/sathyam/media/media_files/2024/11/16/Moy5vP6VMck3ahtjGirh.jpg)
കോട്ടയം: ശബരി റെയില്‍ പദ്ധതി 2019ല്‍ മരവിപ്പിച്ച ഉത്തരവ് ഭൂമിയേറ്റെടുത്താലുടന്‍ പിന്‍വലിക്കുമെന്ന റെയില്‍വേ ബോര്‍ഡ് തീരുമാനത്തില്‍ പ്രതീക്ഷയേറുന്നു. നിലവിലെ തീരുമാനങ്ങള്‍ പദ്ധതിക്കു വേഗം പകരുന്നതാണ്.
മധ്യകേരളത്തിന്റെ വികസനത്ത് കുതിപ്പേകുന്ന പദ്ധതി യാഥാര്‍ഥ്യത്തിക്കേ് അടുക്കുന്ന് പ്രതീക്ഷയോടെയാണ് ജനം നോക്കിക്കാണുന്നത്. സംസ്ഥാനം ഭൂമിയേറ്റെടുത്താലുടന്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന് വ്യക്തമാക്കി റെയില്‍വേ ബോര്‍ഡ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ വിവേക് കുമാര്‍ ചീഫ്‌സെക്രട്ടറി ഡോ. എ. ജയതിലകിന് കത്ത് നല്‍കിയിരുന്നു.
കേരളം ഉറപ്പ് നല്‍കിയ പകുതി തുകയില്‍നിന്നുള്ള വിഹിതം സ്ഥലമെടുക്കാന്‍ വിനിയോഗിക്കാം. 2019ല്‍ പദ്ധതി മരവിപ്പിച്ച ഉത്തരവ് ഭൂമിയേറ്റെടുത്താലുടന്‍ പിന്‍വലിക്കുമെന്നും ഉറപ്പുനല്‍കി. അടിയന്തര നടപടികളെടുക്കാന്‍ ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ക്കും റെയില്‍വേബോര്‍ഡ് കത്തയച്ചിട്ടുണ്ട്.
പദ്ധതിച്ചെലവായ 3800.93 കോടിയുടെ പകുതിയായ 1900.47 കോടി കേരളം നല്‍കണമെന്നാണ് കേന്ദ്രനിര്‍ദ്ദേശം. ഇത് സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയത് കേരളത്തിന് തിരിച്ചടിയാണ്. പകുതിചെലവിന് ഉപാധിവയ്ക്കാന്‍ മന്ത്രിസഭായോഗമാണ് തീരുമാനിച്ചതെന്നതിനാല്‍ തീരുമാനം മാറ്റാനും മന്ത്രിസഭാതീരുമാനം വേണ്ടിവരും.
111 കിലോമീറ്റര്‍ ശബരിപാതയ്ക്കായി എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ 416 ഹെക്ടറോളം ഭൂമിയേറ്റെടുക്കണം. 1400 കോടിയോളം കേരളം മുടക്കേണ്ടിവരും. എറണാകുളത്ത് 152 ഹെക്ടറില്‍ 24.4 ഹെക്ടര്‍ നേരത്തേ ഏറ്റെടുത്തിട്ടുണ്ട്. ഇടുക്കിയില്‍ മുഴുവന്‍ ഭൂമിയും കോട്ടയത്തെ 2 വില്ലേജുകളിലും ഏറ്റെടുക്കേണ്ട ഭൂമികല്ലിട്ട് തിരിച്ചിട്ടുണ്ട്.
അങ്കമാലി-എരുമേലി ശബരി റെയില്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്നത് 15 ശതമാനം വര്‍ധനവാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നു കൂടുതല്‍ തീര്‍ഥാടകര്‍ എത്തും.
റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും പദ്ധതി സഹായിക്കും. പ്രത്യേകിച്ചും ശബരിമല സീസണുകളില്‍ ഉണ്ടാകുന്ന യാത്രാതടസങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാം.റെയില്‍വേ ലൈന്‍ വരുന്നതോടെ പുതിയ വ്യവസായങ്ങള്‍ തുടങ്ങാനും, അതുവഴി സാമ്പത്തിക വികസനവും സാധ്യമാകും.