/sathyam/media/media_files/2025/01/29/6U6OkzF0AwBl9OWkEPTV.jpg)
കോട്ടയം: വില കൂടേണ്ട സാഹചര്യത്തിലും വിലയിടിയുന്നു, നിരാശരായി റബർ കർഷകർ. ചതിച്ചത് അമേരിക്കയുടെ നികുതി പ്രഹരം.
റബർ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നവരും ചുങ്ക വിഷയത്തിൽ ആശങ്ക നേരിടുന്നു. കൈയുറകൾ, മാറ്റ്, വാഹനഘടകങ്ങൾ എന്നിവയ്ക് വലിയ വിപണിയാണ് അമേരിക്കയിലുള്ളത്. എന്നാൽ, അധിക തീരുവ വന്നതോടെ കടുത്ത പ്രതിസന്ധിയിലേക്കാണ് കമ്പനികൾ നീങ്ങുന്നത്.
ശരാശരി 7600 കോടി രൂപയുടെ കയറ്റുമതിയാണ് അമേരിക്കയിലേക്ക് ഇന്ത്യൻ റബർമേഖല നേടുന്നത്.
എന്നാൽ, ട്രംപിൻ്റെ ചുങ്ക പ്രഹരത്തിൽ എല്ലാം താളം തെറ്റിയ അവസ്ഥയിലാണ്. തായ്‌ലാൻഡ്, ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ ഉത്പാദക രാജ്യങ്ങൾ മഴ കാരണം റബറുത്പാദനം കുറച്ചിട്ടുണ്ട്.
വില കൂടേണ്ട സാഹചര്യം ഉണ്ടെങ്കിലും 190 രൂപയ്ക്കാണ് വ്യാപാരികൾ റബർ എടുക്കുന്നത്. റബർ ബോർഡ് വിലയാകട്ടേ 200 ന് മുകളിലും. മുതലെടുപ്പും ഇതിനൊപ്പം നടക്കുകയാണെന്നാണ് ഉൽപാദക സംഘങ്ങളുടെ ആരോപണം.
അന്താരാഷ്ട്ര വിപണി ഇതിലും മോശമായിനിന്ന സാഹചര്യത്തിൽ ബുക്കുചെയ്ത ചരക്ക് ഇന്ത്യയിലേക്ക് വരുന്നുണ്ട്. 40,000 ടണ്ണാണ് ഈ മാസം ഇറക്കുമതി ചെയ്യുന്നത്. പോയമാസം 30,000 ടൺ വന്നിരുന്നു.
ചുങ്ക പ്രശ്നത്തിൽ ചൈനീസ് ഏജൻസികൾ പിൻമാറിനിന്നതോടെ അന്താരാഷ്ട്ര വിലയിൽ തിരിച്ചുവരവ് മോശമായി. അവസരം മുതലെടുത്ത് ടയർ കമ്പനികൾ വൻതോതിൽ റബർ ബുക്ക് ചെയ്താൽ ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഇരട്ടിയാകും. ഇത് വീണ്ടും റബറിൻ്റെ വിലയിടിക്കും.