കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടം യു.ഡി.എഫും ബി.ജെ.പിയും രാഷ്ട്രീയ നേട്ടമുണ്ടാക്കുമോയെന്നു ഭയം, പ്രതിരോധം തീര്‍ക്കാന്‍ സി.പി.എമ്മും സര്‍ക്കാരും. മാനക്കേട് മറയ്ക്കാന്‍ അനുനയവും പ്രതിരോധവും സര്‍ക്കാര്‍ തുടരുകയാണ്.
മന്ത്രിമാരുടെ പ്രസ്താവനയും തുടര്‍ന്നുണ്ടായ മരണവും പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്.
സംഭവത്തിനു പിന്നാലെ മന്ത്രി വി.എന്‍.വാസവന്‍ ബിന്ദുവിന്റെ വീട്ടിലെത്തിയിരുന്നു. ഞായറാഴ്ച രാവിലെ അപ്രതീക്ഷിതമായി മന്ത്രി വീണാ ജോര്‍ജും എത്തി.
ഇന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു തലയോലപ്പറമ്പിലെ വീട്ടിലെത്തുന്നുണ്ട്. ബിന്ദുവിന്റെ വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നാഷണല്‍ സര്‍വീസ് സ്‌കീം മുന്‍കൈ എടുക്കുമെന്നു മന്ത്രി ആര്‍. ബിന്ദു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അതേസമയം, എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ഇന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്.
ആരോഗ്യ മേഖലയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് - ബി.ജെ.പി. കൂട്ടായ ശ്രമം നടക്കുന്നുവെന്നാരോപിച്ചാണ് കൂട്ടായ്മ. വൈകിട്ട് നാലിനു മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എല്‍.ഡി.എഫ് എം.എല്‍.എമാര്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
അതേസമയം ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരും. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടര്‍ചികിത്സയ്ക്കു വേണ്ടി പ്രവേശിപ്പിച്ച ബിന്ദുവിന്റെ മകള്‍ നവമിയുടെ ശസ്ത്രക്രിയ നാളെ നടക്കും.
അതേസമയം, സര്‍ക്കാരാശുപത്രിയിലെ ചികിത്സ തന്നെ മരണത്തിന്റെ വക്കോളം എത്തിച്ചു, ഒടുവില്‍ സ്വകാര്യ ആശുപത്രിയാണു തന്റെ ജീവന്‍ രക്ഷിച്ചതെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് സി.പി.എമ്മിനും സര്‍ക്കാരിനും കനത്ത തിരിച്ചടിയാണ്.
മന്ത്രിയുടെ പ്രസ്താവന അനവസരത്തിലാണെന്ന വികാരമാണു പല സി.പി.എം നേതാക്കളും പങ്കുവെക്കുന്നത്.