/sathyam/media/media_files/2025/07/31/anto-augustine-unni-balakrishnan-vinu-v-john-2025-07-31-14-52-17.jpg)
കോട്ടയം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻെറ നിര്യാണവും വിലാപയാത്രയും മുഖ്യവാർത്തയായി മാറിയ കഴിഞ്ഞ ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള മറ്റു മുഴുവന്‍ ചാനലുകളെയും മലര്‍ത്തിയടിച്ച് ഒന്നാം സ്ഥാനം പിടിച്ച് റിപോർട്ടർ ടിവി.
ചാനൽ റേറ്റിങ്ങിൻെറ എല്ലാ വിഭാഗത്തിലും അജയ്യമായ മുന്നേറ്റം നടത്തിക്കൊണ്ടാണ് വി.എസ് മരിച്ച വാർത്തയിലെ മേധാവിത്വം റിപ്പോര്‍ട്ടര്‍ ചാനല്‍ റേറ്റിങ്ങിലും ആവർത്തിച്ചത്.
ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌൺസിൽ( ബാർക് ) ഇന്ന് പുറത്തുവിട്ട റേറ്റിങ്ങ് കണക്കിൽ വൻ മുന്നേറ്റം നടത്താൻ റിപോർട്ടറിന് സാധിച്ചു. കേരളാ ഓൾ യൂണിവേഴ്സ് വിഭാഗത്തിൽ ഏഷ്യാനെറ്റിനെ ബഹുദൂരം പിന്നിലാക്കി 191 പോയിൻറ് നേടിയാണ് റിപോർട്ടർ ടിവി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ഏഷ്യാനെറ്റിന് 153 പോയിന്‍റില്‍ ഒത്തുങ്ങേണ്ടിവന്നു. ചരിത്രത്തില്‍ ആദ്യമാണ് ഏഷ്യാനെറ്റ് ഇത്രയധികം പോയിന്‍റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്.
വിപുലമായ ക്യാമറാ വിന്യാസവും ഡോ. അരുൺകുമാറും സുജയ പാർവതിയും മുഖ്യറോളിൽ അണിനിരന്ന റിപോർട്ടിങ്ങ് സംഘത്തിൻെറ ബലത്തിലാണ് വി.എസ്.അച്യുതാനന്ദൻെറ മരണം പ്രധാന സംഭവമായ ആഴ്ചയിൽ കരുത്ത് കാട്ടി റിപോർട്ടർ ടിവി മുന്നിലെത്തിയത്.
ചാനലിൻെറ ന്യൂസ് ഡസ്കിലും പി.സി.ആറിലുമിരുന്ന് വാർത്താ-ദൃശ്യ വിന്യാസത്തിന് ചുക്കാൻ പിടിച്ച മാനേജിങ്ങ് എഡിറ്റർ ആൻോ അഗസ്റ്റിൻെറ ഇടപെടലും റിപോർട്ടറിൻെറ കവറേജിനെ സൂഷ്മതലത്തില്‍ മുന്നിലെത്തിക്കുന്നതിൽ സഹായകമായി.
വിവാദമുണ്ടാക്കുന്ന പരാമർശം ഉണ്ടായെങ്കിലും വി.എസിനെ അറിയുന്ന, അദ്ദേഹത്തിൻെറ രാഷ്ട്രീയ ഇടപെടലുകൾ വിശദീകരിക്കുന്ന റിപോർട്ടിങ്ങ് ശൈലിയാണ് ഡോ. അരുൺ കുമാറും സ്വീകരിച്ചത്.
ഇത് സി.പി.എം അണികളെയും വി.എസ്. ആരാധകരെയും ഒരുപോലെ ആകർഷിച്ചിരുന്നു. സി.പി.എം അണികൾക്ക് കടുത്ത എതിർപ്പുളള സ്മൃതി പരുത്തിക്കാടിനെ ഒരുപടി പിന്നിൽ നിർത്തിയ തന്ത്രവും റിപോർട്ടറിന് ഗുണമായി ഭവിച്ചു.
യൂണിവേഴ്സ് വിഭാഗത്തിൽ 191 നേടി ഒന്നാമതെത്തിയ റിപോർട്ടറിൻെറ നാലയലത്തുപോലുമില്ല മറ്റു ചാനലുകൾ എന്നതാണ് ശ്രദ്ധേയം. 153 പോയിൻറുമായി രണ്ടാം സ്ഥാനക്കാരായ ഏഷ്യാനെറ്റ് ന്യൂസ് പോയിൻറ് നിലയിൽ റിപോർട്ടറിനേക്കാൾ വളളപ്പാടുകൾക്ക് പിന്നിലാണ്.
എന്നാൽ റിപോർട്ടർ ഒന്നാമതെത്തുമെന്ന് ഉറപ്പിച്ച 'വി.എസ് കവറേജിൽ' രണ്ടാം സ്ഥാനം നേടിയതിൽ ഏഷ്യാനെറ്റ് ന്യൂസിന് ആശ്വസിക്കാം.
സാധാരണ വലിയ വാർത്താ സംഭവങ്ങൾ വരുമ്പോൾ ഏഷ്യാനെറ്റ് പിന്നിൽ പോകുന്നതായിരുന്നു പതിവ്. ആ പതിവ് ആവർത്തിക്കാത്തത് ഏഷ്യാനെറ്റ് ന്യൂസിനെ സംബന്ധിച്ചിടത്തോളം ശുഭകരമാണ്. വി.എസ് വാർത്തകളിൽ നല്ല കണ്ടൻറ് പ്രദാനം ചെയ്തതും ഏഷ്യാനെറ്റ് ന്യൂസായിരുന്നു.
മരണ വാർത്ത വന്ന ആദ്യ മണിക്കൂറുകളിലും പിന്നീടും ഉണ്ണി ബാലകൃഷ്ണനും വിനു.വി.ജോണും നടത്തിയ വിവരണം നല്ല നിലവാരം പുലർത്തിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിൻെറ ആർക്കൈവ്സിലുളള പഴയ വി.എസ് മുഹൂർത്തങ്ങളും അവരുടെ റിപോർട്ടിങ്ങിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തി.
കണ്ടൻറിൽ എല്ലാക്കാലത്തും പിന്നിലാണെങ്കിലും വലിയ ഈവൻറുകളിൽ 'തളളി' മുന്നിലെത്താറുളള ആർ.ശ്രീകണ്ഠൻ നായരുടെ ട്വൻറിഫോർ ന്യൂസ് വി.എസ് നിര്യാണത്തിൽ തകർന്നടിഞ്ഞു.
ഏറെ പിന്നിലായി മൂന്നാം സ്ഥാനം ലഭിച്ചെങ്കിലും ഒന്നാം സ്ഥാനക്കാരായ റിപോർട്ടർ ടിവിയേക്കാൾ 66 പോയിൻറ് പിന്നിലാണ്. രണ്ടാം സ്ഥാനക്കാരായ ഏഷ്യാനെറ്റ് ന്യൂസിനേക്കാൾ 26 പോയിൻറും കുറവുണ്ട്.
കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 125 പോയിൻറ് മാത്രമാണ് ട്വൻറി ഫോറിന് ലഭിച്ചത്. ശ്രീകണ്ഠൻ നായരും ഹാഷ്മി താജ് ഇബ്രാഹിമും എസ്.വിജയകുമാറും ബി. ദിലീപ് കുമാറുമാണ് ട്വൻറി ഫോറിന് വേണ്ടി വി.എസ് വാർത്തകളും വിലാപ യാത്രയും റിപോർട്ട് ചെയ്തത്.
ശ്രീകണ്ഠൻ നായരുടെയും വിജയകുമാറിൻെറയും അവതരണത്തിലും റിപോർട്ടിങ്ങിലും ഒരു ആധികാരികതയും അനുഭവപ്പെട്ടില്ല. പ്രധാന അവതാരകനായ ഹാഷ്മി താജ് ഇബ്രാഹിം പലപ്പോഴും ഒരേ കാര്യം തന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത്.
അമിതമായി ഉപയോഗിക്കപ്പെട്ടതിനാൽ ഹാഷ്മിയുടെ വിവരണത്തിൽ പലപ്പോഴും വ്യക്തതപോലും ഉണ്ടായില്ല. ദിലീപ് കുമാറായിരുന്നു തമ്മിൽ ഭേദം. ദൃശ്യ മികവിലും വിഷ്വൽ ക്വാളിറ്റിയിലും ട്വൻറി ഫോർ വളരെ പിന്നിലായിരുന്നു.
വലിയ വാർത്തകൾ സംഭവിക്കുമ്പോൾ പഴയത് പോലെ ഗിമ്മിക്ക് കാണിച്ച് പിടിച്ചുനിൽക്കാൻ ശ്രീകണ്ഠൻ നായർക്കും ചാനലിനും കഴിയുന്നില്ല എന്നതാണ് പുതിയ റേറ്റിങ്ങ് കണക്കുകൾ നൽകുന്ന പാഠം. ഒപ്പം മരണപ്പെട്ട മുന്‍ മുഖ്യമന്ത്രിയുടെ പേര് മാറിപ്പോയതോടെ എസ് കെ എന്‍ ട്രോളുകളില്‍ മുന്നിലായി.
അതിനിടെ വി.എസ് നിര്യാണ വാർത്തയുടെ റിപോർട്ടിങ്ങ് മാറ്റുരക്കപ്പെട്ട ആഴ്ചയിൽ വീണ്ടും മനോരമയെ പിന്നിലാക്കി മാതൃഭൂമി ന്യൂസ് നാലാം സ്ഥാനം നിലനിർത്തി. കഴിഞ്ഞയാഴ്ച ഒരു പോയിൻറ് വ്യത്യാസത്തിൽ മനോരമ ന്യൂസിനെ മറികടന്ന് നാലാം സ്ഥാനത്തെത്തിയ മാതൃഭൂമി ന്യൂസ്, വി.എസ് റിപോർട്ടിങ്ങിലൂടെ 3 പോയിന്‍റ് വ്യത്യാസത്തില്‍ നാലാം സ്ഥാനം ഉറപ്പിക്കുന്നതാണ് കാണുന്നത്.
കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 61 പോയിൻറാണ് മാതൃഭൂമി ന്യൂസിൻെറ നേട്ടം. അഞ്ചാം സ്ഥാനക്കാരായ മനോരമ ന്യൂസിന് 58 പോയിൻറ് ലഭിച്ചു. അവതാരകർ അണിനിരന്നെങ്കിലും റിപോർട്ടർമാരെ മുൻനിർത്തിയുളള കവറേജാണ് വി.എസ് വാർത്തകളിൽ മാതൃഭൂമി ന്യൂസും മനോരമ ന്യൂസും നടത്തിയത്.
പരിചയ സമ്പത്തുളള റിപോർട്ടർമാരില്ല എന്നത് മാത്രമായിരുന്നു ന്യൂനത. വി.എസ് വാർത്തകളുടെ കവറേജിൽ കൈരളി ന്യൂസ് വലിയ അട്ടിമറി നടത്തി. ആറാം സ്ഥാനത്തുളള ന്യൂസ് മലയാളം 24X7 നെ മറികടന്ന് കൈരളി ആ സ്ഥാനത്തേക്ക് കടന്നിരുന്നു.
കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 42 പോയിൻറ് നേടിയാണ് കൈരളി ന്യൂസിൻെറ സമ്പാദ്യം. സമീപകാലത്ത് കൈരളിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പോയിൻറാണിത്.
മുൻ ആഴ്ചവരെ ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന ന്യൂസ് മലയാളത്തിന് 33 പോയിൻറ് മാത്രമാണ് ലഭിച്ചത്. എങ്ങും തൊടാതെയുളള ചതഞ്ഞ റിപോർട്ടിങ്ങാണ് ന്യൂസ് മലയാളത്തിന് വിനയായതെന്നാണ് വിലയിരുത്തൽ.
ചാനലിലെ പ്രധാനികളായ സനീഷും ഹർഷനും നടത്തിയ റിപോർട്ടിങ്ങ് പലപ്പോഴും വിരസമായിരുന്നു. 19 പോയിൻറുമായി ന്യൂസ് 18 കേരളം എട്ടാം സ്ഥാനത്തുണ്ട്. 13 പോയിൻറുമായി മീഡിയാ വൺ ചാനലാണ് റേറ്റിങ്ങ് പട്ടികയിൽ ഏറ്റവും പിന്നിൽ.
ജനം ടിവി ഈയാഴ്ചയും റേറ്റിങ്ങ് പട്ടികയിലില്ല. ബാർകുമായുളള കരാർ പുതുക്കാത്തത് കൊണ്ടാവും ജനം ടിവിയുടെ റേറ്റിങ്ങ് പുറത്തുവിടാത്തതെന്നാണ് സൂചന.