/sathyam/media/media_files/LAsppTJ1EHTdOMHodgMp.jpg)
കോട്ടയം: ജില്ലാ സമ്മേളനം പൂര്‍ത്തിയായെങ്കിലും സി.പി.ഐയില്‍ വിവാദം കത്തുന്നു.
പുതിയ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പും വിവാദത്തിനു വഴിതുറന്നിരിക്കുകയാണ്.
ചിലര്‍ കമ്മറ്റിയില്‍ വരാതിരിക്കാന്‍ മനപ്പൂര്‍വം ഇടപെടലുകള്‍ നടത്തിയെന്നാണ് ആരോപണം.
ജില്ലാ കമ്മിറ്റിയിലേക്ക് ഉറപ്പായും വരുമെന്നു കരുതിയവരെ ഒഴിവാക്കാന്‍ 70 കടന്നു നേതാവിനെ നിലനിര്‍ത്തി എന്നാണ് ഒരാക്ഷേപം.
പ്രവര്‍ത്തന പരിചയം നന്നേ കുറവുള്ള വനിതാ നേതാവിനെയും സീനിയോറിറ്റി പരിഗണിക്കാതെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതും ചിലരെ പ്രകോപിപ്പിച്ചു.
ഒരേ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നു നാലു പേരെ ജില്ലാ കമ്മിറ്റിയിലേക്കു പരിഗണിച്ചതും മറ്റു മേഖലകളില്‍ ഉള്ളവരെ ചൊടിപ്പിച്ചിരിക്കുകയാണ്.
ഇതു കേട്ടു കേള്‍വി പോലുമില്ലാത്ത കാര്യമാണെന്ന് ആക്ഷേപമുണ്ട്.
കാഞ്ഞിരപ്പള്ളി മണ്ഡലവുമായി ബന്ധപ്പെട്ടാണ് ഈ നീക്കങ്ങള്‍ എല്ലാം എന്നതു വിവാദങ്ങള്‍ ശക്തിപ്പെടാന്‍ കാരണമാകുന്നു.
സമ്മേളനം അവസാനിച്ചതിനു പിന്നാലെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇതേ ചൊല്ലിയുള്ള ചര്‍ച്ചകള്‍ രൂക്ഷമായി നടക്കുകയാണ്.
മറ്റു ചില കമ്മിറ്റികളിലും ഇതേ തോതില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. അതേസമയം, ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ച വിഭാഗീയത സംബന്ധിച്ചു തുടര്‍നടപടികള്‍ എന്തെങ്കിലും ഉണ്ടാകുമോ എന്നും പ്രാദേശിക നേതാക്കളും അണികളും കാത്തിരിക്കുകയാണ്.
ഏറ്റുമാനൂര്‍, കടുത്തുരുത്തി മണ്ഡലങ്ങളില്‍ വിഭാഗീയത രൂക്ഷം എന്നായിരുന്നു ജില്ലാ സമ്മേളന റിപ്പോര്‍ട്ട്.
പ്രാദേശിക നേതൃത്വത്തിനു വിഭാഗീയത പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉണ്ടായിരുന്നു.
ഈ സാഹചര്യത്തില്‍ പുതിയ കമ്മറ്റി വിഷയത്തില്‍ ഇടപെടലുകള്‍ നടത്തുമോ എന്നതും ശ്രദ്ധേയമാണ്.
സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകളില്‍ വിഭാഗീയതയ്ക്കു കുടപിടിക്കുന്നതു സെക്രട്ടറിയാണെന്നു പ്രതിനിധികളില്‍ ഒരു വിഭാഗം ഉന്നയിച്ചിരുന്നു.
പുതിയ സെക്രട്ടറിയെ അനുകൂലിക്കുന്നവരാണ് ഇവര്‍ എന്നതിനാല്‍ കാര്യമായ നടപടിക്കു സാധ്യത ഇല്ലെന്നാണു വിലയിരുത്തല്‍.