നിരീക്ഷണ ക്യാമറകള്‍ സൂപ്പര്‍ സ്മാര്‍ട്ടാക്കിയ കണ്ടുപിടുത്തം, എം.ജി സര്‍വകലാശാലയിലെ ഗവേഷകര്‍ക്ക് പേറ്റന്റ്. പുതിയ സാങ്കേതികവിദ്യ രാജ്യത്തെ നിര്‍മിത ബുദ്ധി അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങളെ ശക്തിപ്പെടുത്താന്‍ ഉപകരിക്കും

ദൃശ്യങ്ങള്‍ തരംതിരിക്കുന്ന വേഗം 83 ശതമാനം വര്‍ധിക്കും. വീഡിയോ പരിശോധിക്കുന്നതിന് വേണ്ടിവരുന്ന സമയനഷ്ടവും അനാവശ്യ ദൃശ്യങ്ങള്‍ ശേഖരിക്കുന്നതുമൂലമുണ്ടാകുന്ന സ്റ്റോറേജ് നഷ്ടവും പഴങ്കഥയാകും.

New Update
mg university patent holders
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: നിരീക്ഷണ ക്യാമറാ സംവിധാനത്തെ കൂടുതല്‍ സ്മാര്‍ട്ടാക്കിയ കണ്ടുപിടുത്തത്തിനു മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഗവേഷകര്‍ക്ക് ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചു.

Advertisment

നിരീക്ഷണ കാമറകളില്‍ ലഭിക്കുന്ന വീഡിയോകളിലെ അസ്വാഭാവിക ചലനങ്ങള്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ അതിവേഗം കണ്ടെത്തുകയും കൂടുതല്‍ വ്യക്തമാക്കി തത്സമയം ലഭ്യമാക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണിത്.


സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സസിലെ പി.എച്ച്.ഡി വിദ്യാര്‍ഥികളായ മിന്റു മോവി, നിഷ ഷംസുദ്ദീന്‍, വകുപ്പ് മേധാവി ഡോ. വി.ആര്‍. ബിന്ദു, അധ്യാപകനായ ഡോ. അബ്ദുല്‍ ജബ്ബാര്‍ എന്നിവരാണു കണ്ടെത്തലിനു പിന്നില്‍.


മിന്റു റെയര്‍ പാറ്റേണ്‍ മൈനിംഗിനെക്കുറിച്ചും നിഷ സൂപ്പര്‍ റെസൊല്യൂഷനെക്കുറിച്ചും ഗവേഷണം നടത്തിവരികയാണ്. 

നിരീക്ഷണ ക്യാമറകളിലെ തത്സമയ വീഡിയോകളിലെയും ആര്‍ക്കൈവ് വീഡിയോകളിലെയും ദൃശ്യങ്ങളില്‍ന്ന് അസ്വഭാവിക ചലനങ്ങള്‍ കണ്ടെത്താനാകും.  


ആളുകളുടെ നില്‍പ്പ്, ചലനം, ആളുകള്‍ തമ്മിലുള്ള അകലം, മുഖത്തിന്റെ വിശദാംശങ്ങള്‍, പരിസരത്തെ കാഴ്ച്ചകള്‍ എന്നിവ ക്ലസ്റ്ററിങ് സംവിധാനത്തിലൂടെ വിശകലനം ചെയ്യുന്നതാണു പ്രധാന പ്രത്യേകത.


പ്രസക്തമായ ദൃശ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്നതുകൊണ്ടുതന്നെ ഈ സാങ്കേതിക വിദ്യ പ്രവര്‍ത്തിക്കുന്നതിന് 75 ശതമാനം കുറവ് മെമ്മറി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. 

ദൃശ്യങ്ങള്‍ തരംതിരിക്കുന്ന വേഗം 83 ശതമാനം വര്‍ധിക്കും. വീഡിയോ പരിശോധിക്കുന്നതിന് വേണ്ടിവരുന്ന സമയനഷ്ടവും അനാവശ്യ ദൃശ്യങ്ങള്‍ ശേഖരിക്കുന്നതുമൂലമുണ്ടാകുന്ന സ്റ്റോറേജ് നഷ്ടവും പഴങ്കഥയാകും.

കുറഞ്ഞ വെളിച്ചത്തിലും കൂടുതല്‍ ദൂരത്തുനിന്നും ലഭിക്കുന്ന ദൃശ്യങ്ങള്‍ സൂപ്പര്‍ റസൊല്യൂഷന്‍ സാങ്കേതിക വിദ്യയിലൂടെയാണ് കൂടുതല്‍ വ്യക്തമാക്കുക.


ഈ ദൃശ്യങ്ങള്‍ വാട്‌സാപ്പ് മുഖേന തത്സമയം നല്‍കുന്നതുകൊണ്ട് അവശ്യ സാഹചര്യങ്ങളില്‍ കുറ്റാന്വേഷണം പോലുള്ള തുടര്‍ നടപടികള്‍ അതിവേഗത്തിലാക്കാന്‍ കഴിയും. നിലവിലുള്ള ഏതു സിസിടിവി സംവിധാനത്തിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ സാധിക്കുമെന്നു ഡോ. ബിന്ദു പറഞ്ഞു.


നിലവില്‍ ഈ മേഖലയില്‍ രാജ്യാന്തര തലത്തില്‍ അനുവദിച്ചിട്ടുള്ള പേറ്റന്റുകളുമായി താരതമ്യം ചെയ്താണ് കേന്ദ്ര സര്‍ക്കാരിന്റെ പേറ്റന്റ് ഓഫീസ് അംഗീകാരം നല്‍കിയത്. സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സസിനു ലഭിക്കുന്ന ആദ്യ പേറ്റന്റാണ്.

ഈ കണ്ടെത്തലിന് മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ റിസര്‍ച്ച് ഇന്‍കുബേഷന്‍ പ്രോഗ്രാമില്‍ ബെസ്റ്റ് റിസര്‍ച്ച് ഇന്നവേറ്റീവ് പ്രാക്ടീസ് അവാര്‍ഡ് ലഭിച്ചിരുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ റിസര്‍ച്ച് ഇന്നവേഷന്‍ നെറ്റ് വര്‍ക്ക് കേരളയുടെ സീഡ് ഫണ്ടിംഗും നേടി.

രാജ്യത്തെ നിര്‍മിത ബുദ്ധി അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങളെ ശക്തിപ്പെടുത്താന്‍ ഉപകരിക്കുന്ന കണ്ടുപിടുത്തമാണിതെന്നു സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു.

Advertisment