കോട്ടയം: സംസ്ഥാനത്തു വെളിച്ചെണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ അമിതലാഭിനായി വ്യാപക തിരിമറികള്‍ നടത്തുന്നതായി ആക്ഷേപം. വെളിച്ചെണ്ണയില്‍ റിഫൈന്‍ഡ് എന്‍ജിന്‍ ഓയിലിന്റെ സാന്നിധ്യം സംശയിച്ച് ഉപഭോകാക്കള്‍.
സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഒരു ഓഡിയോ സന്ദേശമാണ് ഇത്തരം ആശങ്കയ്ക്കു കാരണം. ഓഡിയോയില്‍ പറയുന്നതു വാഹനങ്ങളില്‍ നിന്നും നീക്കം ചെയ്യുന്ന എന്‍ജിന്‍ ഓയിലുകള്‍ റിഫൈന്‍ ചെയ്തു നല്ല വെളിച്ചെണ്ണയോടൊപ്പം ചേര്‍ക്കുന്നു എന്ന ആരോപണമാണു സന്ദേശത്തില്‍ ഉള്ളത്.
ഇതിനു പുറമേ തട്ടുകടകളിലും ഹോട്ടലുകളില്‍ നിന്നും എല്ലാം ശേഖരിക്കുന്ന പഴകിയ എണ്ണയും ഇത്തരത്തില്‍ റിഫൈയിന്‍ ചെയ്തു മണത്തിനായി വെളിച്ചെണ്ണയുടെ എസന്‍സും ചേര്‍ത്താന്‍ നല്ല ശുദ്ധമായ വെളിച്ചെണ്ണ അല്ലെന്ന് ആരും പറയില്ല. പക്ഷേ, പാചകത്തിനു ഉപയോഗിച്ചാല്‍ ഗുരുതര ആരോഗ്യ പ്രശശ്‌നങ്ങള്‍ക്കും വഴിവെക്കും.
വ്യാവസായിക ആവശ്യങ്ങള്‍ക്കാണു സാധാരണ ഇത്തരം റിഫൈന്‍ഡ് എണ്ണ ഉപയോഗിക്കുക. എന്നാല്‍, വെളിച്ചെണ്ണ വില വര്‍ധിച്ചതോടയാണ് ഇത്തരം ഗുരുതര കുറ്റകൃത്യങ്ങള്‍ക്കു കളം ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം കെര്‍നല്‍ ഓയില്‍ വെളിച്ചെണ്ണയില്‍ ചേര്‍ത്തു വില്‍ക്കുന്നുണ്ടോ എന്ന സംശയം ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കുവച്ചിരുന്നു. എണ്ണപ്പനയുടെ കുരുവില്‍ നിന്നെടുക്കുന്നതാണു കെര്‍നല്‍ ഓയില്‍. 150 രൂപയാണ് ഒരു ലിറ്റര്‍ കെര്‍നല്‍ ഓയിലിന്റെ ശരാശരി വില.
ഇതു കണ്ടെത്തണമെങ്കില്‍ ശാസ്ത്രീയ പരിശോധന ആവശ്യമായിവരും. കെര്‍നല്‍ ഓയില്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ദോഷകരമല്ല. എന്നാല്‍, വെളിച്ചെണ്ണയില്‍ ചേര്‍ത്ത് അമിത ലാഭത്തില്‍ വില്‍ക്കുന്നുണ്ടെന്ന സംശയമുണ്ട്.
വിപണിയില്‍ തിളച്ചുമറിഞ്ഞ വെളിച്ചെണ്ണ വില 500 കടന്നു. കേരഫെഡിന്റെ കേര വെളിച്ചെണ്ണ ലിറ്ററിന് 529 രൂപയായി വര്‍ധിപ്പിച്ചതോടെ വിലവര്‍ധന പിടികിട്ടാത്ത നിലയിലായി. വില വര്‍ധന ഇന്നലെ മുതല്‍ നടപ്പില്‍ വന്നു. ലിറ്ററിന് 110 രൂപയാണ് വര്‍ധിപ്പിച്ചത്. നാലു മാസത്തിനുള്ളിലെ നാലാമത്തെ വില വര്‍ധനയാണിത്. മറ്റു മുന്‍ നിര ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണ ലിറ്ററിന് 550 കടന്നു.