കോട്ടയം: നാലു മാസത്തിനിടെ ഏഴുപതോളം പേര്‍ സംസ്ഥാനത്തു വൈദ്യുതാഘാതമേറ്റു മരിച്ചിട്ടും അപകടങ്ങളില്‍ നിന്നു പാഠം പഠിക്കാതെ കെ.എസ്.ഇ.ബി. ഷോക്കേറ്റുള്ള മരണങ്ങളില്‍ എട്ടെണ്ണം വൈദ്യുതി ലൈന്‍ പൊട്ടിവീണുള്ളതായിരുന്നു. അപകടാവസ്ഥയിലുള്ള പോസ്റ്റുകള്‍ നാട്ടുകാര്‍ പരാതി പറഞ്ഞാലേ മാറ്റു എന്ന നിലപാടിലാണു കെ.എസ്.ഇ.ബി.
കുമരകം ചൂളഭാഗത്തു ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ചെരിഞ്ഞ് അപകടാവസ്ഥയിലാണ്. ഓട നിര്‍മ്മാണത്തിനു ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റിന്റെ ചുവട്ടിലെ മണ്ണ് നീക്കം ചെയ്തതിനാല്‍ ശക്തമായ മഴ പെയ്യുമ്പോള്‍ പോസ്റ്റിനു ചുവട്ടില്‍ ഉള്ള മണ്ണ് വീണ്ടും ഒലിച്ചുപോയി കൊണ്ടിരിക്കുന്നതിനാല്‍ ഏതു നിമിഷവും വലിയൊരു അപകടം സംഭവിക്കാം എന്ന് അവസ്ഥയിലാണ്.
പെരുവയില്‍ അപകട കെണിയൊരുക്കി കാടുകയറിയ വൈദ്യുതി തൂണും റോഡിലേക്കു ചരിഞ്ഞു നിന്ന വൈദ്യുതി തൂണും അധികൃതര്‍ പിഴുതു മാറ്റിയതു നിരന്തരമായ പരാതിയെ തുടര്‍ന്നായിരുന്നു.
കെ.എസ്.ഇ.ബി. പെരുവ സബ് ഡിവിഷന്റെ കീഴിലുള്ള കുന്നപ്പള്ളി ആകൃമാലി ജങ്ഷനില്‍ നിന്നു മടത്താട്ട് കോളനി വരെയുള്ള വൈദ്യുതി തൂണുകളാണു റോഡിലേക്കു മറിഞ്ഞുവീഴാന്‍ പാകത്തിനു നിന്നിരുന്നത്.
ഇതിലൂടെയുള്ള വൈദ്യുതി ലൈനുകള്‍ മാറ്റി പുതിയ തൂണുകളിലേക്കു സ്ഥാപിച്ചെങ്കിലും ചെരിഞ്ഞുനില്‍ക്കുന്ന തൂണുകള്‍ മാറ്റാന്‍ അധികൃതര്‍ നടപടിഎടുത്തിരുന്നില്ല.
ദിവസവും നൂറുകണക്കിനു വാഹനങ്ങളും കാല്‍നട യാത്രക്കാരും സഞ്ചരിക്കുന്ന വഴിയാണിത്. ചരിഞ്ഞു നില്‍ക്കുന്ന നിരവധി തൂണുകള്‍ മാറ്റി സ്ഥാപിച്ച വൈദ്യുതി ലൈനിന്റെ നടുക്കായിരുന്നു. വൈദ്യുതി തൂണുകള്‍ മറിഞ്ഞുവീണാല്‍ വൈദ്യുതി ലൈന്‍ ഉള്‍പ്പെടെ പൊട്ടിവീഴാന്‍ സാധ്യത ഏറെയായിരുന്നു.
പിന്നാലെയാണു നാട്ടുകാര്‍ പരാതി പറഞ്ഞത്. നാട്ടില്‍ പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ സമാന അവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റുകൾ ഉണ്ട്. ഓഗസ്റ്റ് 15ന് മുന്‍പു സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളും പോസ്റ്റുകളും പരിശോധിക്കുമെന്നും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.