കോട്ടയം: നേരത്തെ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ പെന്‍ഷന്‍ കിട്ടിയിരുന്നതാണ്. ഇപ്പോള്‍ പല തവണ കയറിയിറങ്ങിയാലും കിട്ടില്ലെന്ന അവസ്ഥ ഒടുവില്‍ കോട്ടയം നഗരസഭയ്ക്കു മുന്നില്‍ വിരമിച്ച ശുചീകരണത്തൊഴിലാളികളും ആശ്രിത പെന്‍ഷന്‍ വാങ്ങുന്നവരുടെയും പ്രതിഷേധം.
വിഷയം കൗണ്‍സിലില്‍ ഉന്നയിച്ചതിനെതുടര്‍ന്ന് ഉച്ചയോടെതന്നെ ചെക്ക് കൈമാറുമെന്നു സെക്രട്ടറിയുടെ ഉറപ്പ്. പ്രായാധിക്യം മൂലമുള്ള രോഗങ്ങളാല്‍ വലയുന്നവരാണ് പെന്‍ഷന്‍ വാങ്ങുന്ന ഭൂരിഭാഗവും.
പണം മുടങ്ങിയാല്‍ ചികിത്സയും നിത്യ ചെലവുകളും മുടങ്ങും. ഇതേടെ മറ്റു മാര്‍ഗങ്ങളില്ലാതെയാണ് തങ്ങള്‍ സമരത്തിനിറങ്ങിയത്. പെന്‍ഷന്‍ ആവശ്യത്തിനായി എത്തിയാല്‍ സെക്രട്ടറിയെ കണ്ടാല്‍ സൂപ്രണ്ടിനെ കാണാന്‍ പറയും. സൂപ്രണ്ടിനെ കണ്ടാല്‍ വേറെ ആളെ കാണാന്‍ പറയും. ഉദ്യോഗസ്ഥന്‍ മാറിപോയി എന്നിങ്ങനെ ഒഴിവുകഴിവുകള്‍ പലതു കേട്ടു മടുത്തു.
പെന്‍ഷന്‍ വിഭാഗത്തില്‍ പ്രശ്‌നങ്ങളാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിന് തങ്ങളുടെ പെന്‍ഷന്‍ പിടിച്ചുവെക്കുന്നതു ശരിയല്ലെന്നും ഇവര്‍ പറയുന്നു.
ഒരു വര്‍ഷം മുന്‍പാണ് പെന്‍ഷന്‍ തുകയില്‍ നിന്നു മൂന്നു കോടി തട്ടിയെടുത്ത് ഉദ്യോഗസ്ഥന്‍ മുങ്ങിയത്. എന്നിട്ടും നഗരസഭ പഴയമട്ടില്‍ തന്നെയാണു പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം.