കോട്ടയം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പര്‍ച്ചേസിങ് സംവിധാനം പരിഷ്‌കരിക്കണമെന്ന് ആവശ്യം.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്.ഹാരിസിന്റെ തുറന്നെഴുത്തു വിവാദമായതോടെയാണ് മെഡിക്കല്‍ കോളജുകളിലെ ദുരവസ്ഥ പുറം ലോകം അറിഞ്ഞത്.
പിന്നാലെ കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു വീണു രോഗിയുടെ അമ്മ മരിക്കുകയും പത്തുവയസുള്ള കുട്ടി ഉള്‍പ്പടെ മൂന്നു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതോടെ ആരോഗ്യ സംവിധാനങ്ങളുടെ ജീര്‍ണാവസ്ഥ പൊതുജനം മനസിലാക്കി.
ആശുപത്രിയില്‍ ഓപ്പറേഷന് ആവശ്യമായ ഉപകരണങ്ങള്‍ രോഗികള്‍ തന്നെ വാങ്ങേണ്ടി വരുന്നു എന്നാണു ഡോ. ഹാരിസ് വെളിപ്പെടുത്തിയത് സംസ്ഥാന സര്‍ക്കാരിനെ പോലും പ്രതിരോധത്തിലാക്കി.
സംസ്ഥാനത്തെ മിക്ക മെഡിക്കല്‍ കോളജുകളിലെയും അവസ്ഥ ഇതു തന്നെയാണ്.
കോട്ടയം മെഡിക്കല്‍ കോളജില്‍ കേടായ ഉപകരണങ്ങള്‍ കൃത്യസമയത്തു മാറ്റിവെക്കുന്നില്ലെന്ന ആരോപണം ഏറെക്കാലമായി ഉയരുന്നുണ്ട്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപ്രതി നേത്ര വിഭാഗത്തിലെ ലേസര്‍ മെഷീന്‍ തകരാറിലായി കിടന്നത് ഒരു വര്‍ഷത്തോളാണ്.
രോഗികള്‍ ചികിത്സ കിട്ടാതെ പ്രതിസന്ധിയിലായിട്ടും നടപടി എടുത്തിരുന്നില്ല.
ഇവിടുത്തെ ഒ.സി.ടി മെഷീന്റെ പ്രവര്‍ത്തനവും കാര്യക്ഷമമല്ലെന്നും ആരോപണം ഉണ്ട്. വാര്‍ത്തകളും ജനങ്ങളുടെ പ്രതിഷേധവും ശക്തമായതോടെയാണ് അധികൃതര്‍ ചെറുവിരലെങ്കിലും അനക്കിയത്.
കഴിഞ്ഞ ഒരു വര്‍ഷക്കാലം സ്വകാര്യ കണ്ണാശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു രോഗികള്‍. സ്വകാര്യ കണ്ണാശുപത്രിയില്‍ ഒരു തവണ ലേസര്‍ ചെയ്യണമെങ്കില്‍ 3000 മുതല്‍ 4000 രൂപ വരെ നല്‍കണം.
മറ്റു ഡിപ്പാര്‍ട്ടുമെന്റുകളിലേയും അവസ്ഥയും വ്യത്യസ്ഥമല്ല. ഒ.പി വിഭാഗത്തില്‍ ട്രോളി, വീല്‍ച്ചെയര്‍ എന്നിവയുടെ അഭാവം രോഗികളെയും ബന്ധുക്കളെയും ബുദ്ധിമുട്ടിക്കുന്നുണ്ട്.
കൈകാല്‍ ഒടിഞ്ഞും ശാരീരിക അവശതകളുള്ളവരെയും ചുമന്നു കൊണ്ടുപോകേണ്ട ഗതികേടാണ്. ആംബുലന്‍സിലോ മറ്റു വാഹനത്തിലോ എത്തുന്നവരെ ഒ.പിയില്‍ യഥാസമയം എത്തിക്കാനാകുന്നില്ല.
ഏറെ നേരം ഒ.പിയുടെ മുന്നില്‍ വാഹനത്തില്‍ ഇരിക്കേണ്ട അവസ്ഥയുണ്ട്.