കോട്ടയം: പണിമുടക്കില്‍ കേരളത്തിലെ വ്യവസായ, വാണിജ്യ മേഖലയ്ക്ക് വരുന്നത് 1000 കോടിയോളം രൂപയുടെയെങ്കിലും നഷ്ടം. ടൂറിസം കേന്ദ്രങ്ങും നിശ്ചലം.
ഒഴിവാക്കപ്പെട്ടെന്നു എന്ന് പ്രഖ്യാപിക്കപ്പെട്ട വിനോദ സഞ്ചാര മേഖലയ്ക്കു പോലും കോടികളുടെ നഷ്ടം ഉണ്ടായതായാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
കെ.എസ്.ആര്‍.ടി.സിക്കും കോടികളുടെ നഷ്ടം ഉണ്ടായി. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഉണ്ടാകുമെന്നു പ്രഖ്യാപിച്ചെങ്കിലും പേരിനു മാത്രമാണു സര്‍വീസ് നടന്നത്.
നിര്‍മാണ മേഖല പൂര്‍ണമായും നിശ്ചലമായി. ആഭരണ വില്‍പനശാലകള്‍ അടഞ്ഞുകിടന്നതു മൂലം കുറഞ്ഞതു 100 കോടി രൂപയുടെ വില്‍പന മുടങ്ങിയതായാണു വ്യാപാരികളില്‍ നിന്നു ലഭിക്കുന്ന കണക്ക്.
ബാങ്കിങ് മേഖല ഏറെക്കുറെ സ്തംഭിച്ചെങ്കിലും ഫണ്ട് ട്രാന്‍സ്ഫര്‍ പോലുള്ള ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഇടപാടുകാര്‍ക്കു തുണയായി.
എന്നാല്‍ സാധാരണ ദിവസങ്ങളില്‍ നടക്കാറുള്ള ഇടപാടുകളുടെ 60 ശതമാനത്തിലേറെ കുറവെങ്കിലും പണിമുടക്കുമൂലം സംഭവിച്ചിട്ടുണ്ടെന്നു ബാങ്കര്‍മാര്‍ പറയുന്നു.
സ്വര്‍ണപ്പണയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ബാങ്ക് ഇതര ധനസ്ഥാപനങ്ങള്‍ക്ക് നൂറു കോടികളുടെ രൂപയുടെ ബിസിനസ് നഷ്ടമുണ്ടായെന്നാണു കണക്കാക്കുന്നത്.
മാളുകളും ഷോപ്പിങ് ബസാറുകളും തുറക്കാത്തതും വന്‍ സാമ്പത്തിക നഷ്ടത്തിനു വഴിവെച്ചു. ഇതുമൂലം സംസ്ഥാനത്ത് ചുരുങ്ങിയത് 10 കോടിയുടെയങ്കിലും നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ടൂറിസം രംഗമാണ് പണിമുടക്ക് ബാധിച്ച മറ്റൊരു മേഖല. പണിമുടക്കില്‍ നിന്നു ടൂറിസം കേന്ദ്രങ്ങളെ ഒഴിവാക്കുമെന്നു പ്രഖ്യാപനം ഉണ്ടായിരുന്നു എങ്കിലും ഈ മേഖലയില്‍ ഹോട്ടലുകള്‍ പോലും പ്രവര്‍ത്തിച്ചിരുന്നില്ല. ഭൂരി ഭാഗം ടൂറിസം കേന്ദ്രങ്ങളും അടഞ്ഞു കിടക്കുകയായിരുന്നു.
ഇവിടെ എത്തിയവര്‍ ഭക്ഷണം പോയിട്ട് ഒരു ചായ കിട്ടാന്‍ പോലും അലയേണ്ട അവസ്ഥ ഉണ്ടായി. സ്റ്റാര്‍ ഹോട്ടലുകളുടെ റെസ്‌റ്റോറന്റുകള്‍ മാത്രമാണ് തടസമില്ലാതെ പ്രവര്‍ത്തിച്ചത്.