കോട്ടയം: കാട്ടു പന്നി മുതൽ പുലിയും ആനയും വരെ.. ജീവൻ രക്ഷിക്കാൻ കൃഷിയു ഭൂമിയും ഉപേക്ഷിച്ച് നാടുവിട്ടു പോകേണ്ട അവസ്ഥയിലാണ് ജനങ്ങൾ.
ആനയും കാട്ടുപോത്തും പുലിയുമൊക്കെ വല്ലപ്പോഴുമൊക്കെയാണ് ഭീഷണിയാകുന്നതെങ്കില്‍ ചെറിയ കാട്ടുമൃഗങ്ങള്‍ സ്ഥിരം ശല്യമാകുന്ന നിരവധി പഞ്ചായത്തുകള്‍ ജില്ലയിലുണ്ട്.
കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ പഞ്ചായത്തിലും കാട്ടുപന്നി ശല്യമുണ്ട്. കോട്ടയം നഗരത്തിനടുത്തു വരെ കാട്ടുപന്നി ആക്രമണമുണ്ടാകുകയും ചെയ്തിരുന്നു.
കോട്ടയം, ചങ്ങനാശേരി താലൂക്കുകളിലേക്കും ശല്യം ബാധിച്ചു. കുരങ്ങന്‍, കുറുക്കന്‍, മുള്ളന്‍പന്നി എന്നിവയുടെ ശല്യവും അനുദിനം വര്‍ധിക്കുകയാണ്.
വന്യമൃഗ ഭീഷണി വീണ്ടും വില്ലനാകുമ്പോള്‍ ഉറക്കം നഷ്ടപ്പെടുകയാണെന്നു മലയോരജനത പറയുന്നു. തമ്പലക്കാട് സ്വദേശിയാണ് ഇന്നലെ ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലെ മതമ്പ കൊയ്‌നാട്ടില്‍ കാട്ടാനയുടെ കുത്തേറ്റു മരിച്ചത്.
സ്ഥലം ഇടുക്കി ജില്ലയിലാണെങ്കിലും, മുണ്ടക്കയത്തു നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെ മാത്രമാണു സംഭവം.ഏറെ നാളായി ഇവിടെ കാട്ടാന ശല്യം രൂക്ഷമാണ്.
ഒരു വര്‍ഷം മുമ്പ് വീട്ടമ്മയെ കാട്ടാന കൊലപ്പെടുത്തിയത് ഇന്നലെ സംഭവമുണ്ടായതിനു സമീപവുമാണ്. ടി.ആര്‍.ആന്റ് ടി എസ്റ്റേറ്റില്‍ വനാതിര്‍ത്തിയിലാണ് ഇന്നലെ സംഭവമുണ്ടായത്.
നിലവിലെ അവസ്ഥ തുടര്‍ന്നാല്‍, ജില്ലയിലും കാട്ടാന ആക്രമമുണ്ടാകാനുള്ള സാധ്യതയേറെയാണെന്നു ജനങ്ങള്‍ പറയുന്നു.
ഇന്നലെ ടാപ്പിങ്ങ് തൊഴിലാളിയെ കൊലപ്പെടുത്തിയ മതമ്പ മേഖലയില്‍ മാസങ്ങളായി കാട്ടാന സാന്നിധ്യമുണ്ട്.
കാട്ടാന ശല്യം രൂക്ഷമായതോടെ ഇവിടെ നിന്നു പലരും താമസം മാറുകയും ചെയ്തിരുന്നു. ഇതോടെ, കാട്ടാനകള്‍ കടന്നെത്തുന്ന സ്ഥലം പിന്നെയും കൂടി.
ഇവിടെ നിന്നു ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് കാട്ടാനകള്‍ക്ക് എത്താന്‍ എളുപ്പമാണ്.
നിലവില്‍, ജില്ലയിലെ കോരുത്തോട്, എരുമേലി പഞ്ചായത്തുകളില്‍ കാട്ടാന ശല്യമുണ്ട്. വനാതിര്‍ത്തിയില്‍ മാത്രമല്ല, അതിര്‍ത്തിയില്‍ നിന്നു കിലോമീറ്ററുകള്‍ മാറിയും ഇപ്പോള്‍ കാട്ടാന വന്ന് കൃഷി നശിപ്പിക്കുന്നു.
ഫെന്‍സിങ്ങ്, കിടങ്ങ് ഉള്‍പ്പെടെയുള്ളവ തീര്‍ത്തിട്ടും ശല്യമുണ്ടാകുന്നതായി കര്‍ഷകര്‍ പറയുന്നു.
കാട്ടാന മാത്രമല്ല മലയോരത്തിന്റെ ഉറക്കം കെടുത്തുന്നത്. കടുവ, പുലി ഉള്‍പ്പെടെയുള്ളവയുടെ സാന്നിധ്യവും പലയിടങ്ങളിലും മുമ്പ് കേട്ടിരുന്നു.
പുഞ്ചവയലില്‍ നിന്ന് ഉള്‍പ്പെടെ പുലിയെ പിടികൂടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ശല്യം കുറവുണ്ടെങ്കിലും വേനലാകുന്നതോടെ വര്‍ധിക്കാനുള്ള സാഹചര്യമേറെ.
കാട്ടുപോത്തിന്റെ സാന്നിധ്യം കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലുണ്ട്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒന്നര വര്‍ഷം മുമ്പ് രണ്ടു പേര്‍ കൊല്ലപ്പെട്ടതും എരുമേലിയിലായിരുന്നു.