കോട്ടയം: സംസ്ഥാനത്ത് പുതിയ സെന്‍ട്രല്‍ ജയില്‍ വരും. കോട്ടയം, പത്തനംതിട്ട മേഖലകളില്‍ സ്ഥലം കണ്ടെത്തും.തടവുകാരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു തടവുകാരന്‍ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചുചേര്‍ത്തത്.
പുതിയ തീരുമാനം അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന കോട്ടയത്തെ ജയില്‍ ജീവനക്കാര്‍ക്ക് ആശ്വാസമാണു നല്‍കുന്നത്.
കോട്ടയം ജില്ലാ ജയിലിലും പൊന്‍കുന്നം സ്പെഷല്‍ സബ്ജയിലിലും പാലാ സബ് ജയിലിലുമൊക്കെ സൗകര്യങ്ങളേക്കാള്‍ കൂടുതല്‍ അസൗകര്യങ്ങളാണ്.
അരനൂറ്റാണ്ടിലേറെ പഴക്കമുണ്ടു ജില്ലയിലെ മൂന്നു ജയിലുകള്‍ക്കും, എഴുപതിലേത്തെുന്ന പൊന്‍കുന്നം ജയിലാണു പ്രായത്തില്‍ മുന്നില്‍. കോട്ടയത്ത് 1959ല്‍ സബ്ജയിലായി തുടങ്ങി 2000ല്‍ സ്പെഷല്‍ സബ്ജയിലും 2013ല്‍ ജില്ലാ ജയിലുമായി മാറിയെങ്കിലും അസൗകര്യങ്ങള്‍ ഏറെയും നിലനില്‍ക്കുകയാണ്.
കോട്ടയം നഗരമധ്യത്തില്‍ 55 സെന്റ് സ്ഥലത്താണു ജില്ലാ ജയില്‍ സ്ഥിതി ചെയ്യുന്നത്. 15 സെല്ലുകളിലായി 67 പേരെ പാര്‍പ്പിക്കാവുന്ന ജയിലില്‍ 108 പേരാണ് കഴിയുന്നത്. ഇതില്‍ എട്ടുപേര്‍ സ്ത്രീകളാണ്. 28 ജീവനക്കാരുമുണ്ട്.
കൂടുതല്‍ സൗകര്യമുള്ള സ്ഥലത്തേക്ക് ജയില്‍ മാറ്റാന്‍ ആലോചന തുടങ്ങിയിട്ടു നാളേറെ ആയെങ്കിലും പകരം സ്ഥലം കണ്ടുപിടിക്കാനായിട്ടില്ല.
പാലാ സബ്ജയിലിനു 57 വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ഇതുവരെ പദവി ഉയര്‍ന്നിട്ടില്ല. 40.45 സെന്റില്‍ സ്ഥിതി ചെയ്യുന്ന ജയിലിന്റെ ശേഷി 20 തടവുകാരാണെങ്കിലും പാര്‍പ്പിക്കുന്നത് 40 പേരെ. ഇവിടെയുള്ള 15 ജീവനക്കാരും. തടവുകാരുടെ എണ്ണമേറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടുകയാണ്.
ടൗണിനു സമീപം 52 സെന്റ് സ്ഥലത്താണ് 1956ല്‍ പൊന്‍കുന്നം സബ്ജയില്‍ സഥാപിതമായത്.2013ല്‍ സ്പെഷല്‍ സബ് ജയിലായി ഉയര്‍ത്തി.
26 തടവുകാര്‍ക്കാണു ജയിലില്‍ അനുമതിയെങ്കിലും പാര്‍പ്പിക്കുന്നത് 60 പേരെ. 16 ജീവനക്കാരുണ്ടെങ്കിലും പല അത്യാവശ്യങ്ങളിലും അവധി പോലും എടുക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നു ജീവനക്കാര്‍ പറയുന്നു.
പുതിയ ജയില്‍ വരുന്നതോടെ തങ്ങളുടെ ഭാരം കുറയുമെന്നു ജയില്‍ ജീവനക്കാര്‍ പ്രതീക്ഷിക്കുന്നു. അതേ സമയം ജയിലിനു സ്ഥലം കണ്ടെത്തുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് കീറാമുട്ടിയാണ്.