വി.എസ് എന്ന ഗോപാലന്‍. പുന്നപ്ര സമരകാലത്ത് വി.എസ് ഗോപാലനെന്ന പേരില്‍ ഒരു മാസത്തോളം ഒളിവില്‍ കഴിഞ്ഞത് പൂഞ്ഞാറില്‍. അന്ന് വി.എസിനെ കുടിക്കിയത് തന്റെ വീടിന്റെ സമീപത്തെ തോട്ടില്‍ ഇടക്ക് കുളിക്കാന്‍ എത്തിയ ഒരു അപരിചിതനെ കണ്ട അധ്യാപകന്റെ സംശയങ്ങളും
ഇടിയന്‍ വാസുദേവ പിള്ള എന്നറിയപ്പെട്ടിരുന്ന പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത വി.എസിനെ രണ്ടു ദിവസം ഈരാറ്റുപേട്ട സ്റ്റേഷനില്‍ ക്രൂരമര്‍ദത്തിനു വിധേയനാക്കി.
കോട്ടയം: പുന്നപ്ര സമരകാലത്തു വെടിവെപ്പിനു ശേഷം വി.എസ് അച്യുതനന്ദന്‍ ഒരു മാസത്തോളം ഒളിവില്‍ കഴിഞ്ഞത് പൂഞ്ഞാറിലായിരുന്നു. പുന്നപ്ര സമരകാലത്തു വെടിവെപ്പിനു ശേഷം വി.എസിനായി പോലീസ് പരക്കം പാഞ്ഞു.
Advertisment
അക്കാലത്ത് കമ്യുണിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ വോരോട്ടമുണ്ടായിരുന്നത് പൂഞ്ഞാറിലായിരുന്നു. വി.എസ് ആലപ്പുഴ കുമരകം വഴി കോട്ടയത്ത് എത്തിയ ശേഷമാണ് പൂഞ്ഞാറിലേക്കെത്തുന്നത്.
ഇവിടെ നിന്ന് അറസ്റ്റിലാകുമ്പോഴാണ് വി.എസ് പോലീസിന്റെ ക്രൂരമര്‍ദത്തിനിരയാകുന്നതും. ഗോപാലന്‍ എന്ന പേരിലായിരുന്നു ഒളിവുജീവിതം.
1946 ഓഗസ്റ്റില്‍ ആലപ്പുഴയില്‍ നടന്ന ട്രേഡ് യൂണിയന്‍ കൗണ്‍സിലുകളുടെ സംയുക്ത സമ്മേളനത്തില്‍ പ്രസംഗിച്ചവര്‍ക്കെതിരേ ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതാണു വി.എസിനെ ഒളിവു ജീവിതത്തിലേക്കു നയിച്ചത്.
അതേവര്‍ഷം ഒക്ടോബറിലാണു വ്യക്തിബന്ധമുണ്ടായിരുന്ന വാലാനിക്കല്‍ സഹദേവന്റെ വീട്ടിലേക്ക് വി.എസ്. എത്തുന്നത്. സഹദേവന്റെ അച്ഛന്‍ വൈദ്യനായിരുന്ന ഇട്ടിണ്ടാനെ കാണാന്‍ ദിവസവും നിരവധി പേര്‍ എത്തിയിരുന്നതിനാല്‍ പോലീസിന്റെ കണ്ണുവെട്ടിച്ചുള്ള ഒളിവു ജീവിതം ദുഷ്‌കരമാക്കി.
വാലാനിക്കല്‍ വീട് ഇപ്പോള്‍
ഇതോടെ, വാലാനിക്കല്‍ കുടുംബത്തില്‍പ്പെട്ട ചരളികുന്ന് ഭാഗത്തെ കരുമാലിപ്പുഴ മാധവന്റെ വീട്ടിലേക്കു താമസം മാറി. വാലാനിക്കല്‍ കുടുംബത്തില്‍ നിന്നുമാണു ഭക്ഷണം നല്‍കിയിരുന്നത്.
ഒളിവുജീവിതത്തിലും ദിനചര്യ മുടക്കാതിരുന്നതു വി.എസിനു വിനയായി. രണ്ടുനേരം കുളിക്കുന്നതിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ സമീപത്തെ മൂവേലി തോട്ടില്‍ കുളിയ്ക്കാന്‍ എത്തുമായിരുന്നു.
നാട്ടുകാരന്‍ അല്ലാത്ത ഒരാള്‍ പതിവായി കുളിക്കാനെത്തുന്നത് സമീപത്തെ താമസക്കാരനായ ഒരു അധ്യാപകന്‍ കാണുകയും ഇയാള്‍ വഴി പോലീസ് അറിയുകയും ചെയ്തു.
ഒരു ദിവസം രാവിലെ ഉടുത്തിരുന്ന തോര്‍ത്തുമുണ്ടോടെ പിടികൂടുകയുമായിരുന്നു. 20 ദിവസത്തെ ഒളിവുജീവിതത്തിനിടെ ഒരു തവണ വി.എസ്. ആലപ്പുഴയിലേക്കു പോയിരുന്നു.
ഒളിവിലായിരുന്ന വിഎസ് പതിവായി കുളിച്ചിരുന്ന തോട്
ഇടിയന്‍ വാസുദേവ പിള്ള എന്നറിയപ്പെട്ടിരുന്ന പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത വി.എസിനെ രണ്ടു ദിവസം ഈരാറ്റുപേട്ട സ്റ്റേഷനില്‍ ക്രൂരമര്‍ദത്തിനു വിധേയനാക്കി.
ലോക്കപ്പിന്റെ അഴികള്‍ക്കിടയിലൂടെ രണ്ടുകാലുകളും പുറത്തെടുത്ത് പാദങ്ങള്‍ക്ക് മുകളിലും താഴെയും രണ്ടു ലാത്തികള്‍ കയറുകൊണ്ടു കെട്ടിയ ശേഷം കാല്‍വെള്ളയില്‍ ലാത്തികൊണ്ടുള്ള അടി.
തുടര്‍ന്നു പാലായിലെ ലോക്കപ്പിലേക്കു മാറ്റി, മരിച്ചെന്നു കരുതി കാട്ടില്‍ ഉപേക്ഷിക്കാന്‍ പോകുമ്പോള്‍ ജീവനുണ്ടെന്നു തിരിച്ചറിഞ്ഞു ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെ രണ്ടാഴ്ചയോളം ചികിത്സയില്‍ കഴിഞ്ഞ ശേഷം വി.എസിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.
വിഎസിന്‍റെ പേരിലുള്ള ചളരിക്കുന്ന് റോഡ്
പൂഞ്ഞാറിലെ ഒളിവുജീവിതവും ലോക്കപ്പ് മര്‍ദനവും വി.എസ്.ആത്മകഥയിലും എഴുതിയിരുന്നു. ഒളിവില്‍ കഴിഞ്ഞ വാലാനിക്കല്‍ വീട് പൊളിച്ചു പിന്നീട് പുതിയതാക്കിയിരുന്നു.
കരുമാലിപ്പുഴ വീട് പൊളിച്ചു കളഞ്ഞു. പിന്നീട് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ വി.എസ്. പൂഞ്ഞാറിലെ ഈ വീടുകളില്‍ എത്തിയിരുന്നു.