/sathyam/media/media_files/2025/08/14/channel-rating-this-week-4-2025-08-14-16-17-52.jpg)
കോട്ടയം: മലയാളം വാർത്താ ചാനൽ റേറ്റിങ്ങിൽ തുടർച്ചയായ രണ്ടാം ആഴ്ചയിലും ഒന്നാം സ്ഥാനത്ത് തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്. വി.എസിൻെറ വിയോഗം സംഭവിച്ച ആഴ്ചയിലെ റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട ഏഷ്യാനെറ്റ് കഴിഞ്ഞയാഴ്ചയാണ് ഒന്നാം സ്ഥാനത്തേക്ക് തിരികെ എത്തിയത്.
ഉത്തരാഖണ്ഡ് പ്രളയം, രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി വെളിപ്പെടുത്തൽ വാർത്താ സമ്മേളനം തുടങ്ങിയവ വാർത്തയായ ആഴ്ചയിൽ മികച്ച കണ്ടൻറുമായാണ് ഏഷ്യാനെറ്റ് ന്യൂസ് അജയ്യത തെളിയിച്ചത്.
ചാനൽ റേറ്റിങ്ങ് എജൻസിയായ ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌൺസിൽ (ബാർക്) പുറത്തുവിട്ട കേരള യൂണിവേഴ്സ് അടക്കമുളള എല്ലാ റേറ്റിങ്ങ് വിഭാഗത്തിലും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് മുന്നിൽ.
കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 96 പോയിൻറ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് എത്തിയത്. മുൻപുളള ആഴ്ചയിൽ 95 പോയിൻറുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് 1 പോയിൻറ് വർദ്ധിപ്പിച്ചാണ് ഒന്നാം സ്ഥാനത്ത് തുടർന്നത്.
ഈയാഴ്ചയും റിപോർട്ടർ ടിവി തന്നെയാണ് രണ്ടാം സ്ഥാനത്ത്. റിപോർട്ടർ ടിവിക്ക് യൂണിവേഴ്സ് വിഭാഗത്തിൽ 79 പോയിൻറാണുളളത്. രണ്ടാം സ്ഥാനക്കാരായ റിപോർട്ടറിൽ നിന്ന് 17 പോയിൻറ് ഉയരെയാണ് ഏഷ്യാനെറ്റ് ന്യൂസ് എന്നതിനാൽ ഈയാഴ്ചയിൽ ഒന്നാം സ്ഥാനം തീർത്തും ആധികാരികമാണ്.
മുൻ ആഴ്ചയിൽ 88 പോയിൻറ് ഉണ്ടായിരുന്ന റിപോർട്ടർ ടിവിക്ക് 9 പോയിൻറ് ഇടിവ് സംഭവിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താൻ കിണഞ്ഞ് പരിശ്രമിക്കുന്ന റിപോർട്ടറിന് ഈ ഇടിവ് കനത്ത നിരാശയാണ് സമ്മാനിക്കുന്നത്.
വലിയ വാർത്താ സംഭവങ്ങൾ ഉണ്ടാകുമ്പോഴല്ലാതെ ചാനലിലേക്ക് വൻതോതിൽ പ്രേക്ഷകരെ എത്തിക്കാൻ റിപോർട്ടറിന് കഴിയുന്നില്ല എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
വി.എസ് അച്യുതാനന്ദൻെറ വിയോഗം സംഭവിച്ച വാരത്തിൽ 191 പോയിൻറ് നേടിയ റിപോർട്ടർ ടിവി, തൊട്ടടുത്ത ആഴ്ചയിലെ റേറ്റിങ്ങിൽ 88 പോയിൻറിലേക്ക് കൂപ്പുകുത്തിയത് ഇതിൻെറ തെളിവാണ്.
രാഷ്ട്രീയ പാർട്ടികളോട് പക്ഷപാതിത്വം പുലർത്തുന്ന അവതാരകരും വിശ്വാസ്യതയില്ലാത്ത റിപോർട്ടർമാരുമാണ് റിപോർട്ടറിനെ ഈ ദുരവസ്ഥയിലേക്ക് തളളിവിടുന്നത്.
വലിയ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഗിമ്മിക്കുകൾ കാട്ടി പ്രേക്ഷകരെ പിടിച്ചിരുത്താമെങ്കിലും ഇതൊന്നും ഇല്ലാത്തയാഴ്ചകളിൽ ഗിമ്മിക്കുകളും സ്ക്രീനിലെ അഭ്യാസങ്ങളും വിലപ്പോവില്ല എന്നതും റിപോർട്ടറിന് പാഠമാകേണ്ടതാണ്.
റിപോർട്ടർ ടിവിയെ വെട്ടി രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാൻ കഷ്ടപ്പെടുന്ന ട്വൻറി ഫോറിന് ഈയാഴ്ചയും നിരാശ തന്നെ.തുടർച്ചയായി മൂന്നാം ആഴ്ചയിലും ചാനൽ മൂന്നാം സ്ഥാനത്താണ്. യൂണിവേഴ്സ് വിഭാഗത്തിൽ 71 പോയിൻറ് നേടിയാണ് ട്വൻറി ഫോർ മൂന്നാം സ്ഥാനത്ത് തുടരുന്നത്.
ചാനലിൻെറ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായരും മാധ്യമ ജീവിതത്തിൻെറ 40-ാം വാർഷികത്തിൻെറ ഭാഗമായുളള ലഹരി വിരുദ്ധ പരിപാടിയുടെ രണ്ടാം ഘട്ടത്തിലാണ് ട്വൻറി ഫോറിൻെറ ഊന്നൽ.
സ്ക്രീനിലും വാർത്താ ഷോയിലും മാറ്റം വരുത്തി റിപോർട്ടറിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്താൻ ട്വൻറി ഫോർ വലിയ പരിശ്രമം നടത്തുന്നുണ്ടെങ്കിലും ഈയാഴ്ചയും റിപ്പോർട്ടറിനേക്കാൾ 8 പോയിൻറ് പിന്നിലാണ്.
മുൻ ആഴ്ചയിൽ 76 പോയിൻറ് ഉണ്ടായിരുന്ന ട്വൻറി ഫോറിന് 5 പോയിൻറ് കുറയുകയും ചെയ്തു. ഒരോ വാർത്തകളെയും അവ അർഹിക്കുന്ന ഗൗരവ സ്വഭാവത്തിൽ കൈകാര്യം ചെയ്യാൻ കഴിയാത്തതാണ് ട്വൻറി ഫോറിൻെറ പ്രധാന ന്യൂനത. വാർത്താ അവതരണത്തെ ഷോ എന്നതിനപ്പുറത്തേക്ക് വളർത്താൻ ഇപ്പോഴിം ട്വൻറി ഫോറിന് കഴിയുന്നില്ല.
മൂന്നാഴ്ചയിലേറെയായി അഞ്ചാം സ്ഥാനത്ത് തുടരുന്ന മനോരമ ന്യൂസിനെയും കഷ്ടകാലം വിട്ടൊഴിഞ്ഞിട്ടില്ല. ഈയാഴ്ച പുറത്തുവന്ന റേറ്റിങ്ങിലും മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസിന് പിന്നിൽ അഞ്ചാം സ്ഥാനത്താണ്.
മനോരമയുടെ നാലാം സ്ഥാനം കൈയ്യടക്കിയ മാതൃഭൂമി ന്യൂസ്, മനോരമയുമായുളള പോയിൻറ് നിലയിലെ വ്യത്യാസം 5 ആയി ഉയർത്തുകയും ചെയ്തു.
കേരള യൂണിവേഴ്സ് വിഭാഗത്തില്‍ മാതൃഭൂമി ന്യൂസിന് 42 പോയിൻറും മനോരമ ന്യൂസിന് 37 പോയിൻറുമാണ് ലഭിച്ചത്. തൊട്ടുമുൻപുളള ആഴ്ചയിൽ ഇത് യഥാക്രമം 41 പോയിൻറും 39 പോയിൻറുമായിരുന്നു.
രാജീവ് ദേവരാജ് എക്സിക്യൂട്ടീവ് എഡിറ്ററായി വന്ന കാലത്ത് ഗൗരവമുളള വാർത്താശൈലി വിട്ട് ഡിജിറ്റൽ പ്ളാറ്റ്ഫോമിൽ സ്വീകാര്യത കിട്ടുന്ന വാർത്താശൈലിയിലേക്ക് തിരിഞ്ഞതാണ് ഇടക്കാലത്ത് മാതൃഭൂമി ന്യുസിനെ പിന്നോട്ടടിച്ചത്.
റേറ്റിങ്ങ് ഇടിഞ്ഞതോടെയാണ് രാജീവ് ദേവരാജിന് അബദ്ധം പറ്റിയെന്ന് മനസിലായത്. ഇതോടെയാണ് ഫുഡ്, ട്രാവൽ, പൊറൊട്ടയടി വാർത്തകളിൽ നിന്ന് മാറി വാർത്തകളെ ഗൗരവമായി സമീപിക്കാൻ തുടങ്ങിയത്.
മാതൃഭൂമി ന്യൂസ് ഉളളടക്കത്തിൽ മികവ് പുലർത്താൻ തുടങ്ങിയതോടെ മനോരമ ന്യൂസ് വീണു. കെട്ടിലും മട്ടിലും മാറ്റം വരുത്തിയിട്ടും മനോരമക്ക് രക്ഷയില്ല.
ന്യൂസ് മലയാളം 24x7 ആണ് റേറ്റിങ്ങിൽ ആറാം സ്ഥാനത്ത്. മുൻ ആഴ്ചയിലേക്കാൾ 1 പോയിൻറ് വർദ്ധിപ്പിച്ചാണ് ന്യൂസ് മലയാളം ആറാം സ്ഥാനം നിലനിർത്തിയത്.
17 പോയിൻറുമായി കൈരളി ന്യൂസ് ഏഴാം സ്ഥാനത്തുണ്ട്. 15 പോയിൻറുളള ന്യൂസ് 18 കേരളം എട്ടാം സ്ഥാനത്തും 9 പോയിൻറുമായി മീഡിയാ വൺ ഒൻപതാം സ്ഥാനത്തുമാണ്. ജനം ടിവിയുടെ റേറ്റിങ്ങ് ഈയാഴ്ചയും പുറത്ത് വന്നിട്ടില്ല.