കോട്ടയം: കാലാവധി കഴിഞ്ഞ ട്രക്കുകള്‍ പൊളിക്കാന്‍ പോകുന്നവര്‍ക്കു പകരം ഇ- ട്രക്കുകള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പിഎം ഇ-ഡ്രൈവ് പദ്ധതി ഉള്‍പ്പെടുത്തി 9.6 ലക്ഷം രൂപ വരെ ഇന്‍സന്റീവ് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനു സമ്മിശ്ര പ്രതികരണം.
ഡീസല്‍ ട്രക്കുകള്‍ക്കു പരകം ഇലക്ട്രിക്ക് ട്രക്ക് ഉപയോഗിക്കുന്നത് വന്‍കിട കമ്പനികള്‍ക്കു മാത്രമേ ഗുണമുണ്ടാകൂ എന്നു ചെറുകിടക്കാര്‍ പറയുന്നത്.
ചെറിയ സംരംഭകര്‍ക്കു ഡീസല്‍ ട്രക്കിനോടാണ് താല്‍പര്യം. കാലാവധി കഴിഞ്ഞ ശേഷവും മികച്ച രീതിയില്‍ ഓടുന്നവയാണ് ഇപ്പോഴത്തെ മിക്ക ട്രക്കുകളും.
ഇതിന് പകരം റീസെയില്‍ വാല്യു കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ഇത്തരം കമ്പനികള്‍ തയ്യാറാകുമോയെന്നാണ് ഇവരുടെ ചോദ്യം.
ഇതോടൊപ്പം ട്രക്കുകളുടെ ചാര്‍ജിങ് സമയവും ചാര്‍ജിങ് സ്‌റ്റേഷനുകളുടെ അഭാവവും മെയിന്റനന്‍സുമെല്ലാം ഇലക്ട്രിക് ബസുകള്‍ക്കു തിരിച്ചടിയാണ്.
ചെയിസ് വാങ്ങി ബോഡി ചെയ്‌തെടുക്കുന്ന ഡീസല്‍ ബസുകള്‍ കാലാവധി കഴിഞ്ഞാലും മെയിന്റനന്‍സ് ചെയ്തു കൊണ്ടുപോകാം.
പക്ഷേ, ഇലക്ട്രിക് ബസുകള്‍ക്കു അത് സാധിക്കില്ലെന്നു ബാറ്ററി മാറേണ്ടി വരുന്ന സാഹചര്യം ഉള്‍പ്പടെ വന്‍ സാമ്പത്തിക നഷ്ടം വരുത്തിവെക്കുമെന്നും ഇക്കൂട്ടര്‍ പറയുന്നു.
എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം ശ്രമങ്ങള്‍ മികച്ചതാണെന്നും അഭിപ്രായപ്പെടുന്നവര്‍ ഏറെ.
5,600 ട്രക്കുകള്‍ക്കാണ് ഇന്‍സെന്റീവ് ലഭിക്കുക. ഇതില്‍ 1,100 എണ്ണവും ഡല്‍ഹിയിലേക്കാണെന്നതും പ്രത്യേകതയാണ്.
പദ്ധതിക്ക് വേണ്ടി 500 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്.
ഇന്റേണല്‍ കംമ്പസ്റ്റഷന്‍ എഞ്ചിന്‍ (ഐസ്) ഉള്ള ഏതെങ്കിലും ട്രക്കുകള്‍ ദേശീയ പൊളിക്കല്‍ നയം അനുസരിച്ച് പൊളിക്കാന്‍ കൊടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് (സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്) കൈവശമുള്ളവര്‍ക്കാണ് ഇന്‍സെന്റീവിന് അര്‍ഹത.
പൊളിച്ച വാഹനവും പുതിയ ഇ-ട്രക്കും തുല്യ ഭാരശേഷിയുള്ളതായിക്കണം.
ഇലക്ട്രിക്ക് ട്രക്കിന്റെ ബാറ്ററിയുടെ ശേഷി അനുസരിച്ചാണ് ഇന്‍സെന്റീവ് അനുവദിക്കുന്നത്.
കിലോവാട്ട് അവറിന് 5,000 രൂപ വീതമാണ് ഇത്തരത്തില്‍ അനുവദിക്കുന്നത്.
പരമാവധി 9.6 ലക്ഷം രൂപ വരെ ഒരു ട്രക്കിന് ലഭിക്കും.
സാധാരണ ഇലക്ട്രിക്ക് ട്രക്കുകളുടെ ബാറ്ററിക്ക് 250 മുതല്‍ 400 കിലോവാട്ട് അവര്‍ വരെയാണ് ശേഷിയുണ്ടാകുന്നത്.
ഇനി ഐസ് ട്രക്കുകള്‍ പൊളിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെങ്കിലും ഇന്‍സെന്റീവ് ലഭിക്കുന്ന പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്.
മറ്റൊരാളുടെ കൈവശമുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് പണം കൊടുത്ത് വാങ്ങാവുന്ന സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
ഡിജി ഇ.എല്‍വി പോര്‍ട്ടലില്‍ നിന്നാണ് ഇത് സാധ്യമാകുന്നത്. ഇവയുടെ ആധികാരികത പരിശോധിച്ച ശേഷം വാഹന ഡീലര്‍ വഴിയാണ് ഇന്‍സെന്റീവിന് അപേക്ഷിക്കേണ്ടത്.
പ്രകൃതിക്ക് ദോഷം ചെയ്യാതെയുള്ള ചരക്കുനീക്കത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ പദ്ധതി തുടക്കമിടുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ.