കോട്ടയം: വില കുതിച്ചു കയറിയതോടെ വെളിച്ചെണ്ണയുടെ വില്‍പ്പന കുറഞ്ഞെന്നു വ്യാപാരികള്‍. പലരും അരകിലോയുടെ പായ്ക്കറ്റുകള്‍ വാങ്ങാനാണ് താല്‍പര്യപ്പെടുന്നത്. വില കൂടിയതോടെ വീടുകളില്‍ വെളിച്ചെണ്ണയുടെ ഉപയോഗം കുറച്ചതാണ് വില്‍പ്പന കുറയാന്‍ കാരണം.
നേരത്തെ നാട്ടിന്‍പുറങ്ങളിലെ പലചരക്കു കടകളില്‍ നിന്നു ദിവസവും 10 - 20 ലിറ്റര്‍ വെളിച്ചെണ്ണ വിറ്റിരുന്നുവെങ്കില്‍ ഇപ്പോള്‍ പല ദിവസങ്ങളിലും വില്‍പ്പന അഞ്ചു ലിറ്റര്‍ പോലുമെത്തില്ലെന്നു വ്യാപാരികള്‍ പറയുന്നു.
പായ്ക്കറ്റിലും കുപ്പിയിലുമായെത്തുന്ന വെളിച്ചെണ്ണയുടെ വില 480 രൂപ വരെയാണ്. മുമ്പ്, വെളിച്ചെണ്ണ മൊത്തമായി എടുത്ത് ചില്ലറയായി വില്‍ക്കുന്ന പലചരക്ക് വ്യാപാരികളുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ കുറവാണ്.
ചക്കിലാട്ടിയ എണ്ണ വില്‍ക്കുന്ന സ്ഥലങ്ങളിലും മില്ലുകളിലുമെല്ലാം വില്‍പ്പന കുത്തനെ കുറഞ്ഞു എന്നും വ്യാപാരികള്‍ പറയുന്നു.
അതേ സമയം പ്രമുഖ ബ്രാന്‍ഡുകളുടെ പേരുകളോട് സാദൃശ്യമുള്ള പായ്ക്കറ്റുകളിലും കുപ്പികളിലുമായി മായം കലര്‍ന്ന എണ്ണ എത്തുന്നുണ്ട്. യഥാര്‍ഥ വെളിച്ചെണ്ണയുടെ നിറവും മണവുമുണ്ടാകുമെങ്കിലും ആരോഗ്യത്തിനു ഹാനികരമാകുന്ന മാരകമായ രാസവസ്തുക്കള്‍ ഉള്‍പ്പെടെ ഇവയില്‍ അടങ്ങിയിട്ടുണ്ടാകും.
പരാതി വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം വെളിച്ചെണ്ണ വിപണിയില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.