പാലാ: മുണ്ടാങ്കലിൽ അമിത വേഗത്തിൽ എത്തിയ കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ ആറാം ക്ലാസുകാരി അന്നമോൾ മരിച്ചു. അപകടത്തിൽ അന്നമോളുടെ അമ്മ ജോമോൾ മരണപ്പെട്ടിരുന്നു.
അന്നമോൾ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നുള്ള പ്രതീക്ഷയായിരുന്നു ബന്ധുകൾക്ക്. അന്നമോളടെ തിരിച്ചുവരവിനായുള്ള നാടിൻ്റെ പ്രാർഥന വിഫലമാക്കിക്കൊണ്ടാണ് ദുഖ വാർത്ത ബന്ധുക്കൾ പങ്കുവെക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 9.30 ന് അന്നമോളുടെ പാലാ സെൻ്റ് മേരീസ് സ്കൂളിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ പാഞ്ഞ എക്കോസ്പോട്ട് കാർ അന്നമോളെയുമായി സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറും മറ്റൊരു സ്കൂട്ടറും ഇടിച്ചു തെറുപ്പിക്കുകയായിരുന്നു.
അന്നമോളുടെ അമ്മ പാലാ ഇളംതോട്ടം അമ്മയാനിക്കൽ ബെന്നിയുടെയും ഐഷയുടെയും മകൾ ജോമോൾ സംഭവസ്ഥലത്തു വച്ചുതന്നെ മരണമടഞ്ഞിരുന്നു. അപകടത്തിൽ മരിച്ച പാലാ മീനച്ചിൽ അഗ്രോ സൊസൈറ്റിയിൽ കലക്ഷൻ ഏജൻ്റായ ധന്യയും അപകടത്തിൽ മരിച്ചിരുന്നു.
അപകടത്തിനിടയാക്കിയ വാഹനമോടിച്ച 24 കാരനായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. രണ്ടാം വർഷ ബി.എഡ് വിദ്യാർഥിയും ഇടുക്കി നെടുങ്കുന്നം ചെറുവിള വീട്ടിൽ ചന്ദൂസ് (24) ആണ് അറസ്റ്റിലായത്. യുവാവിൻ്റെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു.