/sathyam/media/media_files/2025/07/30/philson-mathews-biju-punnathanam-joy-vettikkuzhy-2025-07-30-20-05-19.jpg)
കോട്ടയം: ഡിസിസി പുനസംഘടനയില്‍ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കണമെങ്കില്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ക്രൈസ്തവ നേതാക്കള്‍ക്ക് പദവി ഉറപ്പാക്കേണ്ടി വരും. നിലവില്‍ 5 ക്രൈസ്തവ ഡിസിസി പ്രസിഡന്‍റുമാര്‍ ഉണ്ടായിരുന്നിടത്ത് പുതിയ പുനസംഘടനയില്‍ പ്രാതിനിധ്യം കുറയുമെന്ന ആശങ്ക നിലനിര്‍ക്കുകയാണ്.
കഴിഞ്ഞ തവണ ഇടുക്കി, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, വയനാട് ഡിസിസികളില്‍ ക്രൈസ്തവ നേതാക്കളായിരുന്നു പ്രസിഡന്‍റുമാര്‍. പുതിയ സാഹചര്യത്തില്‍ മലപ്പുറത്തും കണ്ണൂരിലും ഇത് മാറും. മലപ്പുറത്ത് വിഎസ് ജോയ് മാറി റിയാസ് മുക്കോളിയും കണ്ണൂരില്‍ മാര്‍ട്ടിന്‍ മാറി ടി.ഒ മോഹനനും പ്രസിഡന്‍റുമാരാകാനാണ് സാധ്യത.
വയനാട് എന്‍.സി അപ്പച്ചന്‍ മാറുമ്പോള്‍ സംഷാദ് മരയ്ക്കാന്‍, പി.ഡി സജി എന്നിവര്‍ പരിഗണനയിലുണ്ട്. അവിടെ ടി.ജെ ഐസക്കിനും മുന്‍ഗണന ഉണ്ട്. വയനാട് ഐസക്കിന് അധ്യക്ഷ പദവി ലഭിച്ചില്ലെങ്കില്‍ വീണ്ടും ക്രൈസ്തവ പ്രാതിനിധ്യം കുറയും.
കോട്ടയത്ത് ഈഴവ മാറി ക്രൈസ്തവ പ്രാതിനിധ്യം ഏതാണ്ട് ഉറപ്പാണ്. ഇവിടെ ഫില്‍സണ്‍ മാത്യുവോ ബിജു പുന്നത്താനമോ പരിഗണിക്കപ്പെടും. ഇടുക്കിയില്‍ സിപി മാത്യു മാറി ജോയി വെട്ടിക്കുഴിയോ ബിജോ മാണിയോ വന്നില്ലെങ്കില്‍ വീണ്ടും ക്രൈസ്തവ പ്രാതിനിധ്യം കുറയും.
ഇടുക്കിയില്‍ ഐ ഗ്രൂപ്പ് ശക്തമായി മുന്നോട്ടു വച്ചിരിക്കുന്ന പേര് എസ് അശോകന്‍റേതാണ്. എന്നാല്‍ ഇതിനോട് ജില്ലയില്‍ ശക്തമായ എതിര്‍പ്പുണ്ട്. പകരം ഇടുക്കിയില്‍ ഈഴവ പരിഗണന നല്‍കാനാണ് തീരുമാനമെങ്കില്‍ യുവ നേതാവ് കെ.എസ് അരുണ്‍ മാസ്റ്ററെ പരിഗണിക്കണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം.
ഇടുക്കിയില്‍ ക്രൈസ്തവനെ മാറ്റിയാല്‍ പകരം പത്തനംതിട്ടയില്‍ ജോര്‍ജ് മാമ്മനെ പരിഗണിക്കേണ്ടിവരും. അവിടെ മറ്റ് പല പരിഗണനകളുടെയും പേരില്‍ പഴകുളം മധുവിന്‍റെ പേരിന് മുന്‍ഗണന ഉണ്ട്. അപ്പോള്‍ വീണ്ടും ഇടുക്കിയില്‍ ക്രൈസ്തവ പ്രാതിനിധ്യത്തില്‍ സാധ്യത കൂടുകയാണ്.
ഡിസിസി പുനസംഘടനയില്‍ ക്രൈസ്തവ നേതാവ് ലിസ്റ്റില്‍ കയറിക്കൂടിയ മറ്റൊരു ജില്ല കൊല്ലമാണ്. ഇവിടെ അഡ്വ. പി ജര്‍മിയാസിന്‍റെ പേര് ലിസ്റ്റിലുണ്ട്. പക്ഷേ ഇവിടെ സൂരജ് രവിക്കാണ് മുന്‍ഗണന. അങ്ങനെ വന്നാല്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം തൃശൂര്‍, കോട്ടയം ജില്ലകളില്‍ ഒതുങ്ങും. പഴയ 5 ജില്ലകള്‍ ഇല്ലെങ്കിലും രണ്ടെണ്ണം കൂടി നല്‍കണമെങ്കിലും ഇടുക്കി, വയനാട് എന്നിവകൂടി പരിഗണിക്കണം.
അതിനാല്‍ തന്നെ കോട്ടയം, ഇടുക്കി ജില്ലകളില്‍ ക്രൈസ്തവ പ്രാതിനിധ്യം കൊണ്ടുവരാന്‍ കെപിസിസി നിര്‍ബന്ധിതമാകും. നിലവിലെ സാഹചര്യത്തില്‍ ക്രൈസ്തവ വോട്ടുകള്‍ ഉറപ്പിക്കണമെങ്കില്‍ ജില്ലകളില്‍ കൂടുതല്‍ നേതാക്കള്‍ക്ക് പരിഗണന നല്‍കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാണ്. കെപിസിസി പ്രസിഡന്‍റ് ഈ വിഭാഗത്തില്‍ നിന്നാണെന്നത് ചൂണ്ടിക്കാട്ടി ജില്ലകളിലെ പ്രാതിനിധ്യം കുറയ്ക്കാന്‍ ശ്രമിച്ചാലും അത് തിരിച്ചടിയാകും.