/sathyam/media/media_files/2025/08/13/mv-govindan-mar-joseph-pamplany-2025-08-13-15-00-04.jpg)
കോട്ടയം: ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ക്ക് നേരേയുണ്ടായ പോലീസ് നടപടിയിലെ നിലപാടുകളെച്ചൊല്ലി സി.പി.എമ്മും കത്തോലിക്കാ സഭയും പരസ്യപോരിലേക്കു നീങ്ങുകയാണ്. അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നന്ദി പറഞ്ഞതിനെക്കുറിച്ചുള്ള സി.പി.എം നേതാക്കളുടെ പ്രതികരണമാണ് പ്രസ്താവനായുദ്ധത്തിലേക്ക് നയിച്ചത്.
ആര്‍ച്ച് ബിഷപ്പ് അവസരവാദിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരാമര്‍ശം സഭയെ ചൊടിപ്പിച്ചു. എ.കെ.ജി സെന്ററില്‍നിന്ന് തിട്ടൂരം വാങ്ങിയശേഷം മാത്രമേ മെത്രാന്മാര്‍ പ്രസ്താവന നടത്താന്‍ പാടുള്ളൂവെന്ന സമീപനം ഉള്ളിലൊളിപ്പിച്ചുവെച്ച ഫാസിസത്തിന്റെ മറ്റൊരു മുഖമാണെന്ന് പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അതിരൂപത തിരിച്ചടിച്ചു.
എന്നാല്‍, ബിഷപ്പ് പാംപ്ലാനിയുടെ നിലപാടുകളെ വിശ്വാസികള്‍ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയുണ്ട്. ക്രൈസ്ത വിശ്വാസികളുടെ ഗ്രൂപ്പുകളില്‍ പാംപ്ലാനിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. തിട്ടൂരം കിട്ടിയതുപോലെയാണ് ബിഷപ് പാംപ്ലാനി ബി.ജെ.പിയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്.
കേരളത്തില്‍ സര്‍വ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കുമ്പോഴും കേരളം വിട്ടാലുള്ള അവസ്ഥയെക്കുറിച്ചു പാംപ്ലാനിമാര്‍ ചിന്തിക്കുന്നത് നല്ലതായിരിക്കുമെന്നു വിശ്വാസികള്‍ ഓര്‍മിപ്പിക്കുന്നു. സി.പി.എമ്മിനെ എതിര്‍ക്കുന്നതിന്റെ പത്തിലൊന്ന് ആര്‍ജവം ബി.ജെ.പിയുടെ ക്രൈസ്തവവേട്ടക്കെതിരെ പ്രതികരിക്കുന്നതില്‍ പാംപ്ലാനി കാട്ടിയിട്ടില്ല.
ബിജെപിക്ക് ചൂട്ടുപിടിക്കുന്ന തരത്തില്‍ പാംപ്ലാനി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ചത് സഭയ്ക്കെതിരാണെന്നു വരുത്തിത്തീര്‍ക്കുന്നത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും സംഘപരിവാര്‍ കൂട്ടുകെട്ട് പുറത്തുവരാതിരിക്കാനുള്ള ശ്രമമായും വിലയിരുത്തപ്പെടുന്നുണ്ട്.
കേരളത്തിന് പുറത്ത് നാലായിരത്തിലധികം അക്രമങ്ങള്‍ ക്രൈസ്തവർക്ക് നേരെ അരങ്ങേറി, പള്ളികള്‍ തകര്‍ക്കപ്പെട്ടു. ഒഡീഷയില്‍ പള്ളി തകർക്കപ്പെട്ടതോടെ സി.പി.എം ഓഫീസുള്‍പ്പെടെ പ്രാര്‍ഥനയ്ക്കും കുര്‍ബാനയ്ക്കും വിട്ടുനല്‍കിയ ചരിത്രവുമുണ്ട്.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തപ്പോള്‍ ഓടിയെത്തിയതും കേരളത്തിലെ ഇടതുപക്ഷ എംപിമാള്‍ ഉള്‍പ്പെടയുള്ളവരാണ്. അന്നൊക്കെ പേരിനുമാത്രം പ്രതികരിച്ച പാംപ്ലാനിക്കെതിരെ വിശ്വാസികള്‍ക്കിടയില്‍ നിന്നു കനത്ത പ്രതിഷേധമുണ്ടായി.
ബജ്രംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മയടക്കമാണ് ആക്രമിച്ചതെന്ന് കന്യാസ്ത്രീകളും പെണ്‍കുട്ടികളും മൊഴി നല്‍കിയിട്ടും, അന്വേഷണം നടക്കുന്നതിനാല്‍ ആരാണ് ആക്രമിച്ചതെന്ന് പറയാനില്ലെന്നായിരുന്നു പാംപ്ലാനിയുടെ പ്രതികരണം.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ആരൊക്കെയോ ശ്രമിക്കുകയാണെന്ന് പറഞ്ഞ് ബിജെപിയോട് ചേര്‍ന്നു നല്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നുമാണ് വിമര്‍ശനം.