കോട്ടയം: തുടര്‍ച്ചയായി സി.പി.എമ്മിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാക്കള്‍.
സിപിഎം മുന്‍ സംസ്ഥാന സമിതി അംഗം പിരപ്പന്‍കോട് മുരളിക്കു പിന്നാലെ സുരേഷ് കുറുപ്പും വി.എസിനെതിരെ യുവ നേതാക്കള്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റ് വാദം ഉന്നയിച്ചു എന്നു സ്ഥിരീകരിക്കുന്നു.
ഇരു നേതാക്കളും പേര് പറഞ്ഞു വിമര്‍ശിച്ചില്ലെങ്കിലും എം. സ്വരാജും ചിന്താ ജെറോമും ആണ് ഈ നേതാക്കള്‍ എന്ന സൂചനകള്‍ പുറത്തു വരുന്നത്. എന്നാല്‍, പാര്‍ട്ടി നേതൃത്വം ഇത്തരം വാദങ്ങള്‍ തള്ളുകയാണ്.
ഇതിനിടെയാണ് കുറുപ്പിൻ്റെ അനുസ്മരണ ലേഖനത്തിലെ പരാമർശം. 'വി.എസിന്റെ കൊച്ചുമക്കളുടെ പ്രായംമാത്രമുള്ളവര്‍ സമ്മേളനങ്ങളില്‍ അദ്ദേഹത്തിനെതിരേ നിലവിട്ട ആക്ഷേപങ്ങള്‍ ഉന്നയിച്ചു.
അദ്ദേഹത്തിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാനസമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി.എസിന് കാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്നു പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍പറ്റാതെ വി.എസ്. വേദിവിട്ടു പുറത്തേക്കിറങ്ങി. ഏകനായി. ദുഃഖിതനായി.
പക്ഷേ, തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്നു വീട്ടിലേക്കുപോയി.
ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ല'. എന്നും കുറുപ്പ് ലേഖനത്തില്‍ പറയുന്നു.
ആക്ഷേപങ്ങള്‍ നിഷേധിച്ചു രക്ഷപെടാന്‍ സി.പി.എം നേതൃത്വം ശ്രമിക്കുന്നതിനിടെയാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍.
വി.എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റല്‍ പണിഷ്മെന്റ് നടപ്പിലാക്കണമെന്ന് പാര്‍ട്ടി സമ്മേളനത്തില്‍ ഒരു യുവ നേതാവ് വിമര്‍ശനം ഉന്നയിച്ചെന്നു പറഞ്ഞു സി.പി.എം മുന്‍ സംസ്ഥാന സമിതി അംഗം പിരപ്പന്‍കോട് മുരളിയാണ് ആദ്യം രംഗത്തു വന്നത്.
മുരളിക്കെതിരെ കടുത്ത പ്രയോഗവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചത്. പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോയയാളാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും പ്രസ്താവന അസംബന്ധമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
ഇമ്മാതിരി കുറേയെണ്ണമുണ്ട്. പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ നിന്നു പോയ ശേഷം പുസ്തകമെഴുതി പണമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തിലാണ് തോന്നിവാസം വിളിച്ചു പറയുന്നത്.
അയാള്‍ക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് പോലുമില്ല. കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന രീതിയാണ്. കൃത്യമായ ലാഭം ലക്ഷ്യമിട്ടുള്ള പരാമര്‍ശമാണ്.
അയാള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഞങ്ങളുമുണ്ടായിരുന്നു. ഞങ്ങള്‍ക്കൊന്നും ഈ അനുഭവമുണ്ടായിട്ടില്ലലോ. കൃത്യമായ ലാഭം ലക്ഷ്യമിട്ടുള്ള പരാമര്‍ശമെന്നണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്.
എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച ഗോവിന്ദന്റെ വാദം തെറ്റാണെന്നു സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍ തെളിയിക്കുന്നു.
സുരേഷ് കുറുപ്പാകട്ടേ കഴിഞ്ഞ ടേം വരെ പാര്‍ട്ടി കോട്ടയം ജില്ലാ കമ്മറ്റിയില്‍ ഉണ്ടായിരുന്ന ആളാണ്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് എം.പിയും എം.എല്‍.എയുമായി.
പുതിയ വെളിപ്പെടുത്തലോടെ സുരേഷ് കുറുപ്പിനെയും പാര്‍ട്ടി തള്ളിപ്പറയുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.