കോട്ടയം: പ്രളയം ഉള്‍പ്പടെയുള്ള കാലാവസ്ഥാ ഭീഷണികളുടെ നടുവിലാണെന്നു ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട് എറണാകുളം, ആലപ്പുഴ ജില്ലകള്‍. അതിവേഗത്തിലുള്ള നഗരവല്‍ക്കരണം, വയല്‍നികത്തല്‍, ഡ്രൈനേജുകളുടെ അഭാവം എന്നിവയാണു പ്രധാന കാരണങ്ങളായി വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്.
മുംബൈ ഉള്‍പ്പടെ രാജ്യത്തെ ഏതാനും പ്രധാന നഗരങ്ങളില്‍ മനുഷ്യരുടെ ജീവഹാനി ഉള്‍പ്പടെയുള്ള നഷ്ടങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നു റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
സുരക്ഷിതമായ വീടുകള്‍, ഗതാഗത സൗകര്യം, മഴവെള്ളവും മലിന ജലവും കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമത എന്നീ കാര്യങ്ങളില്‍ ഇന്ത്യ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നു വേള്‍ഡ് ബാങ്ക് ഇന്ത്യ ഡയറക്ടര്‍ അഗസ്റ്റി ടോണോ കൗമി ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെ ജനസംഖ്യയില്‍ 44 ശതമാനം പേരും പ്രളയ ഭീഷണിയിലാണെന്നു ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുരക്ഷിതമായ വീടുകള്‍, ഗതാഗത സൗകര്യം, മഴവെള്ളവും മലിന ജലവും കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമത എന്നീ കാര്യങ്ങളില്‍ ഇന്ത്യ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
നഗരങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ടാണ്. ക്രമം തെറ്റിയുള്ള മഴ, ഉഷ്ണ തരംഗം, കടല്‍ നിരപ്പ് ഉയരല്‍ എന്നിവയാണു പ്രധാന ഭീഷണികളെന്നു റിപ്പോര്‍ട്ടു സൂചിപ്പിക്കുന്നു.
നഗരങ്ങളില്‍ ജീവിക്കുന്നവരുടെ എണ്ണം അടുത്ത കാല്‍നൂറ്റാണ്ടിനുള്ളില്‍ ഇരട്ടിയോളം വര്‍ധിക്കും. 95 കോടിയോളം പേര്‍ നഗരവാസികളാകും. 2020 ലെ ലോകബാങ്ക് കണക്കു പ്രകാരം ഇത് 48 കോടിയാണ്. ഇന്ത്യന്‍ നഗരവികസന വകുപ്പുമായി ചേര്‍ന്നാണു ലോകബാങ്ക് റിപ്പോര്‍ട്ടു തയ്യാറാക്കിയത്.
ജനസംഖ്യയിലെ വളര്‍ച്ച, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നിവയാണു നഗരങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍. ഈ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ 2050 നുള്ളില്‍ 2,40,000 കോടി ഡോളറിന്റെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നു റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
അതേസമയം ഭൂപ്രകൃതി അനുസരിച്ച് വെള്ളപ്പൊക്കത്തിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ദേശീയ ഭൗമ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് 2009ല്‍ തന്നെ പുറത്തുവന്നിട്ടുള്ളതാണ്. 5642 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണു സജീവ പ്രളയ സാധ്യതാ പ്രദേശമായി കണക്കാക്കിയിട്ടുള്ളത്.
ഇതിനും പുറമേ 1847.98 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് മണ്ണിടിച്ചില്‍ ഉണ്ടായേക്കാമെന്നും ഭൗമ നിരീക്ഷണ കേന്ദ്രം 2009 ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഗ്രഹ ചിത്രങ്ങള്‍, കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍, പ്രാദേശിക സര്‍വേ വിവരങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് അന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കുട്ടനാട് ഉള്‍പ്പടെ ആലപ്പുഴ ജില്ലയിലെ 53.77 ശതമാനം സ്ഥലമാണ് അതീവ പ്രളയ സാധ്യത പ്രദേശത്തുള്ളത്. എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങങ്ങളും അതീവ പ്രളയ സാധ്യത പ്രദേശങ്ങളാണ്.