കോട്ടയം: കേരള കോണ്‍ഗ്രസ് - എം ഇടതുമുന്നണി വിട്ട് യുഡിഎഫിലേയ്ക്ക് തിരികെ വരുന്നെന്ന രീതിയില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍ പാര്‍ട്ടിക്കെതിരെയുള്ള ആസൂത്രിത നീക്കമാണെന്ന സംശയത്തില്‍ കേരള കോണ്‍ഗ്രസ്.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ഇടതു മുന്നണിയില്‍ അസ്ഥിരപ്പെടുത്താനും ഇടതുപക്ഷ അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള കരുതികൂട്ടിയുള്ള നീക്കമാണുണ്ടായതെന്ന സംശയത്തിലാണ് കേരള കോണ്‍ഗ്രസ് - എം നേതാക്കള്‍.
/filters:format(webp)/sathyam/media/media_files/B18uvq42u6VPnFVVfex7.jpg)
ന്യൂസ് 18, ഏഷ്യാനെറ്റ് ചാനലുകളാണ് ജോസ് കെ മാണി ചെയര്‍മാനായുള്ള കേരള കോണ്‍ഗ്രസ് വിഭാഗം യുഡിഎഫിലേയ്ക്ക് വരാന്‍ ഹൈക്കമാന്‍റുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവിട്ടത്.
ഇത് സിപിഎം - കേരള കോണ്‍ഗ്രസ് - എം അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. വൈകുന്നേരം തന്നെ വാര്‍ത്തകള്‍ നിഷേധിച്ച് ജോസ് കെ മാണി ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തെങ്കിലും പിന്നെയും വാര്‍ത്തകള്‍ക്ക് പഞ്ഞമുണ്ടായില്ല.
ജോസ് കെ മാണി ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു വാര്‍ത്തയില്‍ പടച്ചു വിട്ടത്.
എന്നാല്‍ ഒരു മാസത്തിലേറെയായി ഡല്‍ഹിയില്‍ പോയിട്ടില്ലാത്ത ജോസ് കെ മാണി, സമീപ നാളുകളിലൊന്നും ഇരു നേതാക്കളുമായും വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുമില്ല.
ഇത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും വ്യക്തമാണെങ്കിലും പെട്ടെന്ന് പുറത്തുവന്ന വാര്‍ത്തകള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന വിലയിരുത്തലിലാണ് കേരള കോണ്‍ഗ്രസ് - എം നേതാക്കള്‍. കോണ്‍ഗ്രസിലെ പഴയ മാണി വിഭാഗം ശത്രുക്കളാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും ഇവര്‍ സംശയിക്കുന്നു.
'വെടക്കാക്കി തനിക്കാക്കുക' എന്ന ലക്ഷ്യത്തോടെ കേരള കോണ്‍ഗ്രസ് - എമ്മിനെതിരെ കഴിഞ്ഞ കുറെ കാലമായി യുഡിഎഫ് പക്ഷത്തുനിന്ന് ഗൂഢനീക്കം നടക്കുന്നുണ്ടെന്ന ആക്ഷേപം കേരള കോണ്‍ഗ്രസിനുണ്ട്.
/filters:format(webp)/sathyam/media/media_files/2025/01/23/jt8ve40eRpBAux3DF8c6.jpg)
മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന ജോസ് കെ മാണിയേയും കൂട്ടരേയും മുന്നണിയില്‍ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താന്‍ ആഗ്രഹിക്കുന്ന ചിലരുടെ കരങ്ങളും ഇതിലുണ്ടെന്ന സംശയമാണ് നേതാക്കള്‍ക്കുള്ളത്.
കേരള കോണ്‍ഗ്രസ് - എം ഏറ്റവും സംശയത്തോടെ വീക്ഷിക്കുന്ന പുതിയ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്‍റെ ഭാഗത്തുനിന്നുള്ള സമീപകാലത്തെ പല പ്രസ്താവനകളും ഇതിന്‍റെ ഭാഗംകൂടിയാണെന്ന സംശയമാണ് നേതാക്കള്‍ക്കുള്ളത്.
അന്തരിച്ച കെഎം മാണിസാറിനെതിരെ വ്യാജ ബാര്‍കോഴ ആരോപണം ഉന്നയിച്ച ബാര്‍ വ്യവസായി ബിജു രമേശിന്‍റെ ഏറ്റവും അടുത്ത ബന്ധുവാണ് അടൂര്‍ പ്രകാശ്. പഴയ ബാര്‍ കോഴ ആരോപണത്തില്‍, അന്ന് മാണിസാറിനൊപ്പം മന്ത്രിസഭയിലുണ്ടായിരുന്ന അടൂര്‍ പ്രകാശിന്‍റെ പങ്കും മാണി വിഭാഗം നേതാക്കള്‍ പല തവണ ആരോപണമായി ഉന്നയിച്ചിട്ടുള്ളതാണ്.
/filters:format(webp)/sathyam/media/media_files/dBjiuk3vjvg01jkdOapB.jpg)
അതിനാല്‍ തന്നെ അടൂര്‍ പ്രകാശ് കണ്‍വീനറായിരിക്കുമ്പോള്‍ അത്തരത്തിലുള്ള ചര്‍ച്ചകളുടെ സാധ്യത തന്നെ കേരള കോണ്‍ഗ്രസ് - എം തള്ളിക്കളയുന്നുമുണ്ട്.
അടൂര്‍ പ്രകാശ് - പഴയ 'ഐ' ഗ്രൂപ്പ് - കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എന്നീ 'സംയുക്ത ഗ്രൂപ്പാണ്' മാണി വിഭാഗത്തിനെതിരെ യുഡിഎഫിനുള്ളില്‍ കരുക്കള്‍ നീക്കുന്നത്.
കേരള കോണ്‍ഗ്രസ് യുഡിഎഫിലെത്തിയാല്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് കരുതുന്നവരാണ് മൂന്ന് ശക്തികളും. അതിനാല്‍ തന്നെ നിരന്തരം, മാണി ഗ്രൂപ്പ് മുന്നണി വിടുന്ന തരത്തില്‍ വാര്‍ത്തകളുണ്ടാക്കി അവരുടെ വിശ്വാസ്യത തകര്‍ക്കാനാണ് ഈ മൂന്ന് 'ശക്തി'കളും ശ്രമിക്കുന്നത്. യുഡിഎഫില്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് ഈ മൂന്നു കൂട്ടരും.
ഇടതു മുന്നണി വിടുന്നെന്ന തരത്തിലുള്ള വാര്‍ത്തകളെ പൂര്‍ണമായും തള്ളുന്നതാണ് കേരള കോണ്‍ഗ്രസ് - എം നേതൃത്വത്തിന്‍റെ പ്രതികരണം. മാത്രമല്ല, ഇത്തരം വാര്‍ത്തകള്‍ കരുതിക്കൂട്ടിയുള്ളതാണെന്നും അവര്‍ സംശയിക്കുന്നു.
കോണ്‍ഗ്രസിന്‍റെയും മുസ്ലിം ലീഗിന്‍റെയും സമുന്നത നേതൃത്വങ്ങള്‍ പലതവണ ശ്രമിച്ചിട്ടും യുഡിഎഫിലേയ്ക്ക് തിരികെയെത്താനുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറക്കാന്‍ കേരള കോണ്‍ഗ്രസ് - എം തയ്യാറായിട്ടുമില്ല.