കോട്ടയം: സംസ്ഥാനത്തെ ജയിൽ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു. തുടർച്ചയായി പ്രതികൾ ജയിൽ ചാടുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്ക ഉയർത്തുന്നു.
കണ്ണൂർ ജയിലിൽ നിന്നു സൗമ്യ കൊലക്കേസ് പ്രതിയും കെടും കുറ്റവാളിയുമായ ഗോവിന്ദച്ചാമി രക്ഷപെട്ടതോടെയാണ് ജയിൽ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നത്.
കണ്ണൂർ ജില്ലയിലെ അതീവ സുരക്ഷാ സെല്ലിൽ നിന്നാണ് ഗോവിന്ദച്ചാമി രക്ഷപെട്ടത്. ജയിലിൻ്റെ പല സുരക്ഷാ സംവിധാനങ്ങൾ ഒറ്റ കൈയ്കൊണ്ട് മറികടന്നാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്.
ഗോവിന്ദച്ചാമി രക്ഷപെട്ടത് ജയിൽ അധികൃതരുടെ അറിവോടെയാണെ ആക്ഷേപം ഉയർന്നു കഴിഞ്ഞു. ഒരു മാസം മുൻപ് മൊബൈൽ ഫോൺ മോഷണ കേസ് പ്രതി കോട്ടയം ജില്ലാ ജയിലിൽ നിന്ന് ചാടിയിരുന്നു.
പിന്നീട് ഒരു മാസം കഴിഞ്ഞു അസമിൽ നിന്നാണ് പ്രതിയെ പോലീസിന് പിടികൂടാനായത്. ഇയാളും ഗോവിന്ദച്ചാമിയെ പോലെ ട്രെയിനിൽ മോഷണം നടത്തിയിരുന്നയാളാണ്.
ഒരു വർഷം മുമ്പ് ഓഗസ്റ്റിൽ പൂജപ്പുര ജയിലിൽ വീണ്ടും സുരക്ഷാ വീഴ്ച വെളിവാക്കി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊലക്കേസ് പ്രതി ജയിൽ ചാടിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും ജയിൽ സുരക്ഷ പേരിന് മാത്രമാണ്.
സംസ്ഥാനത്തെ ആദ്യത്തെ ഹൈ സെക്യൂരിറ്റി ജയിൽ 2019 വിയ്യൂരിൽ തുറന്നെങ്കിലും കൊടുംകുറ്റവാളികളെ താമസിപ്പിക്കുന്നത് കണ്ണൂരാണ്.
അത്യാധുനിക സുരക്ഷാ സൗകര്യങ്ങളോടെ നിർമ്മിച്ച വിയ്യൂർ ജയിലിൽ 600 തടവുകാരെ പാർപ്പിക്കാൻ കഴിയും.
ഇതിൽ 192 സെല്ലുകളുണ്ട്. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ ഒമ്പത് ഏക്കർ വിസ്തൃതിയുള്ള ഒരു കോമ്പൗണ്ടിലാണ് സ്ഥിതി ചെയ്യുന്നത്, കൂടാതെ ഒരു അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ഉണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജയിലിൽ ഒരു ബോഡി സ്കാനർ സ്ഥാപിച്ചിട്ടുണ്ട്.
ജീവനക്കാരുടെയും മറ്റുള്ളവരുടെയും പ്രവേശനത്തിനും പുറത്തുകടക്കലിനും ബയോമെട്രിക് ഫിംഗർപ്രിന്റ് ലോക്ക് സംവിധാനവും നിലവിലുണ്ട്.
മറ്റ് സെല്ലുകളിലെ തടവുകാർ പരസ്പരം കാണാത്ത വിധത്തിലാണ് സെല്ലുകൾ നിർമ്മിച്ചിരിക്കുന്നത്. എല്ലാ സെല്ലുകളിലും പരിസരങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ, ഗോവിന്ദച്ചാമിയെ വിയ്യുരിലേക്ക് മാറ്റുന്നത് പരിഗണിച്ചിരുന്നില്ല. സമാനമായ പല കൊടും കുറ്റവാളികളും കഴിയുന്നത് കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ മേഖലയിലെ 62 സെല്ലുകളിലാണ്. ഇത്തരം കുറ്റവാളികൾക്ക് ഗൂഡമായ പശ്ചാത്തലം ഉണ്ടെന്നും ആരോപണം ഉണ്ട്.