ജൂലൈ 5 സാർവദേശീയ സഹകരണ ദിനമായി ആഘോഷിക്കും: മന്ത്രി വി എൻ വാസവൻ

എല്ലാ ഭൂഖണ്ഡങ്ങളിലേയും 3 ദശലക്ഷം സഹകരണസംഘങ്ങളിലെ 100 കോടിയിലധികം വരുന്ന സഹകാരികളുൾപ്പെടെ ലോകത്ത് ഏറ്റവുമധികം ജനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന ആഘോഷമാണിത്.

New Update
v n vasavan 32

കോട്ടയം: 2025 ജൂലൈ 5 സാർവദേശീയ സഹകരണ ദിനമായി ആഘോഷിക്കുകയാണെന്ന് സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ. 

Advertisment

സഹകരണ സംഘങ്ങളെ സംബന്ധിച്ച് ജനങ്ങളിൽ അവബോധം വർധിപ്പിക്കുക, അതിന്റെ വിജയഗാഥകൾ അന്തർദേശീയ ഐക്യത്തിന് നൽകുന്ന മാതൃകകൾ, സാമ്പത്തിക മികവ്, സമത്വം ജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് സാർവദേശീയ സഹകരണ ദിനാഘോഷം സംഘടിപ്പിക്കുന്നത്. 


എല്ലാ ഭൂഖണ്ഡങ്ങളിലേയും 3 ദശലക്ഷം സഹകരണസംഘങ്ങളിലെ 100 കോടിയിലധികം വരുന്ന സഹകാരികളുൾപ്പെടെ ലോകത്ത് ഏറ്റവുമധികം ജനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന ആഘോഷമാണിത്. 


2025 നെ അന്തർദേശീയ സഹകരണവർഷമായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഈ വർഷത്തെ സഹകരണദിനത്തിന് കൂടുതൽ പ്രാധാന്യമുണ്ടെന്ന് പി.ആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

ഒരു പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ വർഷവും സഹകരണദിനം ആഘോഷിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരമായ പരിഹാരങ്ങളിലൂടെയും സഹകരണ സംഘങ്ങൾ മെച്ചപ്പെട്ട ലോകത്തിനായി പ്രവർത്തിക്കുന്നു എന്നതാണ് ഈ വർഷത്തെ സഹകരണദിന പ്രമേയം. 


ലോകത്താകമാനം സമഗ്രമായ സമ്പദ് വ്യവസ്ഥകൾ കെട്ടിപ്പടുക്കുന്നതിനും സുസ്ഥിര വികസനലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇന്നത്തെ സാമൂഹിക സാമ്പത്തിക വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനും ലോകമെമ്പാടുമുള്ള സഹകരണസംഘങ്ങളെ പ്രേരിപ്പിക്കുകയാണ് ഈ പ്രമേയം.


2030 ഓടെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സഹകരണ സ്ഥാപനങ്ങൾ പ്രധാന പങ്കാളികളാണെന്ന് മന്ത്രി പറഞ്ഞു.

ഈ വർഷത്തെ സഹകരണദിന പ്രമേയത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കുന്നവയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം. കഴിഞ്ഞ 4 വർഷത്തെ സഹകരണമേഖലയുടെ പ്രവർത്തനങ്ങളെ ആകെ പരിശോധിച്ചാൽ ഇത് വ്യക്തമാകും. 


ജീവിത നിലവാരം ഉയർത്തുന്ന, അസമത്വം കുറയ്ക്കുന്ന, സാമൂഹിക നീതി ഉറപ്പാക്കുന്ന, സുസ്ഥിരവികസനം സാധ്യമാക്കുന്ന പ്രവർത്തന പരിപാടികളിലൂടെ സഹകരണമേഖല മുന്നോട്ട് പോവുകയാണ്. 


സഹകരണ സ്ഥാപനങ്ങൾ അവയുടെ എല്ലാ പ്രവർത്തനങ്ങളിലും സാമൂഹിക ഉത്തരവാദിത്തം സമന്വയിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisment