കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം ഇടിഞ്ഞു വീണ് ഒരു സ്ത്രീ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും മന്ത്രി വീണ ജോര്‍ജ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനു സാധ്യമായതെല്ലാം എത്രയുംവേഗം ചെയ്തുവെന്നും മന്ത്രി പറഞ്ഞു. തകര്‍ന്ന കെട്ടിടം മെഡിക്കല്‍ കോളജിന്റെ പഴയ ബ്ലോക്കാണ്. ജെ.സി.ബി അപകട സ്ഥലത്തേക്ക് എത്തിക്കാന്‍ പ്രയാസമുണ്ടായിരുന്നു.
ആദ്യം രണ്ടു പേര്‍ക്കു പരുക്കേറ്റു എന്നായിരുന്നു വിവരം. പിന്നീട് ഒരു സ്ത്രീയെ കാണാനില്ലെന്നു പരാതി വന്നതിനു പിന്നാലെ ഉടന്‍ തെരച്ചില്‍ തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാലപ്പഴക്കം കൊണ്ട് കെട്ടിടം ഉപയോഗിക്കാന്‍ കഴിയില്ലെന്നു നേരെത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 2013ല്‍ ആയിരുന്നു കെട്ടിടത്തിനു ബലക്ഷയം ഉണ്ടെന്ന റിപ്പോര്‍ട്ട് വന്നത്. അന്നൊന്നും അതിനു കാര്യമായ ഫണ്ട് വെച്ചിരുന്നില്ല. 2016ല്‍ പിണറായി സര്‍ക്കാര്‍ എത്തിയ ശേഷമാണു കെട്ടിടം പണിയാന്‍ തീരുമാനിക്കുന്നത്.
അടച്ച ബ്ലോക്ക് തന്നെയായിരുന്നു തകര്‍ന്നത്. ഏതു സാഹചര്യത്തില്‍ ആണ് ഈ കെട്ടിടം ഉപയോഗിക്കാന്‍ തുടങ്ങിയതെന്നു പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
ആശുപത്രിയില്‍ നിന്നു രോഗികളെ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്യുന്നു എന്ന ആരോപണം സൂപ്രണ്ട് ഡോ. ജയകുമാര്‍ നിഷേധിച്ചു. മുന്‍പു ഡിസ്ചാര്‍ജ് ചീട്ട് കെടുത്തവരെയാണു പറഞ്ഞുവിടുന്നത്. അല്ലാത്ത സംഭവങ്ങള്‍ ഉണ്ടോ എന്നു പരിശോധിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.
തകര്‍ന്നു വീണ കെട്ടിടത്തിന്റെ താഴത്തെ രണ്ടു നില ബലക്ഷയത്തെ തുടര്‍ന്ന് അടച്ചിരുന്നു. എന്നാല്‍, ജീവനക്കാര്‍ ഇവിടം സ്‌റ്റോര്‍ റൂമും ഡസ്മാറുന്നതിനുമായി ഉപയോഗിച്ചപ്പോള്‍ അത് തടയുകയും ചെയ്തിരുന്നു. ഇപ്പോള്‍ രോഗികളുടെ കൂട്ടിരുപ്പുകാര്‍ ഇവിടെ എത്താന്‍ ഉണ്ടായ സാഹചര്യം പരിശോധിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.
ഇന്നു രാവിലെ 10.45ന് ആയിരുന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പതിനാലാം വാര്‍ഡ് കെട്ടിടം തകര്‍ന്നു വീണത്. അപകടത്തില്‍ മൂന്നു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു കെട്ടിടാവശിഷ്ടത്തില്‍ കുടുങ്ങിയിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്.
തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇവര്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടര മണിക്കൂര്‍ നേരമാണ് ബിന്ദു അതിനുള്ളില്‍ കുടുങ്ങിക്കിടന്നത്. ആശുപത്രി കെട്ടിടത്തില്‍ കുളിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇവരെ പുറത്തെടുത്തത്. ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചെറിയ അപകടമാണ് ഉണ്ടായതെന്നും ആരും കുടുങ്ങിക്കിടപ്പില്ലെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. ഇതു രക്ഷാപ്രവര്‍ത്തനം വൈകിച്ചു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.