ്തകത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇ.പി ജയരാജന്റെ പരാതി.
പിന്നാലെ കേസില്‍ ഡി.സി ബുക്‌സ് ഉടമ രവി ഡി.സി, പബ്ലിക്കേഷന്‍ മേധാവി എ.വി ശ്രീകുമാര്‍ അടക്കമുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പിന്നാലെ ശ്രീകുമാറിനെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
അറസ്റ്റു ചെയ്തപ്പോള്‍ ഏല്‍പ്പിച്ച ജോലി ഉത്തരവാദിത്വത്തോടെ ചെയ്യുക മാത്രമാണു താന്‍ ചെയ്തതെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ ബലിയാടാക്കുകയായിരുന്നുവെന്നുമാണു ശ്രീകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
കോടതി ജാമ്യവും നല്‍കിയിരുന്നു. എന്നാല്‍, അന്വേഷണത്തില്‍ ഗൂഡാലോചന മാത്രം തെളിഞ്ഞില്ല. കേസില്‍ കോട്ടയം സി.ജെ.എം കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
കുറ്റപത്രത്തില്‍ ശ്രീകുമാര്‍ മാത്രമാണു പ്രതി. വ്യാജ രേഖ ചമയ്ക്കല്‍, ഐടി ആക്ട് അടക്കമുള്ളവ ചുമത്തിയാണു കുറ്റപത്രം. കോട്ടയം ഈസ്റ്റ് പോലീസാണു കേസ് അന്വേഷിച്ചത്. ഇതോടെ ശ്രീകുമാറിനെ ബലിയാടാക്കി അന്വേഷണം അവസാനിപ്പിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്.