/sathyam/media/media_files/2025/08/13/suresh-gopi-visit-2025-08-13-17-42-08.jpg)
കോട്ടയം: രാഹുല്‍ ഗാന്ധി തുറന്നിട്ട 'വോട്ട് കൊള്ള'യെന്ന ആറ്റംബോംബ് തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലും വിവാദങ്ങളുടെ മാലപ്പടക്കത്തിനാണു തിരികൊളുത്തിയിരിക്കുന്നത്. സഹോദരന്റെയും കുടുംബത്തിന്റെയും ഇരട്ടവോട്ട്, മണ്ഡലത്തില്‍ വീടില്ലാത്ത ഡ്രൈവര്‍ക്കും വോട്ട് തുടങ്ങി സുരേഷ് ഗോപിയെ പ്രതിരോധത്തിലാക്കുന്ന നിവരവധി ആരോപണങ്ങള്‍ ഉയര്‍ന്നു.
എന്നാല്‍, തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ബി.ജെ.പിക്കു വേണ്ടി വ്യാപകമായി കള്ളവോട്ടുകള്‍ ചേര്‍ത്തുവെന്ന കണ്ടെത്തല്‍ സംഘര്‍ഷത്തിലേക്കു നീങ്ങുന്നതിനിടെയാണ് എം.പിയുടെ സന്ദര്‍ശനം.
കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും ആരോപണങ്ങളോടും, മാധ്യമ വാര്‍ത്തകളോടും മൗനം പാലിച്ച സുരേഷ് ഗോപി ഛത്തീസ്ഗഢില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കന്യാസ്ത്രീകളില്‍ ഒരാളായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട് സന്ദര്‍ശിക്കുയും തുടര്‍ന്ന് എറണാകുളം കോതമംഗലത്തു മതപരിവര്‍ത്തനം ആരോപിച്ചു ആത്മഹത്യ ചെയ്ത ആത്മഹത്യ ചെയ്ത യുവതിയുടെ വീടും സന്ദര്‍ശിച്ചു.
ബി.ജെ.പി പ്രവര്‍ത്തകര്‍ റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ എം.പിക്കു പ്രതിരോധം തീര്‍ക്കുകയായിരുന്നു. അതേസമയം, ബി.ജെ.പിയുടെ സൈബര്‍ ടീം ഡാമേജായ പാര്‍ട്ടിയുടെയും കേന്ദ്ര മന്ത്രിയുടെയും മേക്കോവറിനാണ് ആഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
തുടക്കം മുതല്‍ കേന്ദ്ര മന്ത്രി ഇടപെട്ടു ആവശ്യമായി ഇടപെടലുകള്‍ ഉറപ്പാക്കിയിരുന്നു. പോലീസ് എഫ്.ഐ.ആര്‍ ഇട്ട വിഷയത്തില്‍ കേന്ദ്ര മന്ത്രിക്കു പെട്ടന്ന് ഇടപെട്ട് ഒന്നും ചെയ്യാനാകില്ല. തുടര്‍ നടപടികളുടെ ഭാഗമായി എഫ്.ഐ.ആര്‍ റദ്ദാക്കുന്നകാര്യം ഉള്‍പ്പടെ പരിഗണിക്കുമെന്ന തരത്തിലാണ് സൈബര്‍ പോരാളികള്‍ പ്രചരിപ്പിക്കുന്നത്.
ഇതോടൊപ്പം കോതമംഗലത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനു കൃത്യമായ തെളിവ് ഉണ്ടായിട്ടും ഇടത് വലതു മുന്നണികള്‍ അത് മൂടിവെക്കാനാണ് ശ്രമിക്കുന്നതെന്നും ബി.ജെ.പി സൈബര്‍ ഗ്രൂപ്പുകള്‍ ആരോപിക്കുന്നു.
മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ളവ നടന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നും അതിനാല്‍ കേസ് എന്‍ഐഎ അന്വേഷിക്കണമെന്നുമാണു മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും നല്‍കിയ കത്തില്‍ പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യങ്ങള്‍ കുടുംബം സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വേണ്ടതെല്ലാം ചെയ്യുമെന്നാണു സുരേഷ് ഗോപി കുടുംബത്തിന് ഉറപ്പു നല്‍കിയിരിക്കുന്നത്.