/sathyam/media/media_files/2025/07/22/vs-achuthanandan-10-2025-07-22-16-40-46.jpg)
കോട്ടയം: കണ്ണേ കരളേ വി.എസേ എന്നാര്‍ത്തലച്ചു ജസാഗരം വിളിക്കുമ്പോള്‍ അത് അവരുടെ ഉള്ളില്‍ തട്ടിയുള്ള വിളിയാണ്. എന്നാല്‍, വി.എസിനെ പോലെ കണ്ണും കരളുമാകാന്‍ എന്തുകൊണ്ട് ഇന്നത്തെ സി.പി.എം നേതാക്കള്‍ക്കു കഴിയുന്നില്ല എന്ന ചോദ്യമാണ് അദ്ദേഹത്തിൻ്റെ വിയോഗ വേളയിൽ ഉയർന്നു വരുന്നത്.
ഉത്തരമായി ഏവരും കണ്ടുപിടിച്ചത് സി.പി.എം നേതാക്കളില്‍ പടര്‍ന്നു പിടിച്ച 'പിണറായിസം' എന്ന രീതിയാണ്. പിണറായിയെ അനുകരിക്കുന്ന നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ വര്‍ധിച്ചതോടെ പാര്‍ട്ടിയും സാധാരണ ജനങ്ങളും തമ്മില്‍ അകലാന്‍ കാരണമായി.
സി.പി.എം എന്ന തൊഴിലാളി പാര്‍ട്ടി മുതലാളിത്ത സ്വഭാവം കാട്ടിതുടങ്ങി എന്ന വിമര്‍ശനം ഉയരാന്‍ തുടങ്ങിയിട്ട് നാളേറെയായി. ആറ്റിക്കുറുക്കിയ വാക്കും നിലപാടുകളിലെ തലപ്പൊക്കവുമായി വി.എസിനെ പോലെ പാര്‍ട്ടിയിലേയും സര്‍ക്കാരിലേയും തിരുത്തല്‍ ശക്തിയാകാൻ ഇന്ന് ആരുമില്ല.
ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു കൊണ്ടാണ് വി.എസ് എന്ന രണ്ടക്ഷരം മലയാളി നെഞ്ചോട് ചേര്‍ത്തുവെച്ചത്. വി.എസിനെ പോലെ ജനകീയനായ ഒരാള്‍ അടുത്തെങ്ങും പാര്‍ട്ടിയില്‍ ഉയര്‍ന്നു വരില്ല എന്ന് ഉറപ്പിച്ചു പറയാം.
അനാഥത്വത്തിന്റെ നൊമ്പരം പേറി നാലാം വയസ്സില്‍ അമ്മയേയും പതിനൊന്നാം വയസ്സില്‍ അച്ഛനേയും നഷ്ടപ്പെട്ട വി.എസ് കടുത്തദാരിദ്ര്യത്തില്‍ കെട്ടിപ്പൊക്കിയതായിരുന്നു തന്റെ പോരാട്ട ജീവിതം. പിന്നീട് സമരം തന്നെ ജീവിതമായി.
നിലപാടുകളിലെ വിട്ടുവീഴ്ചയില്ലായ്മ പാര്‍ട്ടിക്കുള്ളില്‍ പോലും എതിരാളികളെ സൃഷ്ടിച്ചപ്പോള്‍ ഒതുക്കാന്‍ ശ്രമിച്ചവര്‍ക്ക് പലപ്പോഴും മാറി നില്‍ക്കേണ്ടി വന്നു. കാരണം ജനങ്ങളായിരുന്നു വി.എസ്സിന്റെ ഊര്‍ജ്ജവും കരുത്തും.
പാര്‍ട്ടിക്ക് പിഴച്ചുപോയെന്ന തോന്നലുണ്ടായപ്പോഴെല്ലാം ഇതല്ല തന്റെ പാര്‍ട്ടിയെന്ന് പറയാതെ പറയുകയായിരുന്നു വി.എസ് അച്യുതാനന്ദന്‍.
അതിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 1964-ലെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം എന്ന പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ ടി.പി ചന്ദ്രശേഖരന്‍ വധം വരേയുള്ള എണ്ണമില്ലാത്ത ഉദാഹരണം പറയാനുണ്ട്.
ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുന്നതില്‍ വി.എസ് ഒരു മടിയും കാണിച്ചില്ല. ജനങ്ങള്‍ക്കൊപ്പം ഇറങ്ങിച്ചെന്ന് അവര്‍ക്കു വേണ്ടി മുന്നില്‍ നിന്നു പോരാടാന്‍ വി.എസ് ഉണ്ടായിരുന്നു.
പെമ്പിളൈ ഒരുമൈ സമരത്തിൽ അവർ കാണാൻ കൂട്ടാക്കിയ ഏക നേതാവ് വി.എസ് ആയിരുന്നു. തങ്ങൾക്ക് ഒപ്പം വിഎസ് ഉണ്ടാകുമെന്ന അവരുടെ വിശ്വാസമായിരുന്നു അത്.
മൂന്നാറിലെ ടാറ്റായുടെ കൈവശമുണ്ടെന്ന് നിയമസഭാസമിതി റിപ്പോര്‍ട്ടിലുളള അധികഭൂമി ഏറ്റെടുക്കല്‍ മുതല്‍ മൂന്നാറിലെ അനധികൃത കൈയേറ്റങ്ങളെല്ലാം മുഴുവന്‍ ഒഴിപ്പിക്കാന്‍ വി.എസ് മുന്നിട്ടിറങ്ങി.
സിപിഐയിലും സി പി എമ്മിലും സംസ്ഥാന തലത്തില്‍ തന്നെ ഇതിനെതിരായി ഒളിപ്പോരും പരസ്യപ്പോരും നടത്തിയതോടെ ദൗത്യത്തിന് അകാലചരമമുണ്ടാവുകയാണ് ചെയ്തത്.
ഇന്നത്തെ സി.പി.എം വി.എസ് ഉയര്‍ത്തിപ്പിടിച്ച ആശങ്ങളില്‍ നിന്നു പിന്നാക്കം പോവുകയാണ്. ഭരണത്തില്‍ ഇരിക്കുമ്പോള്‍ പോലും ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ സി.പി.എം നേതാക്കള്‍ തയാറല്ല.
നിലവില്‍ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവളിയും സി.പി.എം സാധാരണ ജനങ്ങളില്‍ നിന്നു അകന്നുപോകുന്നതാണ്.