/sathyam/media/media_files/2025/08/16/1001175399-2025-08-16-10-52-10.jpg)
കോട്ടയം: വിലയിൽ കുറവ് വരുത്തിയ കേര പായ്ക്കറ്റുകൾ വിപണിയിൽ എത്തിച്ചു തുടങ്ങി.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരഫെഡിന്റെ കേര വെളിച്ചെണ്ണ വില ലിറ്ററിന് 50 രൂപ കുറഞ്ഞിരുന്നു.
ലിറ്ററിന് 529 രൂപയായിരുന്ന കേര വെളിച്ചെണ്ണയുടെ വില ഇപ്പോൾ 479 ആയി. കുറഞ്ഞ നിരക്കിലുള്ള വെളിച്ചെണ്ണയാണ് കേരഫെഡ്വിപണിയിലെത്തിച്ചു തുടങ്ങിയത്.
എന്നാൽ, 529 രൂപയുടെ പായ്ക്കറ്റുകൾ ഇപ്പോഴും ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളിലും വിറ്റുപോയിട്ടില്ല. അതു വിറ്റുതീരാതെ പുതിയ വില കുറഞ്ഞ പായ്ക്കറ്റുകൾ കടയിൽ വെക്കുന്നത് വ്യാപാരികൾക്കു തിരിച്ചടിയാകും.
ഉയർന്ന വിലയുള്ള പായ്ക്കറ്റുകൾ പരമാവധി വിറ്റ് ഒഴിവാക്കാനാണ് വ്യാപാരികൾ ശ്രമിക്കുനത്.
അതേ സമയം, ഓണത്തോടനുബന്ധിച്ച് ലിറ്ററിന് 457 രൂപയ്ക്ക് രണ്ട് ലക്ഷം ലിറ്റർ വെളിച്ചെണ്ണ സപ്ലൈക്കോയ്ക്കും നൽകിയിട്ടുണ്ട്.
സപ്ലൈക്കോയുടെ ശബരി വെളിച്ചെണ്ണ സബ്‌സിഡി നിരക്കായ 349 രൂപയ്ക്കും ഉപഭോക്താക്കൾക്കു ലഭിക്കും. കേരഫെഡിന്റെയും സപ്ലൈകോയുടെയും ചേർത്ത് ഒരു റേഷൻകാർഡുടമയ്ക്ക് രണ്ട് ലിറ്റർ വെളിച്ചെണ്ണ കുറഞ്ഞ നിരക്കിൽ ലഭിക്കും.
ഓണക്കാലത്ത് വെളിച്ചെണ്ണ വില ലിറ്ററിന് 600 രൂപവരെയെത്തുമെന്നായിരുന്നു വിലയിരുത്തലുകൾ.
പിന്നീട് വെളിച്ചെണ്ണ വില കുറയുകയായിരുന്നു. ഗ്രാമീണമേഖലകളിലുള്ള ചെറുകിട വെളിച്ചെണ്ണ ഉത്പാദകരും മില്ലുകാരും ലിറ്ററിന് 400-450 രൂപ നിരക്കിലാണ് വെളിച്ചെണ്ണ വിൽക്കുന്നത്.
വൻകിട വെളിച്ചെണ്ണ ഉത്പാദകർ വിപണിയിൽനിന്ന് കൊപ്ര വാങ്ങുന്നതു കുറച്ചതോടെ വിപണിയിലേക്ക് കൊപ്ര എത്തിത്തുടങ്ങിയതാണ് വെളിച്ചെണ്ണവില പെട്ടന്നു കുറയാൻ ഇടയാക്കിയത്.