കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലുണ്ടായ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും പക്ഷേ, ഒരപകടമുണ്ടായാല്‍ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ എന്ന ചോദ്യവുമായി മന്ത്രി വി.എന്‍ വാസവന്‍. അങ്ങനെ വന്നാല്‍ മന്ത്രിമാരുടെ സ്ഥിതി എന്താകുമെന്ന് വി.എന്‍ വാസവന്‍ ചോദിച്ചു. ആരോഗ്യ മന്ത്രി വന്നു തള്ളിയിട്ടതോ ഉരുട്ടിയിട്ടതോ ഒന്നുമല്ലെല്ലോ.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കെട്ടിടം ശോചനീയാവസ്ഥയിലെന്ന് റിപ്പോര്‍ട്ട് നല്‍കി. അന്ന് ഒന്നും ചെയ്തില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നു അവശ്യമായ തുക വകയിരുത്തി. നാലു പുതിയ കെട്ടിടങ്ങള്‍ വന്നു.
ഉണ്ടായ സംഭവം ദൗര്‍ഭാഗ്യകരമാണ്. അടുത്ത ക്യാബിനറ്റില്‍ കുടുംബത്തിനു ധനസഹായം പ്രഖ്യാപിക്കും. ഒരപകടമുണ്ടായാല്‍ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ. അങ്ങനെ വന്നാല്‍ മന്ത്രിമാരുടെ സ്ഥിതി എന്താകും.
റോഡപകടം ഉണ്ടായാല്‍ ഗതാഗത വകുപ്പ് മന്ത്രി രാജി വക്കണോ. വിമാനാപകടം ഉണ്ടായാല്‍ പ്രധാനമന്ത്രി രാജി വെക്കണമെന്നാണോ. കര്‍ണ്ണാടകത്തില്‍ ക്രിക്കറ്റ് താരങ്ങള്‍ വന്നപ്പോള്‍ അപകടമുണ്ടായി. ആരേലും മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടോ.
ആരോഗ്യ സംവിധാനത്തെ നശിപ്പിക്കുകയല്ല സംരക്ഷിക്കുകയാണ് വേണ്ടത്. ഉണ്ടായ സംഭവത്തെക്കുറിച്ച് പരിശോധിച്ച് വീഴ്ചയുണ്ടേല്‍ പരിഹരിക്കണം. അടുത്ത ക്യാബിനറ്റില്‍ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി വാസവന്‍ പറഞ്ഞു.