കെഎസ്ഇബി പാലായിൽ ഗുരുതര അനാസ്ഥ, ലൈൻ പൊട്ടി നിലത്ത് കിടന്നത് നാട്ടുകാർ അറിയിച്ചിട്ടും ട്രാൻസ്ഫോമർ ചാർജ് ചെയ്തു. നിലത്തുകൂടെ വൈദ്യുതി പ്രവഹിച്ചത് മൂന്നുദിവസം, ഒഴിവായത് വൻ ദുരന്തം

നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന ഈ വഴിയിൽ ലൈനിൽ വൈദ്യുതി ഉണ്ടെന്ന മുന്നറിയിപ്പുമായി മൂന്നുനാൾ നാട്ടുകാർ കാവൽ നിന്നു. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെയാണ് ലൈൻ ഓഫ് ആക്കിയത്.

New Update
kseb bharanganam section

പാലാ: ഇടപ്പാടി പ്രവിത്താനം റോഡിൽ ചെറിയാത്ത് ഭാഗത്ത് വെള്ളിയാഴ്ച ഉണ്ടായ കാറ്റിൽ മരം വീണ് വൈദ്യുതി ലൈൻ റോഡിലേക്ക് പൊട്ടിവീണിരുന്നു. ലൈനിൽ വൈദ്യുതി ഉണ്ടായിരുന്നതിനാൽ നാട്ടുകാർ കെഎസ്ഇബി ഓഫീസിൽ വിളിച്ച് വിവരം അറിയിച്ചെങ്കിലും ലൈൻ ഓഫാക്കാൻ ആരും എത്തിയില്ല.

Advertisment

ഒരു ദിവസം കഴിഞ്ഞിട്ടും നിലത്ത് കിടന്ന് ലൈനിലൂടെ വൈദ്യുതി പ്രവഹിച്ചതിനാൽ നാട്ടുകാർ നേരിട്ട് ഭരണങ്ങാനം സെക്ഷൻ ഓഫീസിൽ എത്തി വിവരം അറിയിച്ചെങ്കിലും ലൈൻ തകരാർ പരിഹരിക്കാനോ ലൈൻ ഓഫ് ആക്കാനോ അധികൃതർ തയ്യാറായില്ല.


നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന ഈ വഴിയിൽ ലൈനിൽ വൈദ്യുതി ഉണ്ടെന്ന മുന്നറിയിപ്പുമായി മൂന്നുനാൾ നാട്ടുകാർ കാവൽ നിന്നു. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെയാണ് ലൈൻ ഓഫ് ആക്കിയത്.

സാധാരണക്കാരുടെ വൈദ്യുത ആവശ്യങ്ങളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുകയും അവരുടെ ജീവന് പുല്ലുവില കൽപ്പിക്കുകയും ചെയ്യുന്ന ഭരണങ്ങാനം സെക്ഷൻ പാലാ ഇലക്ട്രിക് ഡിവിഷൻ കീഴിലെ ഏറ്റവും മോശം സെക്ഷൻ ആണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.


ഭരണങ്ങാനം സെക്ഷനിലെ ജീവനക്കാർ തിരക്ക് അഭിനയിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു. തങ്ങൾക്ക് ജോലിഭാരം കൂടുതലുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്. എന്നാൽ ഇതിനായി ഉപഭോക്താക്കളെ ബലിയാടാക്കുന്ന സമീപനം ശരിയല്ലെന്നും പ്രദേശവാസികൾ പറയുന്നു.


നിലത്ത് വീണു കിടന്ന ലൈനിലൂടെ വൈദ്യുതി പ്രവഹിക്കുന്നുണ്ടെന്ന് സെക്ഷൻ ഓഫീസിൽ ചെന്ന് പറഞ്ഞിട്ടും ലൈൻ ഓഫ് ചെയ്യാൻ കൂട്ടാക്കാതിരുന്ന ഭരണങ്ങാനം സെക്ഷൻ എതിരെ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ പറഞ്ഞു.

നിലത്ത് വീണു കിടക്കുന്ന ലൈനിൽ ഇലക്ട്രോണിക് ടെസ്റ്റർ ഉപയോഗിച്ച് വൈദ്യുതി പരിശോധിച്ചപ്പോൾ 230 വോൾട്ട് വൈദ്യുതി ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ വീഡിയോയും വൈറൽ ആയിരുന്നു.

Advertisment