/sathyam/media/media_files/2025/08/14/ksrtc-erumeli-2025-08-14-14-49-36.jpg)
കോട്ടയം: കെ.എസ്.ആർ.ടി.സിയുടെ എരുമേലിയിലെ ഓപ്പറേറ്റിങ്ങ് സെന്റർ മാറ്റി സ്ഥാപിക്കാൻ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ നിർദ്ദേശിച്ചു. കാലപ്പഴക്കത്തെ തുടർന്ന് കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്നായിരുന്നു മന്ത്രിയുടെ ഇടപെടൽ.
അതേസമയം സ്ഥലം ഒഴിഞ്ഞു കൊടുക്കണമെന്ന പാലാ സബ് കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ നിവേദനത്തെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ ഉണ്ടായത്.
കെഎസ്ആർടിസി എരുമേലി ഓപ്പറേറ്റിങ് സെന്റർ ഉൾപ്പെടുന്ന സ്ഥലം സ്വകാര്യ വ്യക്തിയുടെ ആണെന്നും മൂന്ന് മാസത്തിനകം സ്ഥലം ഒഴിഞ്ഞു കൊടുക്കണമെന്നുമുള്ള പാലാ സബ് കോടതിയുടെ വിധി സ്റ്റേ ചെയ്യുന്നതിന് അപ്പീൽ ഹർജി നൽകുന്നത് സംബന്ധിച്ചു കെ.എസ്.ആർ.ടി.സി.യിൽ നടപടികൾ തുടങ്ങിയിട്ടുണ്ട്.
വകുപ്പ് മന്ത്രി, കോർപ്പറേഷൻ എം. ഡി, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് നിലവിലുള്ള സ്ഥിതിഗതികൾ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി നൽകാൻ നടപടികൾ ആയെന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥർ പറഞ്ഞു. പൊൻകുന്നം എടിഒ, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ മുഖേനെ ആണ് റിപ്പോർട്ട് ഉന്നത തലത്തിൽ നൽകുക. ഇതേതുടർന്ന് കോർപ്പറേഷൻ തലത്തിൽ മന്ത്രിയുമായി വിഷയം ചർച്ച ചെയ്യും.
അഡ്വക്കേറ്റ് ജനറൽ വഴി നിയമോപദേശം തേടിയ ശേഷമാകും അപ്പീൽ ഹർജി നൽകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമാവുക. അപ്പീൽ ഹർജി നൽകുന്നതിന് കോടതിയിൽ രണ്ട് ലക്ഷത്തിൽ പരം രൂപ അടയ്‌ക്കേണ്ടതായി വരുമെന്ന് സൂചനയുണ്ട്.
ഈ തുക നൽകുന്നതിന് വകുപ്പ് തല അനുമതിയും തീരുമാനവും വേണ്ടി വരും. അതേസമയം കേസിൽ കക്ഷി ചേരാനാണ് ദേവസ്വം ബോർഡ് ഒരുങ്ങുന്നത്. പാലാ സബ് കോടതിയിൽ നടന്ന വ്യവഹാരത്തിൽ ദേവസ്വം ബോർഡ് കക്ഷി ആയിരുന്നില്ല എന്നതിനാൽ പാലാ കോടതിയുടെ വിധിക്കെതിരെ ദേവസ്വം ബോർഡ് അപ്പീൽ ഹർജി നൽകിയാൽ മേൽക്കോടതിയിൽ സ്വീകര്യമാകില്ല എന്ന പ്രാഥമിക വിലയിരുത്തൽ ആണ് ദേവസ്വം ബോർഡിൽ ഉണ്ടായിരിക്കുന്നത്.