കോട്ടയം: ഇന്ത്യയിലേക്ക് മടങ്ങിപ്പോകൂയെന്നും വൃത്തികെട്ടവരാണെന്നും പറഞ്ഞ് മലയാളിയായ ബാലിക നേരേ വംശീയാധിക്ഷേപം നടത്തി അയര്‍ലന്‍ഡ് വംശജരായ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നു കുടുംബം.
കോട്ടയം സ്വദേശിനിയായ നഴ്സിന്റെ ആറ് വയസുള്ള മകള്‍ക്ക് നേരെയാണ് അധിക്ഷേപം നടന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണു സംഭവം.
പത്ത് മാസം പ്രായമുള്ള ഇളയ കുഞ്ഞിന് ഭക്ഷണം കൊടുക്കാനായി മാതാവ് അകത്തേക്ക് പോയ സമയത്താണ് സംഭവം.
വീടിന് പുറത്ത് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള അഞ്ച് ആണ്‍കുട്ടികള്‍ ചേര്‍ന്നാണ് വംശീയമായി അധിക്ഷേപിച്ചത്.
ഇവര്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും മുഖത്ത് ഇടിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തതായും ആരോപണമുണ്ട്. പെണ്‍കുട്ടി കരയുന്നത് കണ്ട് വിവരം അന്വേഷിച്ചു.
സൈക്കിളില്‍ എത്തിയ ആണ്‍കുട്ടികള്‍ കുട്ടിയുടെ സ്വകാര്യഭാഗത്തും കഴുത്തിലും ഇടിച്ചു. മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തെന്ന് കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി പറഞ്ഞു.
സംഭവത്തിന് ശേഷം, സംഘം സൈക്കിളില്‍ മടങ്ങി. എട്ട് വര്‍ഷമായി വാട്ടര്‍ഫോര്‍ഡില്‍ നഴ്സായി ജോലി ചെയ്യുകയാണ് പെണ്‍കുട്ടിയുടെ മാതാവ്. ഇവര്‍ അടുത്തകാലത്താണ് ഐറിഷ് പൗരത്വം നേടിയത്.
സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. അയര്‍ലണ്ടില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെയുള്ള വംശീയാധിക്ഷേപവും ആക്രമണവും തുടര്‍ക്കഥയാകുകയാണ്. ഇതേ തുടർന്ന്, ഇന്ത്യന്‍ വംശജര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അയര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസി മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു.