കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്ന് രോഗിയുടെ അമ്മ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
കോട്ടയം ജില്ലാ കലക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും അപകടം സംഭവിക്കാനുണ്ടായ സാഹചര്യം വിശദമായി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 26ന് രാവിലെ 11 ന് കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
തലയോലപ്പറമ്പ് ഉമ്മാന്നുംകുന്ന് മേപ്പത്തുകുന്നേല്‍ വിശ്രുതന്റെ ഭാര്യ ഡി. ബിന്ദുവാ (53) ണ് കെട്ടിടം തകര്‍ന്നു മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുമുണ്ടാകില്ലെന്ന ധാരണയില്‍ രക്ഷാപ്രവര്‍ത്തനം വൈകിയത് ബിന്ദുവിന്റെ മരണത്തിലേക്കു നയിച്ചു.
ബിന്ദുവിനെ കാണാനില്ലെന്നു വിശ്രുതനും ബന്ധുക്കളും പരാതിപ്പെട്ടതിനു പിന്നാലെ നടത്തിയ തെരച്ചിലിലാണ് ബിന്ദുവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും ജീവന്‍ നഷ്ടമായിരുന്നു.
കെട്ടിടം ഇടിഞ്ഞു രണ്ടര മണിക്കൂറിനു ശേഷമാണ് ബിന്ദുവിനെ പുറത്തെടുക്കാനായത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
ഇന്നലെ രാവിലെ പത്തേമുക്കാലിനാണ് 68 വര്‍ഷം പഴക്കമുള്ള പതിനാലാം വാര്‍ഡിന്റെ ഒരു ഭാഗവും ഇതോട്‌ചേര്‍ന്നുള്ള പഴയ ശൗചാലയ ഭാഗവും പൊളിഞ്ഞു വീണത്.
ഉപയോഗത്തിലില്ലാത്ത കെട്ടിടത്തിനോടു ചേര്‍ന്നുള്ള ഭാഗമാണ് ഇടിഞ്ഞു വീണത്. ഇവിടം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നുവെങ്കിലും തിരക്കേറുമ്പോള്‍ ഈ ശൗചാലയങ്ങള്‍ പലരും ഉപയോഗിച്ചിരുന്നു.