/sathyam/media/media_files/2025/08/13/images-1280-x-960-px25-2025-08-13-10-43-35.jpg)
കോട്ടയം: കിടക്കകളുടെ അഭാവം മൂലം വാര്‍ഡിലെ കട്ടിലിന്റെ അടിയില്‍ വരെയാണ് രോഗികള്‍ കിടക്കുന്ന കാഴ്ച കാണാന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയാല്‍ മതി.
മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗത്തില്‍ രോഗികള്‍ക്ക് കിടക്കകളുടെ അഭാവമെന്നു പരാതി ഉയരാന്‍ തുടങ്ങിയിട്ട് നാളുകളായി.
ആന്‍ജിയോഗ്രാം ചെയ്തു കഴിഞ്ഞു വരുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതോടെ ദുരിതത്തിലായിരിക്കുകയാണ്. ആന്‍ജിയോഗ്രാം ചെയ്ത രണ്ടു രോഗികള്‍ വീതമാണ് ഒരു കിടക്കയില്‍ കിടക്കുന്നത്.
ഇതു രോഗികള്‍ക്കു പല ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ചെങ്കില്‍ മാത്രമെ രോഗികളുടെ പ്രതിസന്ധി മറിക്കാന്‍ സാധിക്കുകയുള്ളുവെന്നു രോഗികള്‍ പറയുന്നു.
മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗത്തില്‍ വിദഗ്ദ്ധ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.
അതേസമയം നിലവിലെ കാര്‍ഡിയോളജി ബ്ലോക്കിനു സമീപത്തായി 36 കോടി രൂപ ചെലവില്‍ പുതിയ കാര്‍ഡിയോളജി ബ്ലോക്ക് നിര്‍മാണം നടന്നു വരികയാണ്. ഇവിടെ പേ വാര്‍ഡ് അടക്കം ഏര്‍പ്പെടുത്തുന്നുണ്ട്.
ഇതിന്റെ പ്രവര്‍ത്തനം തുടങ്ങുന്ന മുറയ്ക്ക് രോഗികളുടെ കിടക്കാനുള്ള സൗകര്യം വര്‍ധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. എന്നാല്‍, ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ സ്ഥിതി ഇതു തന്നെയാണെന്നു രോഗികളും കൂട്ടിരുപ്പുകാരും പറയുന്നു.