കോട്ടയം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡയറ്റുകളിലെ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങുന്നതായി പരാതി. കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം 60%, സംസ്ഥാന സര്‍ക്കാര്‍ വിഹിതം 40% എന്നിങ്ങനെ ഉപയോഗിച്ചാണ് ഡയറ്റ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. ഇതില്‍ കേന്ദ്ര വിഹിതം നല്‍കാത്ത സാഹചര്യത്തിലാണ് ശമ്പളം മുടങ്ങിയതെന്നാണ് സര്‍ക്കാര്‍ വാദം.
ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ മാത്രം ശമ്പളം നല്‍കുന്നതിനാല്‍ വിഭാഗത്തിലെ തുച്ഛവേതനക്കാരായ ജീവനക്കാര്‍ ബുദ്ധിമുട്ടുകയാണ്. എല്ലാ ജില്ലകളിലുമായി മൂന്നൂറോളം ജീവനക്കാരെയാണ് ശമ്പള വിതരണത്തിലെ അപാകം ബാധിച്ചിരിക്കുന്നത്.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ശമ്പളം മെയ് 15നാണ് പലര്‍ക്കും ലഭിച്ചത്. ജൂണിലെ ശമ്പളം ഇതുവരെ കിട്ടിയിട്ടുമില്ലെന്നു ജീവനക്കാര്‍ പറയുന്നു. തുടര്‍ച്ചയായ പരാതികള്‍ക്കൊടുവിലാണു ശമ്പളം നല്‍കാന്‍ തയാറാകുന്നതെന്നു ജീവനക്കാര്‍ പറയുന്നു. എല്ലാ ജില്ലകളിലും ഡയറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും മെയ് മാസത്തില്‍ ശമ്പള വിതരണം വൈകിയിരുന്നതായി ജീവനക്കാര്‍ പറയുന്നു.
ഓരോ ഡയറ്റിലും 10 അധ്യാപകരും 10 ഓഫീസ് ജീവനക്കാരുമുണ്ട്. അനധ്യാപക ജീവനക്കാര്‍ സംസ്ഥാന ഫണ്ടിന്റെ പരിധിയിലാണെങ്കിലും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കേഡര്‍ തസ്തികയിലാണ് ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇവരുടെ ശമ്പളവും ആനുകുല്യങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കു ശമ്പളം നല്‍കുന്ന ഹെഡില്‍ നിന്നാണു നല്‍കേണ്ടതെങ്കിലും പാലിക്കപ്പെടുന്നില്ല. ഒരേ വകുപ്പില്‍ രണ്ടു രീതി വിദ്യാഭ്യാസ വകുപ്പ് സൃഷ്ടിക്കുകയാണെന്നും ജീവനക്കാര്‍ക്കു പരാതിയുണ്ട്.