'ഡിസിസി പുനസംഘടനയുടെ കാര്യത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം'. കോട്ടയം ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സജീവ ചര്‍ച്ചയായി അഞ്ചു പേരുകള്‍. വിവാദങ്ങള്‍ ഒഴിവാക്കി ശ്രദ്ധയോടെ നീങ്ങാൻ കെപിസിസി നേതൃത്വത്തിന്റെ ശ്രമം

കെ.പി.സി.സി പുനഃസംഘടനക്കു പിന്നാലെ, ജില്ലകളിലും അഴിച്ചുപണിയുണ്ടാകുമെന്ന് വ്യക്തമായതോടെ ഡി.സി.സി നേതൃത്വം പിടിക്കാന്‍ ഗ്രൂപ്പുകളും നേതാക്കളും രംഗത്ത്.

New Update
biju punnathanam philson mathews siby chenappady philip joseph

കോട്ടയം: ഡി.സി.സി പുനസംഘടനയുടെ കാര്യത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെക്കുമെന്ന കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞതോടെ പ്രസിഡന്റു സ്ഥാനത്തേക്കു കണ്ണു നട്ട് അഞ്ചോളം പേര്‍.

Advertisment

കെ.പി.സി.സി പുനഃസംഘടനക്കു പിന്നാലെ, ജില്ലകളിലും അഴിച്ചുപണിയുണ്ടാകുമെന്ന് വ്യക്തമായതോടെ ഡി.സി.സി നേതൃത്വം പിടിക്കാന്‍ ഗ്രൂപ്പുകളും നേതാക്കളും രംഗത്ത്. പുതിയ പ്രസിഡന്റിനെ നിര്‍ണയിക്കുന്നതില്‍ ഇടുക്കി പത്തനംതിട്ട എറാകുളം ജില്ലകളില്‍ ആരു പ്രസിഡന്റാവും എന്നതിനെക്കൂടി ആശ്രയിച്ചിരിക്കും. 


14 ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ചും എ.ഐ.സി.സിക്ക് മുന്നില്‍ കൃത്യമായ വിലയിരുത്തലുണ്ട്. മലപ്പുറം, എറണാകുളം, കോഴിക്കോട്,കണ്ണൂര്‍ എന്നീ ഡി.സി.സി പ്രസിഡന്റുമാര്‍ ഒഴികെ മറ്റെല്ലാ അധ്യക്ഷന്മാരുടെയും പ്രവര്‍ത്തനം ശരാശരിക്ക് താഴെയാണെന്നാണ് റിപോര്‍ട്ട്.


ഇതോടെ കോട്ടയത്തു നിന്നു നാട്ടകം സുരേഷ് മാറുമെന്നുറപ്പാണ്. എന്നാല്‍, മുന്‍പുണ്ടായിരുന്ന എ, ഐ ഗ്രൂപ്പുകള്‍ ഇന്നു വിഘടിച്ചു പല ഗ്രൂപ്പുകളായി. ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കിയ 'എ' ഗ്രൂപ്പിന്റെ കുത്തകയായിരുന്നു കോട്ടയം.

എന്നാല്‍, ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം എ ഗ്രൂപ്പ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.സി. ജോസഫും രണ്ടു തട്ടിലാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന ഒരുവിഭാഗം, ഒറിജിനല്‍ 'എ' ഗ്രൂപ്പെന്ന അവകാശവാദത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ കെ.സി. ജോസഫ് നേതൃത്വം നല്‍കുന്ന വിഭാഗവും തങ്ങളാണ് ഒര്‍ജിനല്‍ എന്ന നിലയ്ക്കാണ് പ്രവര്‍ത്തിക്കുന്നത്. ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ മറ്റൊരു വിഭാഗവും എ ഗ്രൂപ്പ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


തിരുവഞ്ചൂര്‍ നേതൃത്വം നല്‍കുന്ന വിഭാഗം കെ.സി. വേണുഗോപാലിനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും പിന്തുണക്കുന്നവരുമാണ്. ഇതില്‍ ഉള്‍പ്പെടാതെ ഒരു ഗ്രൂപ് കെ.സി. വേണുഗോപാലിന്റെ അടുപ്പക്കാരെന്ന നിലയില്‍ സ്വന്തമായും പ്രവര്‍ത്തിക്കുന്നുണ്ട്. കെ.സി. ജോസഫ് നേതൃത്വം നല്‍കുന്ന വിഭാഗവും ആരെയും പിന്തുണയ്ക്കുന്നുമില്ല.  


ക്രൈസ്തവ വിഭാഗത്തിനു മുന്‍തൂക്കമുള്ള ജില്ലയില്‍ ഈ വിഭാഗത്തില്‍നിന്ന് ഒരാള്‍ പ്രസിഡന്റാകണമെന്ന അഭിപ്രായമാണു കെ.പി.സി.സിക്കുള്ളത്. ഇടുക്കി പത്തനംതിട്ട എറാകുളം ജില്ലകളില്‍ ആരു പ്രസിഡന്റാവും എന്നതിനെക്കൂടി ആശ്രയിച്ച് ഇതില്‍ മാറ്റം വരാം.

നിലവിലെ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് സ്ഥാനം നിലനിര്‍ത്താനായി ശ്രമം നടത്തിയിരുന്നു എങ്കിലും മാറ്റം എറെക്കുറേ ഉറപ്പിച്ചു കഴിഞ്ഞു. എന്നാല്‍, മാറ്റുന്നതിനു പകരമായി അടുത്ത നിയസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും നാട്ടകം സുരേഷ് പ്രതീക്ഷിക്കുന്നുണ്ട്.


ഫിലിപ് ജോസഫിന്റെ പേരാണ് 'ഐ' ഗ്രൂപ് മുന്നോട്ടുവെക്കുന്നത്. തിരുവഞ്ചൂര്‍ വിഭാഗം യു.ഡി.എഫ് കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസിന്റെ പേരാണ് ഉയര്‍ത്തിക്കാട്ടുന്നത്. ഡി.സി.സി വൈസ് പ്രസിഡന്‍റ് ബിജു പുന്നത്താനം, ഡി.സി.സി സെക്രട്ടറി സിബി ചേനപ്പാടി, അജീസ് ബെന്‍ മാത്യൂസ് തുടങ്ങിയവരുടെ പേരുകളും ചര്‍ച്ചകളില്‍ സജീവമാണ്.


പുനസംഘടനക്ക് ഹൈക്കമാന്‍ഡ് പച്ചക്കൊടി വീശിയതോടെ വേഗത്തില്‍ തീരുമാനം എടുക്കാനാണു കെ.പി.സി.സി നേതൃത്വത്തിന്റെ ശ്രമം. തീരുമാനം വൈകിയാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളെ ബാധിക്കുമെന്നാണ് നേതൃത്വത്തിന്റെ ആശങ്ക.

പുനസംഘടനയെ ചൊല്ലി അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍ പാര്‍ട്ടിയിലെ ഐക്യാന്തരീക്ഷം തകര്‍ക്കും. അതുകൊണ്ട് ശ്രദ്ധയോടെ നീങ്ങാനാണു കെ.പി.സി.സി നേതൃത്വത്തിന്റെ തീരുമാനം.

Advertisment