കോട്ടയം: അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകള്‍ നവമിയുടെ തുടര്‍ ചികിത്സ കോട്ടയം മെഡിക്കല്‍ കോളജ് ന്യൂറോ വിഭാഗത്തില്‍ ഇന്നു മുതല്‍ ആരംഭിക്കും.
നവമിയുടെ ശസ്ത്രക്രിയയ്ക്കായി എത്തിയപ്പോഴാണ് ബിന്ദു അപകടത്തില്‍പ്പെടുന്നത്. അമ്മയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ നവമിക്ക് പ്രത്യേക മാനസിക പിന്തുണ നല്‍കി ചികിത്സ ഉറപ്പാക്കാനാണ് തീരുമാനം.
രണ്ടു ഘട്ടമായാണു നവമിയുടെ ശസ്ത്രക്രിയകള്‍ നടത്തുക. അമ്മ മരിച്ച സ്ഥലത്തേക്ക് വീണ്ടുമെത്തുന്നത് നവമിയെ സംബന്ധിച്ച് ഏറെ ദുഖമുള്ള കാര്യമാണ്.
അമ്മയുടെ മൃതദേഹത്തിനു മുന്നില്‍ വിറങ്ങിലിച്ചു നിന്ന നവമിയെ ഇന്നും മലയാളക്കര മറന്നിട്ടില്ല. നവമിയായിരുന്നു അമ്മയെ കാണാനില്ലെന്ന വിവരം പറയുന്നത്.
ആ സമയം ആരും അത് കാര്യമാക്കിയിരുന്നില്ല. പിന്നീട് പിതാവ് വിശ്രുതന്‍ എത്തിയ ശേഷമാണ് സംഭവം പുറത്തറിയുന്നത്.
ആന്ധ്രയില്‍ ബിഎസ്.സി. നഴ്സിങ്ങ് വിദ്യാര്‍ഥിയാണ് നവമി. മകള്‍ നവമിയുടെ ചികിത്സക്കു കൂട്ടിരിപ്പുകാരിയായി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയതായിരുന്നു ബിന്ദു.
ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച രാവിലെ 10.45ന് തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ടര മണിക്കൂര്‍ നേരമാണു ബിന്ദു കുടുങ്ങിക്കിടന്നത്.
അതേസമയം, നവമിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്ത് സൗജന്യമായാണ് ചെയ്യുന്നത്. സഹോദരന്‍ നവനീതിന് മെഡിക്കല്‍ കോളജില്‍ തന്നെ താല്‍ക്കാലിക ജോലി നല്‍കുമെന്നും കുടുംബത്തിനുള്ള നഷ്ടപരിഹാരം അടുത്ത മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
എന്നാൽ, അമ്മ മരിച്ച സ്ഥലത്ത് ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നും ജോലി മറ്റെവിടെയെങ്കിലും നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.