കോട്ടയം: സര്‍ക്കാര്‍ ചെയ്യുമെന്നു പറഞ്ഞ കാര്യങ്ങളെല്ലാം ഇതുവരെ ചെയ്തു തരുന്നുണ്ടെന്നു മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍. മകളുടെ ചികിത്സാ കാര്യത്തിലും എല്ലാം ചെയ്തു നല്‍കുന്നുണ്ട്. മകള്‍ നവമിയുടെ സര്‍ജറി പൂര്‍ത്തിയായി ഇപ്പോള്‍ ഐ.സി.യുവിലാണ്.
മകളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. മറ്റൊന്നിനും പിന്നാലെ ഇപ്പോള്‍ പോകാനില്ലെന്നും വിശ്രുതന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചു മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ കാര്യങ്ങള്‍ മറ്റ് ആവശ്യങ്ങളിലുള്ളതു മുറപോലെ നടക്കട്ടെ. തങ്ങളുടെ എല്ലാ വിവരങ്ങളും കൃത്യമായി ധരിപ്പിച്ചിട്ടുള്ളതാണെന്നും വിശ്രുതന്‍ വ്യക്തമാക്കി. ബിന്ദുവിന്റെ മരണത്തെ തുടര്‍ന്ന് 10 ലക്ഷം രൂപ ധനസഹായവും, മകനു ദേവസ്വം ബോര്‍ഡില്‍ ജോലിയും നല്‍കുമെന്ന മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.