കോട്ടയം: കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നിര്‍ത്തിവച്ച ശസ്ത്രക്രിയകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും.
പുതിയ കാഷ്വാലിറ്റി ബ്ലോക്കില്‍ നാലു ടേബിളുകളില്‍ ശസ്ത്രക്രിയ നടത്താനാണു തീരുമാനം.
പൂര്‍ണ തോതില്‍ അല്ലെങ്കിലും രോഗികള്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്തവിധം ശസ്ത്രക്രിയകള്‍ നടത്താനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.
കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മിച്ച പുതിയ ശസ്ത്രക്രിയ ബ്ലോക്ക് സെപ്റ്റംബറോടെ പൂര്‍ണ പ്രവര്‍ത്ത സജ്ജമാകും.
ആശുപത്രിയില്‍ ഇടിഞ്ഞു വീണ മൂന്നില കെട്ടിടത്തിലായിരുന്നു അസ്ഥിരോഗ വിഭാഗത്തിന്റേത് ഉള്‍പ്പെടെയുള്ള പ്രധാന ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്.
കെട്ടിടം പൂര്‍ണമായും ഒഴിപ്പിച്ചതോടെയാണ് താത്കാലിക സംവിധാനം ഏര്‍പ്പെടുത്തിയത്. 10 ശസ്ത്രക്രിയാ ടേബിളുകളാണ് ഇവിടുണ്ടാകുക.
നാലു ടേബിളുകള്‍ അത്യാഹിത വിഭാഗത്തിലും ബാക്കി ട്രോമ കെയര്‍ വിഭാഗത്തിലും സജ്ജമാക്കും. പുതിയ ശസ്ത്രക്രിയാ ബ്ലോക്ക് പ്രവര്‍ത്തനം ആരംഭിക്കും വരെ പരിമിതികളു ണ്ടാകുമെങ്കിലും പരമാവധി ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അധികൃതരുടെ തീരുമാനം.
നേരത്തെ തീയതി നിശ്ചയിച്ച ഓപ്പറേഷനുകള്‍ മുന്‍ഗണനാക്രമം അനുസരിച്ച് ആരംഭിക്കും. നിലവില്‍ മൂന്നു ദിവസം ശസ്ത്രക്രിയ മുടങ്ങിയത് മുന്‍ഗണനാക്രമത്തെയും ബാധിക്കും.
പുതിയ സംവിധാനത്തില്‍ നാലു ശസ്ത്രക്രിയകള്‍ ഒരേ സമയം ചെയ്യാനാവും.
പഴയ സര്‍ജിക്കല്‍ ബ്ലോക്കിലെ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും പുതിയ ബ്ലോക്കിലേയ്ക്ക് മാറ്റുന്ന പ്രവര്‍ത്തനവും ഊര്‍ജിതമായി നടക്കുകയാണ്.
യുവജന സംഘടനകളുടെ ഉള്‍പ്പെടെയുള്ള സഹകരണത്തോടെയാണു മാറ്റം അതിവേഗം നടക്കുന്നത്.
അതേസമയം, അടിയന്തിരമായി 12 ഓപ്പറേഷന്‍ തീയേറ്ററും സജ്ജമാക്കാന്‍ നടപടിയെടുക്കണമെന്നു പ്രതിപക്ഷം ആരോപിക്കുന്നു.
ഇപ്പോള്‍ നാലെണ്ണമാണു പ്രവര്‍ത്തിക്കുന്നതെന്നു പറയുന്നു. എന്നാല്‍, നാലെണ്ണത്തില്‍ രണ്ടു തീയേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല. കാരണം രണ്ടു തീയേറ്റര്‍ അണുവിമുക്തമല്ല.
ഇക്കാര്യത്തില്‍ ബാക്ടീരിയോളജി, മൈക്രോബയോളജി വിഭാഗങ്ങളുടെ റിപ്പോര്‍ട്ടു കിട്ടിയിട്ടുണ്ടോയെന്നു അധികൃതര്‍ വ്യക്തമാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെടുന്നു.