/sathyam/media/media_files/2025/07/21/vs-achuthanandan-5-2025-07-21-19-53-11.jpg)
കോട്ടയം: വി.എസ് അച്യുതാനന്ദൻ ഒരു പോരാളിയായിരുന്നു.. പൊതുയിടത്തിലും പാര്‍ട്ടിക്കുള്ളിലും തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റ്. പാര്‍ട്ടിക്കുള്ളില്‍ വി.എസ് - പിണറായി വിഭാഗീയത കൊടുമ്പിരി കൊണ്ടിരുന്നത കാലത്താണ് 2008 ലെ സി.പി.എം സംസ്ഥാന സമ്മേളനം നടക്കുന്നത്. 2005ലെ മലപ്പുറം സമ്മേളനത്തില്‍ ആധിപത്യം ഉറപ്പിച്ചു പിണറായി വീണ്ടും സെക്രട്ടറിയായി.
വിഭാഗീയതയുടെ സമീപകാല ചരിത്രത്തിലെ കലാപ കലുഷിതമായ വേളയായിരുന്നു അത്. പാര്‍ട്ടി സീമകള്‍ ലംഘിച്ചു വി.എസും പിണറായിയും ഏറ്റുമുട്ടി. ഗ്രൂപ്പുപോരിനെതിരെ കേന്ദ്ര നേതൃത്വം നടത്തിയ സമവായ നീക്കം പലതവണ പാളി.
വി.എസ് പക്ഷത്തെ 12 പേര്‍ മത്സരിച്ചെങ്കിലും ദയനീയമായി തോറ്റു. പിന്നീടങ്ങോട്ടു വിഎസും പിണറായിയും പരസ്യമായി ഏറ്റുമുട്ടി. അടുത്ത കോട്ടയത്തെ സമ്മേളനത്തില്‍ വി.എസ് പക്ഷം തിരിച്ചു വരുമെന്നു പ്രതീക്ഷിച്ചു.
എന്നാൽ, കോട്ടയം ജില്ലാ കമ്മറ്റിയില്‍ പോലും വിലയ പിന്‍ബലം വി.എസിന് ഇല്ലായിരുന്നു. ഇന്നത്തെ മന്ത്രി വി.എന്‍. വാസവന്‍ ഉള്‍പ്പടെ പിണറായി പക്ഷത്തായിരുന്നു. കെ. സുരേഷ് കുറുപ്പ് വി.എസ് പക്ഷത്തിനൊപ്പം നിന്നു.
പിണറായി പക്ഷത്തിനു സംസ്ഥാന കമ്മിറ്റിയില്‍ വന്‍ഭൂരിപക്ഷം നേടി. എന്നാല്‍, സമ്മേളനത്തില്‍ തോറ്റെങ്കിലും പൊതുസമ്മേളനത്തില്‍ വി.എസ് കസറി. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ വി.എസിനൊപ്പം നിന്നു. വി.എസിനെ അനുകൂലിച്ച് മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു.
സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം മഴയിലും വി.എസ് അനുകൂലികളും റെഡ് വോളന്റിയര്‍മാരും തമ്മില്‍ ഉള്ള സംഘര്‍ഷത്തിലുമാണ് അന്ന് അവസാനിച്ചത്. സ്വാഗതവും അധ്യക്ഷപ്രസംഗവും ഉദ്ഘാടനപ്രസംഗവും മാത്രം നടന്നു.
നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തിലാണ് അസാധാരണ സംഭവങ്ങളുണ്ടായത്. മുഖ്യമന്ത്രി വി.എസ് പ്രസംഗിക്കാന്‍ മൈക്കടുത്തതു മുതല്‍ ആവേശഭരിതരായ അനുയായികള്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചു കൊടികള്‍ വീശി. ഇടിതിനിടെ ചിലര്‍ വി.എസിന്റെ കട്ടൗട്ടുകള്‍ ഉയര്‍ത്തി. ചിലര്‍ ആകാശത്തേക്കു കുപ്പികള്‍ വലിച്ചെറിയുകയുമുണ്ടായി.
തുടര്‍ന്ന് പ്രസംഗിക്കാനെത്തിയ പിണറായി വിജയന്‍ വി.എസ് അനുകൂലികളെ വിമര്‍ശിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അച്ചടക്കമില്ലെന്നു ചൂണ്ടിക്കാട്ടി. ഇവിടെ നടക്കുന്നത് ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല. ഇതു സിപിഎമ്മിന്റെ സമ്മേളനമാണെന്നു പ്രവര്‍ത്തകരെ ശകാരിച്ചു.
പിണറായിയുടെ മുന്നറിയിപ്പിനെ അവഗണിച്ച് വി.എസ് അനുകൂല മുദ്രാവാക്യം വിളികളും ബഹളവും തുടര്‍ന്നു. അതോടെ 'ഇങ്ങനെയൊരു സമ്മേളനമാകുമ്പോള്‍ പല തരക്കാര്‍ കടന്നുവരും. അവരെ നിയന്ത്രിക്കേണ്ടതു വൊളന്റിയര്‍മാരാണ്. അണിഞ്ഞിരിക്കുന്ന ഡ്രസിന്റെ അന്തസ് വൊളന്റിയര്‍മാര്‍ കാണിക്കണം' എന്നു പിണറായി നിര്‍ദേശിച്ചു.
അതോടെ റെഡ് വൊളന്റിയര്‍മാര്‍ ഇടപെട്ട്, മുദ്രാവാക്യം വിളിച്ചവരെ നിയന്ത്രിച്ചു. ഇതു റെഡ് വോളന്റിയര്‍മാരും വി.എസ് അനുകൂലികളും തമ്മില്‍ കയ്യാങ്കളിയിലേക്ക് എത്തി.