/sathyam/media/media_files/2025/07/24/mar-joseph-pamplani-mar-rafel-thattil-pinarai-vijayan-jose-k-mani-vd-satheesan-2025-07-24-21-03-38.jpg)
കോട്ടയം: തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവ സാന്നിധ്യം ഉറപ്പാക്കാന്‍ കര്‍മ്മ പദ്ധതിയുമായി കത്തോലിക്കാ സഭ.
സമീപകാലത്തു മുഖ്യധാരാ രാഷ്ട്രീയത്തില്‍ കത്തോലിക്കാ സമൂഹത്തിന്റെ സാന്നിധ്യം കുറയുന്നതിലെ ആശങ്കയാണ് സഭയെ ഇത്തരം ഒരു തീരുമാനത്തിലേക്കെത്തിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പക്ഷം ചേരാതെ സഭയുടെ ശക്തികേന്ദ്രമായ മധ്യ തിരുവിതാംകൂറില്‍ ഉള്‍പ്പെടെ, ശക്തമായ ക്രൈസ്തവ പങ്കാളിത്തം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള അടവ് നയത്തിന് സഭാ നേതൃത്വം രൂപം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ഇത് പ്രകാരം ഏതെങ്കിലും രാഷ്ട്രീയ കക്ഷികള്‍ക്കൊ മുന്നണിയ്ക്കോ പിന്തുണ നല്‍കുന്നതിന് പകരം ക്രൈസ്തവ വിഭാഗത്തില്‍ നിന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരെ മത്സരിപ്പിച്ചാലും മുന്നണി നോക്കാതെ അത്തരം സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാനാണ് തീരുമാനം.
മുന്‍പ് സിറോ-മലബാര്‍ സഭയുടെ അല്മായ സംഘടനയായ ഓള്‍ കേരള കാത്തലിക് കോണ്‍ഗ്രസ് (എ.കെ.സി.സി), വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പരമാവധി സമുദായ അംഗങ്ങളെ മത്സരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമുദായ ശാക്തീകരണപദ്ധതി ആവിഷ്‌കരിച്ചിരുന്നു.
ക്രൈസ്തവര്‍ക്കിടയിലെ യുവാക്കള്‍ സജീവമായി രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ (കെസിബിസി) അടുത്തിടെ നടത്തിയ ആഹ്വാനത്തെ തുടര്‍ന്നായിരുന്നു ഈ നീക്കം.
എന്നാല്‍ സഭ നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുന്നത് സഭയ്ക്ക് തന്നെ ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ എ.കെ.സി.സിയുടെ ഈ നീക്കത്തെ തടഞ്ഞ സഭാ നേതൃത്വം പകരം തങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കാനും അധികാര സ്ഥാനങ്ങളിലേയ്ക്ക് സഭാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാനും തീരുമാനിക്കുകയായിരുന്നു.
ജനകീയ വിഷയങ്ങളും സമൂഹത്തിനു ദോഷകരമായ ലഹരി പോലുള്ള വിപത്തിനെതിരെയുമാണ് സഭ നിലകൊള്ളുന്നത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍പോലും കേരളാ കോണ്‍ഗ്രസ്- എമ്മിന്റെ സ്വാധീനത്തിനു വഴങ്ങി ക്രൈസ്തവര്‍ക്ക് അനുകൂലമായ ഒട്ടനവധി കാര്യങ്ങള്‍ നേടിയെടുത്തിരുന്നു.
കന്യാസ്ത്രീകള്‍ക്കു റേഷന്‍ കാര്‍ഡ് അനുവധിച്ചതും 10 ശതമാനം സാമ്പത്തിക സംവരണം കൊണ്ടുവന്നതും വനം വന്യജീവി പ്രശ്നത്തിലെ നിയമ ഭേദഗതിയും അധ്യാപക നിയമനങളിലും പട്ടയ പ്രശ്നത്തിലുമുള്ള സര്‍ക്കാരിന്റെ നിലപാട് മാറ്റവുമെല്ലാം കേരളാ കോണ്‍ഗ്രസിന്റെ പിന്തുണകൊണ്ടായിരുന്നു.
മുന്‍ കാലങ്ങളില്‍ ഏകപക്ഷീയ നിലപാട് സ്വീകരിച്ചിരുന്ന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ഭരണം പിടിച്ച കേരളാ കോണ്‍ഗ്രസ് എം ഇവിടെ നിന്നുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ ചരിത്രത്തിലാദ്യമായി ക്രൈസ്തവ വിഭാഗത്തിന് 65 ശതമാനം വിഹിതം അനുവദിച്ചത് ഉള്‍പ്പെടെ ഇടത് സര്‍ക്കാരില്‍നിന്നും കുറ്റപ്പെടുത്താന്‍ കഴിയാത്ത നേട്ടങ്ങള്‍ അനവധിയാണ്.
ഇതുപോലെ മുന്‍ കാലങ്ങളില്‍ യു ഡി എഫ് സര്‍ക്കാരില്‍ നിന്നും ലഭിക്കാത്ത പല ആനുകൂല്യങ്ങളും കഴിഞ്ഞ 5 വര്‍ഷത്തെ എല്‍ ഡി എഫ് ഭരണത്തില്‍ സഭയ്ക്ക് അനുകൂലമായി നേടിയെടുക്കാന്‍ കഴിഞ്ഞെന്നതുകൂടി ചൂണ്ടിക്കാട്ടിയാണ് തങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും എന്ന നിലപാടിലേയ്ക്ക് നേതൃത്വം എത്തിയത്.
യു ഡി എഫ് സര്‍ക്കാരുകളിലെ മുസ്ലീം ലീഗിന്‍റെ അപ്രമാദിത്യം കൂടിയാണ് അവരെ തുറന്ന് അനുകൂലിക്കേണ്ട എന്ന നിലപാടിലേയ്ക്ക് സഭയെ എത്തിച്ചത്. ഇതാണ് ഏതെങ്കിലും ഒരു രാഷ്ട്രിയ പാര്‍ട്ടിയെയോ മുന്നണിയെയോ പിന്തുണയ്ക്കാതെ തങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നവരെ വിജയിപ്പിക്കാനുള്ള തിരുമാനിച്ചതിനു പിന്നിലും.
സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി തടയുക, വന്യമൃഗ ശല്യത്തിനുള്ള ശാശ്വത പരിഹാരം, തെരുവുനായ ശല്യം, കര്‍ഷക പ്രശ്‌നങ്ങള്‍, കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ പരിശോധിച്ച ജെ.ബി. കോശി കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിലെ കാലതാമസം തുടങ്ങി ജനകീയ വിഷയങ്ങളാണ് സഭ എടുത്തുകാട്ടുന്നത്. സഭയുടെ നിലപാടുകള്‍ക്കൊപ്പം നല്‍ക്കുന്നവരെ സഭയും സഹായിക്കും, അത് ആരായാലും.
സഭാ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, മധ്യതിരുവിതാംകൂറിലുള്‍പ്പെടെ പൊതു-രാഷ്ട്രീയ ജീവിതത്തില്‍ കത്തോലിക്കരുടെ ഇടപെടലുകള്‍ കുറഞ്ഞുവരുന്നതിനെ ചെറുക്കുന്നതിനുള്ള വിശാലമായ നിലപാടാണിത്.
കുടിയേറ്റം കാരണം സാമൂഹിക ഇടങ്ങളില്‍ പങ്കെടുക്കുന്ന കത്തോലിക്കാ യുവാക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
എന്നിട്ടും രാഷ്ട്രീയ പാര്‍ട്ടികള്‍ സഭയുടെ പിന്തുണ തേടുന്നത് തുടരുന്നു. സഭയുടെ സ്വാധീനം പുനര്‍നിര്‍മ്മിക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നത്.
കഴിഞ്ഞ ഞായറാഴ്ച എ.കെ.സി.സി വിളിച്ചുചേര്‍ത്ത ഒരു യോഗത്തില്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ 'ആശയപരമായ ഇടപെടലുകള്‍' നടത്തണമെന്ന് ചങ്ങനാശ്ശേരി രൂപതാധ്യക്ഷൻ മാര്‍ തോമസ് തറയില്‍ പറഞ്ഞിരുന്നു.
ക്രിസ്തീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിശ്വാസികള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.