മലയാളത്തിലും അച്ചടിപത്രങ്ങൾക്ക് ചരമഗീതം പാടി തുടങ്ങി ! നൂറ്റാണ്ടുകളുടെ പഴക്കമുള്ള പത്ര മുത്തശ്ശി കമ്പനികളിലും ചരിത്രത്തിൽ ഇല്ലാത്ത വിധം പിരിച്ചുവിടലും പിരിഞ്ഞുപോകും ? പ്രമുഖ മാധ്യമപ്രവർത്തകർ പോലും മുത്തശ്ശി പത്രങ്ങളിലെ ജോലി ഉപേക്ഷിച്ച് പുറത്തേക്ക്. വരുമാനവും കുറയുന്നു. കാലഹരണപ്പെട്ട അച്ചടി മാധ്യമ ലോകത്ത് ചെലവ് ചുരുക്കലിന് നിർബന്ധിതരായി പത്രമുത്തശ്ശിമാർ

ഇപ്പോൾ  എക്സ്റ്റൻഷനിൽ നിൽക്കുന്നവ‍രോടും പിരിഞ്ഞു പോകാൻ ആവശ്യപ്പെടും. ഈ രണ്ട് വിഭാഗത്തിലുളളവർക്കും വിവരം അറിയിച്ച് നോട്ടീസ് നൽകി കഴിഞ്ഞു.

New Update
news paper
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: വായനക്കാരും വരിക്കാരും കുറയുന്ന പ്രവണത ശക്തിപ്പെടുന്നതോടെ നൂറ്റാണ്ട് പിന്നിട്ട പത്രങ്ങൾ പോലും പ്രതിസന്ധിയിൽ.

Advertisment

 25 ലക്ഷം കോപ്പികൾ വിറ്റിരുന്ന കാലത്ത് നിന്ന് പത്രത്തിൻെറ സർക്കുലേഷൻ 15 ലക്ഷത്തിലേക്ക് താഴ്ന്നതോടെ ചെലവ് കുറയ്ക്കാനുളള നടപടികൾ സ്വീകരിച്ച് പിടിച്ചു നിൽക്കാനാണ് ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ട പത്രമുത്തശിമാരുടെ പോലും ശ്രമം.

കോട്ടയത്ത് നിന്ന് രാജ്യത്തെമ്പാടും പടർന്ന് കയറിയ 'മലയാളത്തിൻെറ സുപ്രഭാതം' പത്ര മുത്തശ്ശിയാണ് സർക്കുലേഷനിലെ ഇടിവ് മൂലം പിടിച്ച് നിൽക്കാൻ കർശന നടപടികൾ സ്വീകരിച്ച് തുടങ്ങിയത്.

ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവ് ചുരുക്കുക എന്നതാണ് ഈ പത്രം സ്വീകരിക്കുന്ന വഴി.


ഇതിൻെറ ഭാഗമായി 2026 മാർച്ചിൽ 60 വയസ് പൂർത്തിയാകുന്നവ‍ർക്ക് നി‍ർബന്ധിത വിരമിക്കൽ നൽകാൻ തീരുമാനിച്ചിരിക്കയാണ് സ്ഥാപനം.


ഇപ്പോൾ  എക്സ്റ്റൻഷനിൽ നിൽക്കുന്നവ‍രോടും പിരിഞ്ഞു പോകാൻ ആവശ്യപ്പെടും. ഈ രണ്ട് വിഭാഗത്തിലുളളവർക്കും വിവരം അറിയിച്ച് നോട്ടീസ് നൽകി കഴിഞ്ഞു.

എഡിറ്റോറിയൽ, സർക്കുലേഷൻ, പരസ്യം, പ്രസ്, വ‍ർക്സ്, എഞ്ചീനീയറിങ്ങ് വിഭാഗങ്ങളിലായി 230ൽ ഏറെപ്പേ‍ർക്ക് വിരമിക്കൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്.


പത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടവിരമിക്കലാകും ഇത്. 58 വയസാണ് ഈ പത്ര സ്ഥാപനത്തിലെ വിരമിക്കൽ പ്രായമെങ്കിലും ഭൂരിപക്ഷം പേരെയും സർവീസ് നീട്ടി നൽകി തുടരാൻ അനുവദിക്കുന്നതാണ് പതിവ്. 


മാനേജ്മെന്റിന് ഇഷ്ടം കൂടുതലുളളവരെ 75 വയസ് വരെയൊക്കെ തുടരാൻ അനുവദിക്കാറുണ്ട്. 80 പിന്നിട്ടശേഷം വിരമിച്ചവരും ഉണ്ട്.

ഈ സ്ഥാപനം പതിറ്റാണ്ടുകളായി പിന്തുടർന്ന് പോന്നിരുന്ന ഈ പതിവുകളെല്ലാം
പുതിയ തീരുമാനത്തോടെ അവസാനിക്കുകയാണ്.

വരുമാന ഇടിവും തന്മൂലമുളള പ്രതിസന്ധിയും മാത്രമല്ല പുതിയ തീരുമാനത്തിന് പിന്നിലെന്നും ആക്ഷേപമുണ്ട്.

പ്രതാപികളായിരുന്ന മുതുമുത്തശ്ശന്മാർ സ്ഥാപിച്ച പത്രമുത്തശ്ശിയെ ഇപ്പോൾ നയിക്കുന്നത് മൂന്നാം തലമുറയാണെങ്കിലും അവരിൽ നിന്ന് സ്ഥാപനത്തിൻെറ കടിഞ്ഞാൺ അടുത്ത തലമുറ ഏറ്റെടുത്തു കഴിഞ്ഞു.

മൂന്നാം തലമുറയിൽപ്പെട്ട ഇപ്പോഴത്തെ മുതലാളിമാരുടെ മക്കളുടെ നിയന്ത്രണത്തിലാണ് ഇപ്പോഴത്തെ പ്രവർത്തനം.


ജീവനക്കാരൻ എത്ര മിടുക്കനും വിശ്വസ്തനും പ്രതിഭയും ആയിരുന്നാലും വിരമിക്കൽ പ്രായം കഴിഞ്ഞ് അനിശ്ചിതകാലം പ്രവർത്തിക്കാൻ അനുവദിക്കേണ്ടെന്നാണ് മക്കൾ തലമുറയുടെ കാഴ്ചപ്പാട്.


അത് മനസിലാക്കിയാണ് പത്രത്തെ ഇന്ന് കാണുന്ന തരത്തിലുളള വലിയ സർക്കുലേഷൻ വളർച്ചയിലേക്കെത്തിച്ച എഡിറ്റോറിയൽ ഡയറക്ട‍ർ 75 വയസായപ്പോഴേക്കും ജോലി അവസാനിപ്പിച്ചത്.

അദ്ദേഹത്തിന്റെ പിൻഗാമിയായി എഡിറ്റോറിയൽ ഡയറക്ടർ പദവിയിലെത്തിയ ആളും 73 വയസാകുന്നതിന് മുൻപേ വിരമിച്ചു പോയി.

ഇപ്പോഴത്തെ എഡിറ്റോറിയൽ ഡയറക്ടർക്ക്‌ അവസരം ഒരുക്കാനാണ് അദ്ദേഹം സ്വയം വിരമിച്ചതെന്ന് പറയുന്നുണ്ടെങ്കിലും പുതിയ മാനേജ്മെന്റിൻെറ താൽപര്യം കൂടി തിരിച്ചറിഞ്ഞായിരുന്നു പടിയിറക്കം.

വിശ്വസ്തനും തലസ്ഥാനം കേന്ദ്രീകരിച്ചുളള സ്ഥാപനത്തിൻെറ ലെയ്സൺ ജോലികൾ നിർവഹിച്ചിരുന്ന തിരുവനന്തപുരം ബ്യൂറോ ചീഫും രണ്ട് വർഷം മുൻപ് വിരമിച്ചിരുന്നു.


60 വയസ് കടന്നവർ ജോലിയിൽ തുടരുന്നതിനോട് പുതിയ മാനേജ്മെന്റിന് താൽപര്യമില്ല. അതുകൊണ്ടാണ് വിവിധ ഡിപാർട്ടുമെന്റുകളിലുളള 60 വയസ് തികയുന്ന ജീവനക്കാരോട് വിരമിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.


ജീവനക്കാർക്ക് സ്ഥിരം നിയമനം നൽകുന്നതിനോടും പുതിയ മക്കൾ തലമുറക്ക് താൽപര്യമില്ല.

നേരത്തെ ചാനലിലും ഓൺലൈനിലും മാത്രം  നിലനിന്നിരുന്ന കരാർ നിയമനം പത്രത്തിലെ എഡിറ്റോറിയൽ വിഭാഗത്തിലേക്കും എത്തിക്കഴിഞ്ഞു.

അടുത്തിടെ പത്രത്തിൽ നിയമിച്ച നാല് സബ് എഡിറ്റർ ട്രെയിനുകൾക്കും കരാർ നിയമനമാണ് നൽകിയത്. പുതിയ ഫോട്ടോഗ്രാഫർമാരെയും കരാ‍ർ വ്യവസ്ഥയിലാണ് നിയമിക്കുന്നത്.


പത്രക്കടലാസിൻെറ വില വൻതോതിൽ വർദ്ധിച്ചതും ഇറക്കുമതി ചെലവ് കൂടിയതും മൂലവുമുളള പ്രതിസന്ധി കനക്കുന്നതിനിടയിലാണ് സർക്കുലേഷനും കുത്തനെ ഇടിയാൻ തുടങ്ങിയത്.


ഏറ്റവും ഒടുവിൽ ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ (എ.ബി.സി) പുറത്തുവിട്ട കണക്ക് പ്രകാരം ഈ പത്രത്തിന്റെ പ്രതിദിന സർക്കുലേഷൻ 15.7 ലക്ഷമാണെന്നാണ് പത്രത്തിൽ നിന്ന് പുറത്തുവരുന്ന വിവരം.

ശനി ഞായർ ദിവസങ്ങളിൽ സർക്കുലേഷൻ 15 ലക്ഷത്തിന് താഴെ പോകുന്നതായും പറയപ്പെടുന്നു. 26 ലക്ഷം കോപ്പികളുടെ സർക്കുലേഷനുമായി രാജ്യത്ത് ഏറ്റവും കൂടുതൽ പ്രചാരമുളള ഭാഷാ ദിനപത്രം എന്ന ഖ്യാതിയിൽ നിന്നാണ് 15 ലക്ഷത്തിലേക്കെത്തിയത്.


സർക്കുലേഷനിലെ കുറവ് മാത്രമല്ല സ്ഥാപനം നേരിടുന്ന പ്രതിസന്ധി. ഡിജിറ്റൽ, ടെലിവിഷൻ, ഓൺലൈൻ മാധ്യമങ്ങളിലേക്കാണ് ഇപ്പോൾ പരസ്യങ്ങളുടെ ഒഴുക്ക്.


ഇത് പത്രങ്ങളുടെ പരസ്യ വരുമാനത്തിലും പ്രതിഫലിക്കുന്നുണ്ട്. ഇതെല്ലാം കൂടി ചേർന്നുവന്നപ്പോൾ പത്രത്തിൻെറ അച്ചടി - വിതരണ ചെലവ് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.

ഇതോടെയാണ് ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കാൻ ഇതുപോലുള്ള സ്ഥാപനങ്ങൾ നിർബന്ധിതമായത്.

കോവിഡ് മഹാമാരിക്ക് ശേഷമാണ് സർക്കുലേഷനും പരസ്യ വരുമാനവും ഗണ്യമായി കുറയാൻ തുടങ്ങിയത്. 

ഇതോടെ കാന്റീൻ നിരക്കുകൾ അടക്കം വർദ്ധിപ്പിക്കുകയും സ്ഥിരമായി നൽകിപ്പോന്നിരുന്ന ചില ആനുകൂല്യങ്ങൾ വെട്ടുകയും ചെയ്തിരുന്നു.

ഇതോടെ പത്രമുത്തശ്ശി കമ്പനികളിലെ ജോലിയും ആകർഷകമല്ലെന്ന പ്രതീതിയാണ് ഇത് ജീവനക്കാരിൽ ഉണ്ടാക്കിയത്.


എഡിറ്റോറിയൽ വിഭാഗത്തിൽ അഞ്ചും പത്തും പതിനഞ്ചും വർഷം സർവീസുളള ചെറുപ്പക്കാർ പോലും രാജിവെച്ച് പോകുന്ന പ്രവണതയും ഇത്തരം സ്ഥാപനങ്ങളിൽ ശക്തമാണ്.


മികച്ച സ്പോർട്സ് ജേർണലിസ്റ്റായി പേരെടുത്ത പ്രമുഖ മാധ്യമപ്രവർത്തകൻ പോലും കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാപനം വിട്ടിരുന്നു.

പരിചയ സമ്പന്നരായ ജേർണലിസ്റ്റുകൾ സ്ഥാപനം വിടുന്നത് ഈ പത്രമുത്തശ്ശി മാരുടെ നിലവാരത്തെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.

Advertisment